അബോധ മനസ്സിന്റെ  അത്ഭുതം തേടുന്ന നിഴൽ 

സാലിഹ് റാവുത്തർ 

മഹാഭാരതത്തിൽ പരീക്ഷിത്ത് എന്നൊരു രാജാവിന്റെ കഥയുണ്ട്. ഗർഭസ്ഥശിശുവായിരിക്കുമ്പോൾ കേൾക്കാനിടയായ കാര്യങ്ങൾ അദ്ദേഹത്തിന് ഓർമ്മയുണ്ടായിരുന്നത്രെ. സയൻസിലേക്കു വരുമ്പോൾ..  മനുഷ്യർ ഉറങ്ങുമ്പോൾ കേൾക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ അതിനോട് പ്രതികരിക്കുന്നതെങ്ങനെ എന്നെല്ലാം പഠനവിഷയമായിട്ടുള്ളതാണ്. ഉറക്കത്തിൽ കേൾവിശക്തിയുണ്ടെന്നും ചിലപ്പോഴെല്ലാം ഉണർച്ചയിൽ പഠിക്കുന്നതുപോലെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ടെന്നും മനഃശാസ്ത്രകാരന്മാർ അഭിപ്രായപ്പെടുന്നു. പാരീസിലെ
ഇക്കോ നോർമൽ സുപ്പീരിയർ സ്‌കൂളിൽ നടത്തിയ ഒരു പഠനത്തിൽ അടുത്തകാലത്ത് ഈ പ്രതിഭാസം വീണ്ടും തെളിയിക്കുകയുണ്ടായി. ഉറക്കത്തിൽ കേൾക്കുന്ന ഭാഷണങ്ങൾ ചിലപ്പോൾ സ്വപ്‌നം തന്നെയായി മാറുന്നു. ഹിപ്നോ പീഡിയ എന്നൊരു വാക്കു തന്നെ ഉപയോഗത്തിൽ വന്നിട്ടുണ്ട്.

ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയ ജോൺ ബേബി (കുഞ്ചാക്കോ ബോബൻ) തന്റെ അധ്യാപികയായ സുഹൃത്തിന്റെ  വിദ്യാർത്ഥി  എഴുതിവെച്ച വിചിത്രമായ ചില വരികളെ കുറിച്ചറിയാൻ ജിജ്ഞാസ കാട്ടുന്നു. പ്രോട്ടോക്കോളിന് പുറത്തുള്ള അനാവശ്യമായ ഈ അന്വേഷണത്തിന്റെ പേരിൽ അയാൾ പഴിയും പരിഹാസവുമൊക്കെ കേൾക്കുന്നുണ്ടെങ്കിലും പിന്മാറാൻ തയ്യാറാകുന്നില്ല.  കൊല്ലങ്ങൾക്കു മുമ്പുള്ള ചില മാൻ മിസ്സിംഗ് കേസുകളിലേക്കും ആരുമറിയാതിരുന്ന കൊലപാതകത്തിന്റെ വിവരങ്ങളിലേക്കെല്ലാമാണ്  അയാൾ പിന്നീട് നയിക്കപ്പെടുന്നത്.
ബാലസഹജമായ നിഷ്കളങ്കതയ്ക്കപ്പുറം നിൽക്കുന്ന സൂചനകൾ കുട്ടി തരുന്നതെങ്ങനെ എന്ന ചോദ്യത്തിനുത്തരം തേടുന്ന പ്രേക്ഷകർ പരേതരുടെ ഇടപെടലാണ് പ്രതീക്ഷിക്കുന്നത്. അതീന്ദ്രീയമെന്നോ നെക്രോമാന്റിക് (പരേതഭാഷണം) എന്നോ ഒക്കെ സംശയം തോന്നിക്കുമെങ്കിലും കഥ ചെല്ലുന്നത്  കൂടുതൽ ശാസ്ത്രീയ വിശദീകരണം തേടിയാണ്.

ഓജോ ബോർഡി (സിനിമയിലില്ല) നെ കുറിച്ചുള്ള സയന്റിഫിക് റിവീലേഷനുമായി സാമ്യമുള്ളതാണ് കുട്ടിയിൽ വിവരങ്ങൾ എത്തിപ്പെടുന്നതിനെ കുറിച്ചുള്ള കണ്ടെത്തൽ.
ആകാംക്ഷയുടെ വിവിധഘട്ടങ്ങൾ പിന്നിട്ട് കഥ എത്തുന്നത് ഒരിക്കലും പുറത്തറിയാൻ  സാദ്ധ്യതയില്ലാതിരുന്ന ചില സത്യങ്ങളിലേക്കാണ്.

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര വീണ്ടും  മലയാളത്തിലെത്തിയ നിഴലിൽ  കുഞ്ചാക്കോ ബോബനിൽ നല്ലൊരു നടനെ കണ്ടെത്താനുള്ള ശ്രമം നടന്നിട്ടുണ്ട് എന്നത്  അഭിനന്ദനീയമാണ്. എടുത്തുപറയേണ്ട മറ്റൊന്ന് സൂരജ് എസ് കുറുപ്പിന്റെ ബിജിഎം  ആണ്. ദീപക് ഡി. മേനോന്റെ ക്യാമറ “ലോ ഓഫ് തേർഡ്‌സ്” പാലിക്കുന്നതിൽ ശ്രദ്ധവെയ്ക്കുന്നു.

ആന്റോ ജോസഫ്, അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ് എന്നിവർ ചേർന്നു നിർമ്മിച്ച് എസ് സഞ്ജീവ് തിരക്കഥയെഴുതിയ  നിഴൽ അപ്പു എൻ ഭട്ടതിരിയുടെ ആദ്യ സംവിധാന സംരംഭമാണ്.