അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലെ കറുപ്പും വെളുപ്പും

സോക്രട്ടീസ് കെ. വാലത്ത്

ആയിരത്തി തൊള്ളായിരത്തി എഴുപത്തിരണ്ടിലാണ്- പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ചലച്ചിത്ര വിദ്യാഭ്യാസം നേടിയ രണ്ടു ചെറുപ്പക്കാര്‍ മലയാള സിനിമയില്‍ സംവിധായകരായി തുടക്കം കുറിച്ചു. സിനിമയുടെ നടപ്പുരീതികളുമായി എന്നും കലഹിച്ച് സ്വതന്ത്രചിന്തയോടെ സിനിമ എടുത്ത ജോണ്‍ എബ്രഹാമും സാമ്പ്രദായിക രീതികള്‍ക്കകത്തു നിന്നു തന്നെ പുതിയ സിനിമാ അവബോധം സൃഷ്ടിച്ച അടൂര്‍ ഗോപാലകൃഷ്ണനും. ‘വിദ്യാര്‍ഥികളെ ഇതിലേ ഇതിലേ’ ആണ് ജോണ്‍ എബ്രഹാമിന്റെ ആദ്യ സംഭാവന. മധുവും ജയഭാരതിയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ആ സിനിമയിലൂടെ ജോണ്‍ എബ്രഹാമിന് യാതൊന്നും തന്നെ സംഭാവന ചെയ്യാനായില്ല.

എന്നാല്‍ അടൂരിന്റെ സ്വയംവരമാകട്ടെ ആ വര്‍ഷം ഇറങ്ങിയ 48 മലയാള സിനിമകളില്‍ നിന്ന് വിശ്വ സിനിമയുടെ വിഹായസ്സിലേക്കു പറന്നുയര്‍ന്നു. ‘പണിമുടക്ക്’, ‘ചെമ്പരത്തി’, ‘മാപ്പുസാക്ഷി’ എന്നീ മൂന്നു പി.എന്‍മേനോന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു സിനിമകള്‍ക്കിടയില്‍ സ്വയംവരം വേറിട്ട അനുഭവമായി. മധു തന്നെയായിരുന്നു അടൂരിന്റെ നായകനും. നായിക ശാരദയും. രണ്ടുപേരും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങള്‍.

പ്‌ളോട്ട് അഥവാ ഇതിവൃത്തത്തിന് വലിയ പ്രാധാന്യം നല്‍കിയാണ് അടൂര്‍ സിനിമാ ജീവിതം ആരംഭിച്ചത്. അന്നും ഇന്നും അതങ്ങനെ തന്നെ. ആഴമുള്ള കഥ. അതില്‍ നിന്നു ഒരു തച്ചന്റെ കരകൗശലത്തോടെ കൊത്തി മിനുക്കിയെടുക്കുന്ന ഉള്ളുറപ്പുള്ള തിരക്കഥ. ശേഷമാണ് സംവിധായകന്‍ എന്ന നിലയില്‍ അതിനെ സമീപിക്കുന്നത്.
സ്വയം വരം, കൊടിയേറ്റം( 1977), എലിപ്പത്തായം (1981), മുഖാമുഖം 1984) അനന്തരം (1987),മതിലുകള്‍ (1990), വിധേയന്‍ ( 1993), കഥാപുരുഷന്‍ (1995), നിഴല്‍ക്കൂത്ത് (2002), നാലു പെണ്ണുങ്ങള്‍ (2007), ഒരു പെണ്ണും രണ്ടാണും (2008), പിന്നെയും ( 2016) എന്നിങ്ങനെ 1972 മുതല്‍ 2016 വരെ 12 സിനിമകള്‍ അടൂരിന്റേതായുണ്ട്. മുപ്പത്തിയൊന്നാം വയസ്സു മുതല്‍ എഴുപത്തിയഞ്ചാം വയസ്സുവരെ ഉള്ള സുദീര്‍ഘമായ കാലയളവില്‍ ചെയ്ത സിനിമകള്‍. ഓരോ സിനിമകള്‍ക്കുമിടയില്‍ വലുതും ചെറുതുമായ ഇടവേളകളുണ്ട്. ഈ ഇടവേളകളിലും അല്ലാതെയുമായി 21 ഡോക്യുമെന്ററികളും ഒരു ഷോര്‍ട് മൂവിയും, ഒരു ഡോക്യുഡ്രാമയും അടൂര്‍ ഒരുക്കി. 44 വര്‍ഷത്തെ ഈ സംഭാവനകളില്‍ പലതും കടല്‍ കടന്നും ഖ്യാതി നേടി. എളുപ്പത്തില്‍ എണ്ണിത്തീര്‍ക്കാനാവാത്തത്ര പുരസ്‌കാരങ്ങളും നേടി.

