കാടാകെ ഓടി നേടണം മുതുവാന് ഒരു പെണ്ണിനെ !

വെർച്വൽ ഭാരത് -നുവേണ്ടി ഭാരത്ബാല നിർമ്മിച്ച് ഷോൺ സെബാസ്റ്റ്യൻ എഴുതി സംവിധാനം നിർവഹിച്ച “മുതുവാൻ കല്യാണം” ഡോക്യൂഫിക്ഷൻ വിഭാഗത്തിൽ പെട്ട ശ്രദ്ധേയമായ ഒരു കാൽവെയ്പ്പാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ ഉൾക്കാടുകളിൽ ചിത്രീകരിക്കപ്പെട്ട ചിത്രം ഏറെ സാഹസിക ശ്രമങ്ങൾക്കൊടുവിൽ പൂർത്തീകരിക്കപ്പെട്ടതാണ്.

ഇൻഡ്യാ ഉപഭൂഖണ്ഡത്തിൽ ആദ്യമായി കുടിയേറിയ മനുഷ്യവർഗ്ഗം ആസ്ട്രലോയ്ഡുകളാണ്.  പിൽക്കാലത്ത് കടന്നുവന്ന ദ്രവീഡിയൻ ജനവർഗ്ഗം കുറേക്കൂടി നാഗരികരായിരിക്കുകയും ആയ്- പാണ്ഡ്യ- ചോള-ചേര-പല്ലവ- രാജ്യങ്ങൾ സ്ഥാപിതമാക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാലത്ത് ഉൾക്കാടുകളിലേക്കു പിൻവാങ്ങിയ ആസ്ട്രലോയ്ഡുകളുടെ പിൻതലമുറകൾ പൊതുവെ ആദിവാസികൾ അഥവാ വനവാസികൾ എന്ന് വിളിക്കപ്പെട്ടു. എന്നാൽ പലകാലങ്ങളിലും ഇരുകൂട്ടരും കൂടിക്കലരുകയും പുതിയ ജനവർഗ്ഗങ്ങൾ ഉടലെടുക്കുകയുമുണ്ടായിട്ടുണ്ട്. അപ്രകാരം ദ്രാവിഡരുമായി ഗണ്യമായി കലർപ്പുണ്ടായ ഒരു വിഭാഗത്തിന്റെ ശേഷിപ്പാണ് മുതുവാന്മാർ എന്ന് ജനിതകപഠനങ്ങൾ സൂചിപ്പിക്കുന്നു.

പശ്ചിമഘട്ടത്തിന്റെ കേരളാതിർത്തിക്കുള്ളിൽ വാസമുറപ്പിച്ച മുതുവാന്മാരുടെ കാനനപ്രവേശത്തെ കുറിച്ചുള്ള ഐതിഹ്യത്തിനും രാഷ്ട്രീയമാനമുണ്ട്. ചോളന്മാരുടെ ആക്രമണകാലത്ത് മധുര വിട്ട് സഹ്യാദ്രികളിലേക്ക് പിൻവാങ്ങിയവരാണ് ഈ ജനവിഭാഗം എന്ന് നിരീക്ഷിക്കപ്പെടുന്നു. അവരുടെ പേരിനു പിന്നിലുള്ള വ്യാഖ്യാനം പലായനകാലത്ത് തങ്ങളുടെ ജംഗമവസ്തുക്കളും കുട്ടികളെയും “മുതുകിൽ ചുമന്നു വന്നവർ” എന്ന അർത്ഥത്തിലാണ്. ആനമുടിയിലും സമീപപ്രദേശങ്ങളിലുമാണ്  ഇവരുടെ ഗണ്യമായ ജനസാന്ദ്രത കാണപ്പെടുന്നത്. കൂടാതെ അടിമാലി, ദേവികുളം പ്രദേശങ്ങളിലും അവർ പാർപ്പുറപ്പിച്ചു. പ്രാദേശിക ഭാഷാസ്വാധീനത്തിലെ ഏറ്റക്കുറച്ചിലുകൾ  ഇവരെ പാണ്ടി മുതുവാൻ നാടൻ മുതുവാൻ ഇങ്ങനെ രണ്ടായി വേർതിരിക്കാൻ കാരണമായി.

https://youtube.com/watch?v=VPeP58Xlnbw%22+frameborder%3D%220%22+allow%3D%22accelerometer%3B+autoplay%3B+clipboard-write%3B+encrypted-media%3B+gyroscope%3B+picture-in-picture%22+allowfullscreen%3E%3C

