'നായാട്ട്' തരുന്നത് മുന്നറിയിപ്പാണ്. 

സാലിഹ് റാവുത്തർ

ഏതൊരു ഭരണസംവിധാനത്തിലും പോലീസ്  പ്രജയുടെ അല്ലെങ്കിൽ പൗരന്റെ ആദ്യ ആശ്രയവും ധൈര്യവുമാണെന്നാണ് സങ്കല്പം. എന്നാൽ മൂന്നാം ലോകരാജ്യങ്ങളെ സംബന്ധിച്ച് അത് പലപ്പോഴും അധികാരത്തിന്റെ മർദ്ദനോപാധിയായി മാറുന്നു.
ഏറ്റവും  കുപ്രസിദ്ധി ഇക്കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഡെമോക്രസിക്കുതന്നെ.  പോലീസ് സേനയിലേക്ക്  നന്മ നിറഞ്ഞ പതിനായിരം പേരെ റിക്രൂട്ട്  ചെയ്താലും ഭരണകൂടത്തിന്റെ നിഴൽ പതിക്കുന്ന കാലത്തോളം  അതിന് മോചനമില്ല.

മാർട്ടിൻ പ്രക്കാട്ടിന്റെ “നായാട്ട്” എന്ന ചിത്രത്തെ  ഒറ്റവാക്യത്തിൽ നിർവ്വചിച്ചാൽ കൂലിവേട്ടക്കാർ വേട്ടയാടപ്പെടുമ്പോൾ കൂടുതൽ നിസ്സഹായരായിരിക്കും എന്നാണ്.

ഒരപകടമരണത്തിന്റെ പേരിൽ മനസ്സറിയാതെ  നിരപരാധികളായ പോലീസുകാർ വേട്ടയാടപ്പെടുമ്പോൾ അവർ കൂടി അംഗങ്ങളായ പോലീസിനുപോലും
അവരെ രക്ഷിക്കാൻകഴിയുന്നില്ല. നിലനില്പിനുവേണ്ടി  യജമാനന്മാർക്കായി ചെയ്തുകൊടുക്കേണ്ടിവന്ന നേരിനു നിരക്കാത്ത പലതും തിരിഞ്ഞുകൊത്തുകയാണ്
മണിയൻ (ജോജു വർഗീസ് ) എന്ന പോലീസ് ഉദ്യോഗസ്ഥനെ.  അതേസമയം  കർത്തവ്യബോധമാണ്  പ്രവീൺ  മൈക്കിളിനെ (കുഞ്ചാക്കോ ബോബൻ ) കുഴപ്പത്തിലാക്കുന്നത്.  സഹപ്രവർത്തകയായ സുനിതക്ക് (നിമിഷ സജയൻ) ധാർമ്മികപിന്തുണ കൊടുക്കുക  മാത്രമേ ഇരുവരും  ചെയ്ത കുറ്റമുള്ളൂ. പക്ഷെ പിന്നീടു നടക്കുന്നതോന്നും തന്നെ ആർക്കും അസംഭവ്യം എന്ന് തള്ളിപ്പറയാൻ കഴിയുന്നകാര്യങ്ങളല്ല.

സ്വാതന്ത്ര്യബോധവും  വിപ്ലവവുമെല്ലാം മനുഷ്യചരിത്രത്തിലെ പോസിറ്റിവ് ആയ ഭാഗങ്ങളാണ്. എന്നാൽ ഒരുവശത്ത്  അതിന്റെ അതിരുലംഘിച്ച് വളർന്നുനിൽക്കുന്ന
സ്വത്വബോധം ഉറഞ്ഞുകൂടുമ്പോഴുണ്ടാകുന്ന നിയമവാഴ്ചയെ വെല്ലുവിളിക്കാനുള്ള ത്വരയും മറുവശത്ത് ഗവണ്മെന്റ് മെഷീനറിയുടെ സമ്മർദ്ദവും ചേരുമ്പോൾ സംഭവിക്കുന്ന ദുരന്തമാണ് നായാട്ട്.