‘കൊടിയേറ്റം’ മൂതല്‍ ‘പിന്നെയും’ വരെ

നായകവേഷത്തില്‍ ഗോപി ആദ്യമായി ജീവന്‍ നല്‍കിയ കഥാപാത്രമായ ‘കൊടിയേറ്റ’ത്തിലെ ശങ്കരന്‍ കുട്ടി അലസനായ ഒരു നാട്ടിന്‍ പുറത്തുകാരനാണ്. ആലസ്യമെല്ലാം വെടിഞ്ഞ് ജീവിതത്തിലേക്കുള്ള അയാളുടെ തിരിച്ചു വരവാണ് പ്രമേയം. അതിനു പ്രേരിപ്പിക്കുന്ന ചില കൊച്ചു കൊച്ചു കാര്യങ്ങള്‍ . ശരിക്കും അയാളുടെ ജീവിതത്തിന്റെ കൊടി ഉയരുന്നിടത്ത് കൊടിയേറ്റം ശൂഭം.
ഈ ശൂഭ ചിന്ത അടൂരിന് നാലു വര്‍ഷം കഴിഞ്ഞ് ‘എലിപ്പത്തായ’മെടുത്തപ്പോള്‍ കൈമോശം വന്നോ? ഇവിടെയും വിഷയം ഫ്യൂഡലിസത്തിന്റെ അലസതയാണ്. പോയ കാലത്തിന്റെ ഓര്‍മത്തണലില്‍ ഉണ്ടുറങ്ങിക്കഴിയുന്ന കരമന ജനാര്‍ദനന്‍ നായരുടെ ‘ഉണ്ണി’ തിരിച്ചു വരാനാവാത്ത വിധം സ്വയം ഉണ്ടാക്കിയ കെണിയില്‍ പെട്ടു പോവുകയാണ്.

1984-ല്‍ വന്ന നാലാമത് അടൂര്‍ ചിത്രം ‘മുഖാമുഖം’ പ്രമേയം കൊണ്ട് സ്വന്തം സിനിമകളെപ്പോലും അട്ടിമറിച്ചു. ഇന്ത്യന്‍ കമ്യൂണിസത്തിന്റെ ചരിത്രം, അക്കാലത്തെ വര്‍ത്തമാനം, അവിടെ നിന്നു കൊണ്ട് ഭാവിയിലേക്കുള്ള നോട്ടം -ഇതായിരുന്നു മുഖാമുഖം. അടൂര്‍ അന്നു കണ്ട, കാണിച്ചു തന്ന ആ ഭാവിയാണ് ഇന്നത്തെ ഇന്ത്യന്‍ കമ്യൂണിസത്തിന്റെ വര്‍ത്തമാനം. കാലാതിവര്‍ത്തിയായ ഭാവനയുള്ള യഥാര്‍ഥ കലാകാരനാണ് താനെന്ന് അടൂര്‍ തെളിയിച്ചു. റേഡിയോ ആര്‍ടിസ്റ്റ് പി. ഗംഗയായിരുന്നു നിശ്ചലമായ ഇന്ത്യന്‍ കമ്യൂണിസത്തിന്റെ ജീവല്‍പ്രതീകമായ സഖാവ് ശ്രീധരന് ജീവന്‍ നല്‍കിയത്. റഷ്യന്‍ പാര്‍ലമെന്റില്‍ പോലും മുഖാമുഖം ചര്‍ച്ച ചെയ്യപ്പെട്ടു എന്നത് ആ പ്രമേയം സ്വീകരിക്കാന്‍ അടൂര്‍ കാണിച്ച ധീരതയ്ക്കുള്ള കയ്യടിയാണ്.