“മുതുവാൻ കല്യാണ”ത്തിലേക്കു വരുമ്പോൾ ഒരു കുട്ടിയുടെ ചോദ്യത്തിനു മറുപടിയായി മുത്തച്ഛൻ കുട്ടികളോട് അവരുടെ “പെണ്ണെടുപ്പ്” എന്നു വിളിക്കപ്പെടുന്ന  പഴയ വിവാഹരീതിയെ കുറിച്ചു പറഞ്ഞു കൊടുക്കുന്ന രീതിയിലാണ് ചിത്രം വികസിക്കുന്നത്. കല്യാണം ചോദിക്കപ്പെട്ട കല്യാണി എന്ന പെൺകുട്ടിയെയും കൂട്ടി ഏതാനും സ്ത്രീകൾ ആചാരപ്രകാരം കാടു കയറുകയും അവളെ ചോദിച്ച യുവാവ് തന്റെ വിശ്വസ്തരോടൊപ്പം അവളെ കണ്ടത്താനായി കാടും മലകളും താണ്ടുകയും ചെയ്യുന്നു.  കല്യാണിയെ കണ്ടെത്തിയാൽ വിവാഹവും അല്ലാത്തപക്ഷം പരാജയപ്പെട്ട് വിവാഹാലോചനയിൽ നിന്നും പിൻവാങ്ങേണ്ടി വരികയുമാണ് സംഭവിക്കുക. ഇരുകൂട്ടരും വന്യമൃഗങ്ങളുടേയും ഇഴജന്തുക്കളുടെയും പ്രകൃതിയുടെ മറ്റു ഭീഷണികളുമെല്ലാം നേരിട്ടു കൊണ്ടാണ് യാത്ര തുടരുന്നത്. ദുർഘടം പിടിച്ച ഈ ആചാരത്തിൽ നൂറ്റാണ്ടുകൾക്കു മുമ്പ് അവർ ജീവിതം തേടി നടത്തിയ പ്രയാണത്തിൻ്റെ ഓർമ്മകളുറങ്ങുന്നുണ്ട്.

ഒടുവിൽ പെണ്ണിനെ കണ്ടെത്തുകയും വസ്ത്രാഗ്രങ്ങൾ കൂട്ടിക്കെട്ടി കുപ്പിവളയണിയിച്ച് കഴുത്തിൽ ചരടു കെട്ടി അവളെ സ്വന്തമാക്കുകയും ചെയ്യുന്നു. അന്നുരാത്രി ആലവീട്ടി (ഏറുമാടം)ൽ താമസിച്ച് പിറ്റേന്നവർ ഊരിലേക്കു മടങ്ങുന്നു.

ചിത്രത്തിൽ വേഷമിട്ടവരെല്ലാം മുതുവാൻ വിഭാഗത്തിൽ പെട്ടവരാണ്. പുറംലോകവുമായി അത്രയ്ക്ക് അടുപ്പമില്ലാത്ത അവരെ ഇങ്ങനെയൊരു സംരംഭത്തിൽ പങ്കാളികളാക്കാൻ കഴിഞ്ഞത് മികച്ച സംഘാടനത്തിന്റെ ഫലമാണ്. വിവരണങ്ങളിൽ ഏറിയകൂറും മലയാളവാക്കുകളാണെങ്കിലും ” ആശപ്പാട്ട്” എന്ന വിവാഹഗാനം പ്രാക്തനഭാഷയിൽ ആകർഷകമായി അവതരിപ്പിച്ചിരിക്കുന്നു.  വനഭൂമിയുടെ ചാരുതയും അതുപോലെ തന്നെ ഭയാനകതയും ഡ്രോൺ ഷോട്ടുകളുടെ സഹായത്താൽ ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട് ക്യാമറാ ടീം.

വനവാസികളെ മുഖ്യധാരയോടു ചേർക്കുക എന്നത് അനിവാര്യമെങ്കിലും മറുവശത്ത് പരിഷ്കൃതരുടേതായ ആർഭാടം, സ്ത്രീധനം തുടങ്ങിയ അഭിമതമല്ലാത്ത രീതികൾ കൂടി അവർക്കു സ്വീകരിക്കേണ്ടി വരുന്നതിലുള്ള ആശങ്കയും ഒടുവിൽ വൃദ്ധൻ പങ്കുവെയ്ക്കുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്. “അന്നൊന്നും പെണ്ണെടുപ്പിന് പൊന്നും പണവും വേണ്ട, ഒരു വാക്കു മതി ” എന്ന അദ്ദേഹത്തിൻ്റെ വാക്കുകളിൽ പഴയ കാലത്തിൻ്റെ നൈർമ്മല്യം തെളിയുന്നു.