സംവിധായകന്‍ കാലേല്‍ വീണു, തമിഴ് റോക്കേഴ്‌സ് സിനിമ പിന്‍വലിച്ചു

തമിഴ് സിനിമയും തമിഴ് റോക്കേഴ്‌സും തമ്മിലുള്ള യുദ്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. തമിഴ് സിനിമാ സംഘടനകള്‍ ഒന്നടങ്കം വാളും പരിചയുമായി നിന്നിട്ടും തമിഴ് റോക്കേഴ്‌സ് നിരന്തരം സിനിമകള്‍ പുറത്തുവിട്ടുകൊണ്ടേയിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒരു സംവിധായകന്‍ കേണ് അപേക്ഷിച്ചപ്പോള്‍ അവര്‍ തമിഴ് റോക്കേഴ്‌സില്‍നിന്ന് സിനിമ എടുത്തു കളഞ്ഞു. വിശാലിനും കൂട്ടര്‍ക്കും ഭീഷണികൊണ്ടും ഭയപ്പെടുത്തല്‍ക്കൊണ്ടും സാധിക്കാതിരുന്നതാണ് സംവിധായകന്‍ തൊഴുകൈയ്യോടെനിന്ന് നേടിയെടുത്തത്.

ചെന്നൈ ടു സിംഗപ്പൂര്‍ എന്ന സിനിമ ഒരുക്കിയ സംവിധായകന്‍ അബ്ബാസ് അക്ബറാണ് തമിഴ് റോക്കേഴ്‌സിനോട് കേണ് അപേക്ഷിച്ചത്. തന്റെ സിനിമയ്ക്ക് ഒരു മാസത്തെ സമയമെങ്കിലും നല്‍കണമെന്നും എന്നാല്‍ മാത്രമെ മുടക്കുമുതല്‍ തിരികെ കിട്ടുകയുള്ളുവെന്നും അപേക്ഷിച്ചതിനെ തുടര്‍ന്ന് തമിഴ് റോക്കേഴ്‌സ് ഇയാളുടെ സിനിമ വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ചു.

പുതിയ സിനിമകളുടെ പൈറേറ്റഡ് കോപ്പികള്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാന്‍ കഴിയുന്ന വെബ്‌സൈറ്റാണ് തമിഴ് റോക്കേഴ്‌സ്. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങി ഇറങ്ങുന്ന പുതിയ സിനിമകളുടെ മുഴുവന്‍ പൈറേറ്റഡ് കോപ്പി ഇവിടെയുണ്ടാകും. വിശാല്‍ ഉള്‍പ്പെടെയുള്ള പല പ്രമുഖരും നിരവധി തവണ തമിഴ് റോക്കേഴ്‌സിനെ പൂട്ടിക്കാന്‍ നോക്കിയെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല.

തമിഴ് റോക്കേഴ് ചെന്നൈ ടു സിംഗപ്പൂര്‍ നീക്കം ചെയ്തതിന് പിന്നാലെ മറ്റ് പൈറസി വെബ്‌സൈറ്റുകളും സമാന മാതൃക പിന്തുടര്‍ന്നു. നിലവില്‍ ഈ സിനിമയുടെ പൈറേറ്റഡ് കോപ്പി ഡൗണ്‍ലോഡ് ചെയ്യാന്‍ ലിങ്ക് ലഭ്യമല്ല.