ശേഷം പ്രധാന കഥാപാത്രങ്ങളെ മുഖ്യധാരാ സിനിമയിലെ താരങ്ങളെ ഏല്‍പ്പിച്ചു കൊണ്ടുള്ള അടൂര്‍ സിനിമ വന്നു- ‘അനന്തരം’. അശോകന്‍, മമ്മൂട്ടി, ശോഭന. ക്രമം തെറ്റിയുള്ള കഥാഗതി. അജയന്‍ എന്ന യുവാവിന്റെ സത്യമേത് സങ്കല്‍പ്പമേതെന്ന് അവനു തന്നെ തിട്ടമില്ലാത്ത ചില ചിന്തകളുടെ ശിഥിലമായ കാഴ്ചകള്‍. പ്രമേയത്തിലെ ഈ സങ്കീര്‍ണതയെ ഭംഗിയായി കുരുക്കഴിക്കാന്‍ അടൂരിന് സ്വന്തം തിരക്കഥാപാടവം കൊണ്ടു സാധിച്ചു. ശോഭനയ്ക്കും മമ്മൂട്ടിക്കും ആ സിനിമയിലെന്താണു ചെയ്യാനുണ്ടായിരുന്നത് എന്ന ചോദ്യം ഇന്നും ബാക്കി.

ഗോപിയെ, കരമനയെ, പി. ഗംഗയെ മലയാള സിനിമയിലെത്തിച്ച അടൂര്‍ രണ്ടു തവണ കൂടി മമ്മൂട്ടിയുടെ താരപ്പൊലിമ കടമെടുത്തു. മതിലുകളും വിധേയനും. പക്ഷേ, അതില്‍ അപാകത തോന്നിയില്ല. ബഷീറിന്റേയും സക്കറിയയുടെയും കഥാപാത്രങ്ങളെ താരബാധയിറക്കി വച്ചു തന്നെ മമ്മൂട്ടി അഭിനയിച്ച് ജ്വലിപ്പിച്ചു. പിഴവു പറ്റിയെങ്കില്‍ അതു അടൂരിനാണ്. അതും മതിലുകളില്‍. ചിത്രം ചെയ്തു വന്നപ്പോള്‍ ശബ്ദത്തില്‍ മാത്രം ബഷീര്‍ ഒതുക്കിയ നായികയെ- പല പല രൂപഭാവങ്ങളില്‍ വായനക്കാര്‍ സങ്കല്‍പ്പിച്ച, അങ്ങനെ ഏറെ വലുതായി പോയ ആ നാരായണിയെ, സിനിമയ്ക്കു സുപരിചിതയായ ഒരു നടിയിലേക്ക് അടൂര്‍ ഒതുക്കി. കഥയിലൂടെ സ്വാതന്ത്ര്യം എന്നത് യഥാര്‍ഥത്തില്‍ ഇല്ലാത്തതും ഒരിടത്തും ഉണ്ടാക്കാനാവാത്തതുമായൊരു സങ്കല്‍പ്പം മാത്രമാണെന്നു ബഷീര്‍ പറയാതെ പറഞ്ഞു വയ്ക്കുന്നുണ്ട്. കഥയില്‍ സ്വാതന്ത്ര്യസമരകാലത്തെ സമര്‍ഥമായി പശ്ചാത്തലത്തിലേക്ക് ഒതുക്കിയിട്ടുമുണ്ട്്. ഇതു രണ്ടും അടൂര്‍ ശ്രദ്ധിച്ചില്ല. അതുകൊണ്ട് കഥ ലോകമെങ്ങുമുള്ള എല്ലാ മതിലുകള്‍ക്കപ്പുറത്തേക്കും, എവിടെ അസ്വാതന്ത്ര്യത്തില്‍ ഞെരുങ്ങുന്ന പ്രണയമുണ്ടോ അവിടങ്ങളിലേക്കും പറന്നു ചെന്നു-ഇന്നും ചെല്ലുന്നു. അടൂരിന്റെ മതിലുകള്‍ ആകട്ടെ കെപിഎസി ലളിതയുടെ ശബ്ദവും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ കിറുകൃത്യമായ പ്രതീകസൂചകങ്ങളും കൂടി കെട്ടിപ്പൊക്കിയ മതില്‍ക്കെട്ടിനിപ്പുറം ഇന്നും തടഞ്ഞു നില്‍ക്കുന്നു.

