13-ാം വയസു മുതല്‍ ഈ രോഗത്തിന് അടിമ, ഇപ്പോഴും പോരാട്ടത്തില്‍, സംഗീത ജീവിതം അവസാനിപ്പിക്കേണ്ടി വരുമോയെന്ന് ഭയപ്പെട്ടു: നിക് ജൊനാസ്

വപതിമൂന്നാം വയസ് മുതല്‍ പിന്തുടരുന്ന രോഗാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞ് അമേരിക്കന്‍ ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവുമായ നിക് ജൊനാസ്. താനും പ്രമേഹവും തമ്മിലുള്ള ബന്ധത്തിന് 16 വയസ്സ് തികയുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ നിക് വ്യക്തമാക്കിരിക്കുന്നത്.

നിക് ജൊനാസിന്റെ കുറിപ്പ്:

എനിക്ക് പ്രമേഹമുണ്ടെന്നു സ്ഥിരീകരിക്കപ്പെട്ടതിന്റെ 16ാം വാര്‍ഷികമാണിത്. ഒരിക്കല്‍ പിടിപെട്ടാല്‍ പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താനോ അതില്‍ നിന്നു പുറത്തുകടക്കാനോ സാധ്യമല്ലെന്നു നമുക്കറിയാം. വര്‍ഷങ്ങളായി ആ രോഗാവസ്ഥയുമായി കടുത്ത പോരാട്ടത്തിലാണു ഞാന്‍. അന്ന് എനിക്ക് 13 വയസ്സ് മാത്രമായിരുന്നു പ്രായം.

എന്റെ സഹോദരങ്ങള്‍ക്കൊപ്പം വിവിധയിടങ്ങളിലായി സംഗീതപരിപാടികളുമായി തിരക്കിട്ടു നടക്കുകയായിരുന്നു ഞാന്‍. പെട്ടെന്നൊരു ദിവസം എനിക്ക് വയറിന് എന്തോ അസ്വസ്ഥത തോന്നി. തുടര്‍ന്ന് ഡോക്ടറെ കാണണമെന്ന് ഞാന്‍ തന്നെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

ലക്ഷണങ്ങളും മറ്റും പരിശോധിച്ചതിനു ശേഷം എനിക്ക് ടൈപ്പ് 1 പ്രമേഹമാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. ആ നിമിഷം ഞാനാകെ തകര്‍ന്നു പോയി. പേടിയായിരുന്നു മനസ്സ് നിറയെ. ലോകം മുഴുവന്‍ യാത്ര ചെയ്യണമെന്നും സംഗീതപരിപാടികള്‍ അവതരിപ്പിക്കണമെന്നുള്ള എന്റെ ആഗ്രഹങ്ങള്‍ തകര്‍ന്നടിയുമോയെന്നായിരുന്നു ഞാന്‍ ആദ്യം ചിന്തിച്ചത്.

സംഗീതജീവിതം അസാനിപ്പിക്കേണ്ടി വരുമോയെന്നു ഭയപ്പെട്ടു. രോഗാവസ്ഥ തിരിച്ചറിഞ്ഞപ്പോള്‍ നിരാശ തോന്നിയെങ്കിലും തോറ്റുകൊടുക്കാന്‍ ഞാനൊരുക്കമല്ലായിരുന്നു. അന്നു മുതല്‍ ഇന്നുവരെ പ്രമേഹ ചികിത്സയിലും ഭക്ഷണക്രമത്തിലും യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല.

ജീവിതത്തില്‍ തികച്ചും മോശപ്പെട്ട അവസ്ഥയിലൂടെ നാം കടന്നുപോകേണ്ടി വന്നേക്കാം. പക്ഷേ അവയെ അതിജീവിക്കണം. എന്നെ പിന്തുണയ്ക്കാന്‍ നിരവധി പേര്‍ ഉണ്ടെന്നതു തന്നെയാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം.

View this post on Instagram

A post shared by Nick Jonas (@nickjonas)