ഏറ്റവും സങ്കീർണ്ണമായ ഡെമോഗ്രഫി നിലനിൽക്കുന്ന നമ്മുടെ നാട്ടിൽ അതിനനുസരിച്ച് വിത്തുപാകിയാണ് രാഷ്ട്രീയക്കാർ കൊയ്തെടുക്കുന്നത്.
വഴുക്കലുള്ള കസേരയിലിരിക്കുന്ന നേതാക്കൾക്കും എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ജനത്തിനുമിടയിൽ പെട്ടുപോകുന്ന വേട്ടമൃഗത്തിന്റെയും
വേട്ടക്കാരന്റെയും ഇരട്ടറോളാണ് പോലീസിന്.

കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കാനും മനസ്സാക്ഷിക്കു നിരക്കാത്ത മൂന്നാംമുറ പ്രയോഗിക്കാനും ഒരു പോലീസുകാരനും ആഗ്രഹിക്കുന്നില്ല.
എന്നാൽ ആ സംവിധാനം വല്ലാത്തൊരു കുരുക്കാണ്. ജനം തിരഞ്ഞെടുത്തുകൊടുത്ത അധികാരം തന്റെ മൂതുകിൽ വീഴുന്ന  ചാട്ടയായി മാറുമ്പോൾ
അബോധാത്മകമായ പ്രതികാരമെന്നവണ്ണം അതെല്ലാം ഏറ്റുകൊള്ളേണ്ടിവരുന്നത് ഒരിക്കലെങ്കിലും നോട്ടപ്പുള്ളിയായിപ്പോയ പൗരനാണ്. താങ്ങാനാകാത്ത സമ്മർദ്ദമാണ് ഓരോ പോലീസുകാരന്റെയും മനോവ്യാപാരങ്ങളെ നിയന്ത്രിക്കുന്നത്.
ഇവിടെ നായാടുന്നതും നായാടപ്പെടുന്നതും പോലീസുകാർ തന്നെ. വാളെടുത്തവൻ വാളാൽ തന്നെ  പിന്തുടരപ്പെടുകയാണ്.

ഓരോ നിയമപാലകനും ചിത്രം കൊടുക്കുന്ന ഒരു ഗുണപാഠമുണ്ട്.  നിങ്ങൾ വിചാരിച്ചാൽ സാധാരണക്കാരനെ അനായാസം ഏതു  കേസിലും കുടുക്കാം.
അത്തരമൊരു കുരുക്ക് നിങ്ങളുടെ കഴുത്തിൽ  വീണാൽ രക്ഷിക്കാൻ ദൈവത്തെക്കൊണ്ടുപോലും കഴിയില്ല എന്നുതന്നെ.  സമൂഹമാധ്യമത്തിൽ  കാണാനിടയായ ഒരു കമന്റ് പോലെ  “മണ്ണുവാരിത്തിന്നു ജീവിച്ചുകൂടെ സാറേ” എന്ന് സ്വയം ചോദിക്കാതെ ചോദിക്കുന്നുണ്ട് മണിയനും പ്രവീണും.
ജാഫർ ഇടുക്കി ഇതുവരെ ചെയ്തതിൽ നിന്നും ഏറെ വ്യത്യസ്തമാണ് പ്ളേ മേക്കറായ മുഖ്യമന്ത്രി.

ഷാഹി കബീറിന്റെ തിരക്കഥയിൽ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത  ചിത്രം നിർമ്മിച്ചത് രഞ്ജിത്ത് ആണ്. കാസ്റ്റിംഗിൽ വളരെ ശ്രദ്ധകാട്ടിയിട്ടുള്ള
ചിത്രം തെരഞ്ഞെടുത്ത പ്രമേയം കൊണ്ടുതന്നെ അത് വ്യത്യസ്തമാകുന്നു.  തിരക്കഥയിലെ സൂക്ഷ്മത, സംവിധാനമികവ്, ബിജിഎം, ഛായാഗ്രഹണം എല്ലാം ഒന്നിനൊന്ന് നിലവാരം പുലർത്തുന്ന നായാട്ട് ഇക്കൊല്ലത്തെ മികച്ച ചിത്രങ്ങളിൽ സ്ഥാനം നേടും.