വിധേയനിലും അടൂര്‍ കണ്ടത് അസ്വാതന്ത്ര്യമാണ്. ഭാസ്‌കരപട്ടേലരില്‍ പെട്ടു കിടക്കുന്ന തൊമ്മി എന്ന വിധേയന്റെ അസ്വാതന്ത്ര്യം. മമ്മൂട്ടിയുടെ എക്കാലത്തെയും മികവുറ്റ പ്രകടനങ്ങളില്‍ ഒന്ന്. നടന്‍ ഗോപകുമാറിന്റെയും. സക്കറിയയുടെ ‘ഭാസ്‌കരപ്പട്ടേലരും ഞാനും’ എന്ന ചെറിയ എന്നാല്‍ അല്‍പ്പം നീണ്ട കഥയുടെ ചലച്ചിത്രാവിഷ്‌കാരം. അക്ഷരങ്ങളിലൂടെ ഒരു എഴുത്തുകാരന്‍ ഭാവനയും പേനയും കൊണ്ടു മെനഞ്ഞെടുക്കുന്ന ലോകത്തെ മറികടക്കാന്‍ ദൃശ്യ ശ്രാവ്യ സംഗീത നടനസാധ്യതകളുടെയൊക്കെ സഹായം വേണ്ടുവോളമുണ്ടായാലും ഒരു സംവിധായകന് എളുപ്പമല്ല എന്ന് വിധേയനും തെളിയിച്ചു.

എട്ടാമത്തെ സിനിമയ്ക്കു വിഷയമായി അടൂര്‍ വീണ്ടും സമീപിച്ചത് കേരളാ രാഷ്ട്രീയത്തെയാണ്. ‘കഥാപുരുഷന്‍’. ഇടതുപക്ഷ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന കഥാപുരുഷനില്‍ സ്വതന്ത്ര്യത്തിനു മുമ്പുള്ള പത്തു വര്‍ഷം മുതല്‍ എണ്‍പതുകളിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണകാലം വരെയുള്ള സാമൂഹിക ചരിത്രം കയറിയിറങ്ങിപ്പോകുന്നത് മനോഹരമായ കാഴ്ചയാണ്. കമ്യൂണിസത്തില്‍ നിന്ന് പൊട്ടിയടര്‍ന്നുണ്ടായ തീവ്ര രാഷ്ട്രീയം വിലയിരുത്തപ്പെടുന്നു എന്നതാണ് മുഖാമുഖവുമായി കഥാപുരുഷനുള്ള പ്രധാന വ്യത്യാസം. വേറിട്ടൊരു കഥപറച്ചില്‍ രീതി. പി. ഗംഗയുടെ ക്‌ളോസ് അപ്പില്‍ ആ നടന്‍ വേഷമിട്ട കഥാപാത്രം ഒരു പഴങ്കഥ പറയുന്നിടത്തു നിന്ന് സിനിമ തുടങ്ങുന്നു. ഒരു രാക്ഷസന്റെയും കാട്ടില്‍ റാണിയോടും മകനോടും ഒപ്പം ഒറ്റപ്പെട്ടു പോയൊരു രാജകുമാരന്റെയും കഥ. ഒരു നിര്‍ണായക സന്ധിയില്‍ വച്ച് കഥ മുറിയുന്നു- സിനിമ തുടങ്ങുന്നു. സിനിമ തീര്‍ന്ന ശേഷം മുറിഞ്ഞുപോയ കഥ തുടരുന്നിടത്താണ് അടൂര്‍ വിരാമമിടുന്നത്. പഴങ്കഥയും സിനിമയും പരസ്പര പൂരകങ്ങളാകുന്നു. കഥാന്ത്യത്തിലെ നായകന്റെ ചിരിയും അതു കണ്ട് അയാളുടെ ഭാര്യയും മകനും ചിരിക്കുന്നതും ചിരി തുടരുന്നതും ഫാസിസത്തിനെതിരെയുള്ള മുഴങ്ങുന്ന പ്രതിരോധമാക്കി മാറ്റാന്‍ സംവിധായകന്‍ എന്ന നിലയില്‍ അടൂരിനു കഴിഞ്ഞു. ഒടുവില്‍ ഉണ്ണികൃഷ്ണന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡു നേടിക്കൊടുത്ത നിഴല്‍ക്കൂത്ത് രണ്ടു നിസ്സഹായതകളുടെ കൂട്ടിമുട്ടലാണ്. കഴുമരത്തിലേറേണ്ടി വരുന്ന ഒരു നിരപരാധിയും അവനല്ല പ്രതിയെന്നറിഞ്ഞു കൊണ്ട് അവനെ കുരുക്കിടാന്‍ വിധിക്കപ്പെട്ടൊരു ആരാച്ചാരും തമ്മിലുള്ള നേര്‍ക്കുനേര്‍.

