നാലു വര്‍ഷമാണ് അവര്‍ എനിയ്ക്കായി കാത്തിരുന്നത് ,ബാഗമതിയെപ്പറ്റി അനുഷ്ക ഷെട്ടി

ആരാധകര്‍ കാത്തിരിയ്ക്കുന്ന അനുഷ്‌ക ചിത്രമാണ് ബാഗമതി. അശോക് സംവിധാനം ചെയ്യുന്ന ഈ ചിത്രം റിപ്പബ്ലിക് ദിനത്തില്‍ തീയേറ്ററുകളിലെത്തും. വളരെ മുന്‍പ് തന്നെ പ്രഖ്യാപിച്ച ഈ സിനിമ ഇത്രയും വൈകാനുള്ള കാരണം വ്യക്തമാക്കി അനുഷ്‌ക തന്നെ രംഗത്തെത്തി. ഇന്നലെ ചെന്നൈയില്‍ വച്ചു നടന്ന പ്രമോഷന്‍ പരിപാടിയിലാണ് അനുഷ്‌ക ഇക്കാര്യം വെളിപ്പെടുത്തിയത്.

2012ലാണ് ഞാന്‍ ബാഗമതിയുടെ തിരക്കഥ ആദ്യമായി കേള്‍ക്കുന്നത്. ഏകദേശം അഞ്ചുവര്‍ഷങ്ങള്‍ക്കപ്പുറമായില്ലേ.ബാഹുബലി , രുദ്രമദേവി എന്നീ ചിത്രങ്ങളുടെ തിരക്കിലായിപ്പോയതിനാല്‍ ഡേറ്റു നല്‍കാന്‍ സാധിച്ചില്ല. അതിനു ശേഷം രജനികാന്തിന്റെ ലിങ്ക, സൈസ് സീറോ എന്നീ ചിത്രങ്ങള്‍ വന്നു.അപ്പോഴും ഈ തിരക്കഥ എനിയ്ക്കു മാറ്റി വയ്‌ക്കേണ്ടതായി വന്നു. എന്നാല്‍ യു വിക്രിയേഷന്‍സ് എനിയ്ക്കു വേണ്ടി 2016 വരെ കാത്തിരുന്നു. അവരെന്നില്‍ അര്‍പ്പിച്ചിരിയ്ക്കുന്ന വിശ്വാസമാണിത്. അനുഷ്‌ക പറഞ്ഞു.

അതേസമയം ചിത്രത്തിനായി അനുഷ്‌ക കഠിനാധ്വാനം ചെയ്‌തെന്നും അവരില്‍ തുടക്കം മുതല്‍ തന്നെ എല്ലാവര്‍ക്കും പൂര്‍ണ്ണവിശ്വാസമായിരുന്നെന്നും സംവിധായകന്‍ അശോക് വെളിപ്പെടുത്തി. ബാഗമതി സ്്ത്രീ കേന്ദ്രീകൃതമായ ഒരു ചരിത്രസിനിമയാണ്. മലയാള താരങ്ങളായ ഉണ്ണിമുകുന്ദന്‍, ജയറാം, ആശാശരത് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.