വിക്രം നായകനായി ഷൂട്ടിംഗ് ആരംഭിച്ച ചിത്രം; '24'നെ കുറിച്ച് സംവിധായകന്‍

ടൈം ട്രാവല്‍ പ്രമേയമാക്കി ഹോളിവുഡ് സ്‌റ്റൈലില്‍ എത്തിയ സിനിമയാണ് സൂര്യയുടെ “24”. സൂര്യ മൂന്ന് റോളുകളില്‍ എത്തിയ ചിത്രം നിരൂപക ശ്രദ്ധയ്‌ക്കൊപ്പം ബോക്‌സോഫീസിലും വിജയം നേടി. മികച്ച ഛായാഗ്രഹണം, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നിങ്ങനെ ദേശീയ അവാര്‍ഡുകളും ചിത്രത്തെ തേടിയെത്തിയിരുന്നു.

എന്നാല്‍ സൂര്യ ആയിരുന്നില്ല വിക്രം ആയിരുന്നു ചിത്രത്തിലെ നായകനാകേണ്ടിയിരുന്നത് എന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ വിക്രം കുമാര്‍ വെളിപ്പെടുത്തുന്നത്. നായകനായി ആദ്യം പരിഗണിച്ചത് വിക്രത്തെയാണ്. അദ്ദേഹത്തെ നായകനാക്കി ഷൂട്ടിംഗും ആരംഭിച്ചിരുന്നു. ഇല്യാന ഡിക്രൂസ് ആയിരുന്നു നായിക. ഹാരിസ് ജയരാജ് സംഗീത സംവിധായകനും.

ചില അജ്ഞാത കാരണങ്ങളാല്‍ ചിത്രം ഉപേക്ഷിക്കേണ്ടി വന്നു. ഈ സമയത്ത് സൂര്യ തന്റെ തെലുങ്ക് ചിത്രം “മാനം” കണ്ട് കാര്‍ത്തിയെയും ശിവകുമാറിനെയും നായകന്‍മാരാക്കി അത് റീമേക്ക് ചെയ്യാനുള്ള താല്‍പര്യം അറിയിക്കുകയായിരുന്നു. അപ്പോഴാണ് 24ന്റെ തിരക്കഥ സൂര്യയെ കേള്‍പ്പിക്കുന്നത്.

സൂര്യയ്ക്ക് അത് ഇഷ്ടപ്പെടുകയും ചെയ്യാമെന്നും നിര്‍മ്മിക്കാമെന്നും അറിയിക്കുകയായിരുന്നു. പിന്നീട് നിത്യ മേനോന്‍, സമാന്ത എന്നിവരെ നായികമാരായി തിരഞ്ഞെടുത്തു. എ.ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു എന്നാണ് വിക്രം ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള വര്‍ക്കിലാണെന്നും സംവിധായകന്‍ വ്യക്തമാക്കി.