തുടര്‍ന്നു മൂന്നു സിനിമകള്‍ കൂടി അടൂര്‍ ഗോപാലകൃഷ്ണന്റേതായുണ്ട്. ‘നാലുപെണ്ണുങ്ങള്‍’, ‘ഒരു പെണ്ണും രണ്ടാണും’, ‘പിന്നെയും’. ഇങ്ങനെ മൂന്നു ചിത്രങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന വിശ്വചലച്ചിത്ര പ്രതിഭയില്‍ നിന്നുമുണ്ടായിട്ടില്ലാ എന്നു വിചാരിക്കാനാവും ഒരു തികഞ്ഞ അടൂര്‍ ആരാധകനായ പ്രേക്ഷകന്‍ പോലും ആഗ്രഹിക്കുക.

ഒടുവിലായി സ്വയംവരം

എന്തുകൊണ്ട് ഈ വിശകലനത്തില്‍ അടൂരിന്റെ ആദ്യ സിനിമയായ സ്വയം വരത്തെ കുറിച്ച് ഒടുവില്‍ മാത്രം പറയുന്നു? ആദ്യമായും അവസാനമായും അടൂര്‍ ചിത്രങ്ങളില്‍ നിന്നും സ്വയംവരം എന്ന ബ്‌ളാക് ആന്റ് വൈറ്റ് സിനിമ അനന്യവും അതിശയകരവുമായ അനുഭൂതി പകര്‍ന്നു കൊണ്ട് വളരെ വളരെ ഉയരത്തില്‍ തന്നെ നില്‍ക്കുന്നു എന്നതു കൊണ്ടു തന്നെ. 1969-72 കാലങ്ങളില്‍ സത്യന്‍- മധു-നസീര്‍-ഷീല-ശാരദാതരംഗങ്ങള്‍ അലയടിക്കുമ്പോള്‍ അവരില്‍ രണ്ടു താരങ്ങളെ അടര്‍ത്തിയെടുത്ത് അടൂര്‍ മലയാള സിനിമയുടെ ഭാഷ തന്നെ മാറ്റിക്കളഞ്ഞു. ആ ദൃശ്യഭാഷയാകട്ടെ ഇന്നും പുതുമയോടെ പുലരുകയും ചെയ്യുന്നു. വാണിജ്യ സിനിമയുടെ ചതുരക്കള്ളിയില്‍ നിന്ന് മധുവിനെയും ശാരദയെയും ജീവിതയാഥാര്‍ഥ്യങ്ങളുടെ തുറസ്സിലേക്ക് അടൂര്‍ ധീരമായി ഇറക്കി നിര്‍ത്തി. അവര്‍ വിശ്വവും സീതയുമായി. വീടു വിട്ടു പോന്ന രണ്ടു കമിതാക്കള്‍. ഏതോ നഗരത്തിലേക്കുള്ള അവരുടെ നീണ്ട യാത്രയിലെ അഞ്ചു മിനിറ്റും പതിനെട്ടു സെക്കന്റും നീളമുള്ള ഒരു യാത്രയില്‍ നിന്നാണ് സ്വയംവരം തുടങ്ങുന്നത്. അവിടെ സംഭാഷണങ്ങളൊന്നുമില്ല. ഉള്ളത് ടാര്‍ന്‍സ്‌പോര്‍ട്ട് ബസ്സിന്റെ ശബ്ദം മാത്രം. കടന്നു പോകുന്ന മറ്റു വാഹനങ്ങളുടെയും.

സിനിമ ശബ്ദത്തിന്റെ കൂടി കലയാണ് എന്ന ഓര്‍മിപ്പിക്കലായി അത്. ശബ്ദം എന്നാല്‍ ഇടതടവില്ലാത്ത സംഭാഷണവും കാതടപ്പിക്കുന്ന പിന്നണിസംഗീതവും മാത്രമല്ലെന്നും ദൃശ്യത്തോളം തന്നെ ആശയവിനിമയ സാധ്യത ശബ്ദത്തിനുമുണ്ടെന്നും ഓരോ നേര്‍ത്ത ശബ്ദവും സൗന്ദര്യത്തടെ സന്നിവേശിപ്പിച്ചു കൊണ്ട് അടൂര്‍ അന്നേ തെളിയിച്ചു. ഓരോ സീനിലും കഥ നടക്കുമ്പോഴും സീനിനു പുറത്തുള്ള ശബ്ദങ്ങള്‍ അടൂര്‍ അലോസരമേതുമില്ലാതെ സീനില്‍ ഉള്‍ക്കൊള്ളിച്ചു. സീനിലില്ലാത്ത എന്നാല്‍ കഥ നടക്കുന്ന ആ പരിസരത്തിന്റെ സ്വഭാവവും അവിടത്തെ ജീവിതവും ദേവദാസിന്റെ കിടയറ്റ ശബ്ദമിശ്രണത്തിലൂടെ നമ്മുടെ ബോധത്തിലെത്തിക്ക് എത്തിച്ചു.

കാച്ചിക്കുറുക്കിയെഴുതിയ തിരക്കഥ പൂര്‍ണ്ണമായ ഒരു ദൃശ്യാനുഭവമാക്കി മാറ്റുന്നത് ഈ മിതത്വം വീടാതെ തന്നെയുള്ള ശബ്ദസന്നിവേശത്തിലൂടെയാണ്. ലൊക്കേഷനിലെ സംഭാഷണമടക്കമുള്ള ശബ്ദങ്ങളെ സിങ്ക് സൗണ്ടിലൂടെ ദൃശ്യത്തിലേക്കു ചേര്‍ക്കുന്ന ഈ പുതു തലമുറക്കാലത്തു നിന്നു വേണം അന്നത്തെ അടൂരിലേക്കു നോക്കാന്‍. ശബ്ദ സന്നിവേശ കലാകാരന്‍മാരായ ദേവദാസിന്റെയും കൃഷ്ണനുണ്ണിയുടെയും ഒക്കെ സഹായത്തോടെ അടൂര്‍ കടലിരമ്പവും കാറ്റും പോലുള്ള പ്രകൃതിയുടെ ശബ്ദങ്ങളത്രയും അതും ഓരോരോ കാലാവസ്ഥാഭേദങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ കിറുകൃത്യമായി റക്കോഡു ചെയ്ത് ഉള്‍പ്പെടുത്തുകയായിരുന്നു.

സീനുകളുടെ പ്രസക്തിക്കനുസൃതമായി ചെര്‍ത്ത ശബ്ദങ്ങളുടെ നീണ്ട നീര തന്നെയുണ്ട് സ്വയംവരത്തില്‍. വിശ്വവും സീതയുമായുള്ള ആദ്യരതിയില്‍ തെരുവില്‍ നിന്നു കേള്‍ക്കുന്ന ശവഘോഷയാത്രയിലെ ഭജന, രതിതൃഷ്ണയുടെ തീക്ഷ്ണത സൂചിപ്പിക്കുന്ന കടല്‍ത്തിര, മേശപ്പുറത്ത് മദ്യക്കുപ്പികള്‍ വയ്ക്കുന്നതിന്റെ, സീനിലില്ലാത്ത ക്‌ളാസ് മൂറിയില്‍ നിന്നുള്ളത്, ഈര്‍ച്ച മില്ലിന്റെ തുടങ്ങി ചിത്രാന്ത്യത്തിലെ വാതിലിലുള്ള തുടര്‍ച്ചയായ മുട്ടുകള്‍ വരെ സ്വയംവരത്തെ തികഞ്ഞ ശബ്ദാനുഭവം കൂടിയാക്കി മാറ്റിയിരിക്കുന്നു.

തിരക്കഥയില്‍ ഡീറ്റെയ്ല്‍സ് ഒഴിവാക്കിക്കൊണ്ടു തന്നെ എങ്ങനെ അത് ധ്വനിപ്പിക്കാം എന്നതിനുള്ള പാഠപുസ്തകമാണ് അടൂര്‍ തിരക്കഥകള്‍. സ്വയംവരത്തില്‍ സീതയുടെയും വിശ്വത്തിന്റെയും ഒളിച്ചോട്ടം ഒരു ഹോട്ടല്‍ മുറിയിലവസാനിക്കുമ്പോള്‍ അവര്‍ പരസ്പരം പുണര്‍ന്നു നില്‍ക്കുമ്പോള്‍ കാമുകന്റെ മാറില്‍ മുഖം ചായ്്്ത്തു നില്‍ക്കുന്ന സീതയുടെ ഷോട്ടില്‍ നിന്നും പെട്ടെന്ന് രണ്ടോ മൂന്നോ കട്ട് ഷോട്ടുകള്‍ മിന്നി മാഞ്ഞു പോകുന്നുണ്ട്. അത് സത്യന്‍-ഷീല, നസീര്‍-ശാരദ എന്നിവര്‍ ചേര്‍ന്നു നില്‍ക്കുന്ന ചില സിനിമാ പോസ്റ്ററുകളാണ്. അതിലൂടെ വീടു വിട്ടു പോന്ന, യാഥാര്‍ഥ്യ ബോധമില്ലാത്ത നായികയുടെ കാല്‍പ്പനികമായ മനസ്സ് നമുക്കു കാണിച്ചു തരുന്നതല്ലാതെ അവളുടെയോ അവന്റെയോ അതുവരെയുള്ള കാര്യങ്ങളൊന്നും തന്നെ അടൂര്‍ പറയുന്നില്ല. ഗോപി അവതരിപ്പിച്ച പിരിച്ചു വിടപ്പെട്ട തൊഴിലാളിയുടെ ജീവിതം ഒന്നു രണ്ടു സീനുകള്‍ കൊണ്ട് ഇന്നും തീക്ഷ്ണമായ അനുഭവമാക്കി നിര്‍ത്താന്‍ അടൂരിന് കഴിഞ്ഞതും തിരക്കഥയുടെ സംക്ഷിപ്തതയിലൂടെയാണ്.

മുപ്പത്തിയൊന്നാം വയസ്സില്‍ അടൂര്‍ തിരശ്ശീലയിലെഴുതിയ കവിതയാണ് സ്വയംവരമെന്ന ദുരന്തപ്രണയകഥ. അവിടെ നിന്നിങ്ങോട്ടുള്ള പന്ത്രണ്ടു സിനിമകളിലും തന്റെ ദൃശ്യശ്രാവ്യ ബോധം വിട്ടുവീഴ്ചകള്‍ക്ക് ഇടനല്‍കാത്ത വിധത്തില്‍ അടൂര്‍ കാത്തു പോരുന്നു. ഇടക്കാലത്തു പക്ഷേ, മാറിയ കാലത്തിനും സമൂഹത്തിനുമൊപ്പം പോകാതെ പൂര്‍വകാലസമൃതികളില്‍ അഭിരമിക്കുന്ന ചില പ്രമേയങ്ങളിലേക്കു അടൂര്‍ ഗോപാലകൃഷ്ണന്‍ വഴിമാറി എന്നതും ചൂണ്ടിക്കാണിക്കേണ്ട വസ്തുത തന്നെയാണ്.