വാങ്ക് വിളിക്കണമെന്ന റസിയയുടെ മോഹവും മനസ്സിലൊളിപ്പിച്ച കനലും

സാലിഹ് റാവുത്തർ

ഇസ്ലാമിക പ്രാർത്ഥന പുരുഷന്മാരോട് ഇടകലർന്ന് സ്ത്രീകൾക്കും അനുവദിച്ചാലെന്ത് എന്ന ചോദ്യം ചിലപ്പോഴൊക്കെ ഉയർന്നു വന്നിട്ടുണ്ടെങ്കിലും തോളോടുതോൾ ചേർന്നു നിന്ന് നാല് അംഗവിന്യാസങ്ങളിലായി അനുഷ്ഠിക്കേണ്ടുന്ന പ്രസ്തുത കർമ്മത്തെ സംബന്ധിച്ച് അത്തരമൊരു വാശിയിൽ നിന്നും സമത്വവാദികൾ പോലും പിന്മാറുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. എന്നാൽ തിരിയുന്ന ഭൂമിയുടെ അന്തരീക്ഷത്തിൽ നിലയ്ക്കാതെ കറങ്ങുന്ന വിജയത്തിലേക്കുവരൂ എന്ന ആഹ്വാനം സ്ത്രീകൾക്കും കൂടി ഉള്ളതാണെങ്കിലും പുരുഷന്മാർ മാത്രം മുഴക്കേണ്ടതാണോ എന്ന ചോദ്യത്തെ വലിയൊരു പാതകമായി കാണാൻ ആർക്കും കഴിയുമെന്നു തോന്നുന്നില്ല.

Debutant director Kavya Prakash on helming the woman-centric Malayalam film

“വാങ്ക്” എന്ന ഉണ്ണി ആർ.ന്റെ ചെറുകഥ തന്റെ ആദ്യചിത്രത്തിന് പ്രമേയമാക്കാൻ കാവ്യാ പ്രകാശ് തിരഞ്ഞെടുത്തത് വാണിജ്യപരം മാത്രമാണെന്ന് പറയാൻ കഴിയില്ല. സ്ത്രീപക്ഷത്തിന്റെ സമശീർഷത മതത്തിലോ ബൗദ്ധികതയിലോ വർത്തമാനകാലത്തു മാത്രം ചർച്ച ചെയ്യപ്പെടുന്ന ഒന്നല്ല. മദ്ധ്യപൂർവേഷ്യയിലും അമേരിക്കയിലും ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഖുർആൻ പരിഭാഷകൾ സ്ത്രീകളുടേതാണ്. പാശ്ചാത്യലോകത്തിന്റെ ആദ്യത്തെ യൂണിവേഴ്സിറ്റിയായ മൊറോക്കോയിലെ ജാമിയുൽ ഖറാവിയിന്റെ (പൊതുവർഷം – 859 ) സ്ഥാപക പോലും ഫാത്തിമത്തുൽ ഫിഹറിയ എന്ന അറബ് വംശജയായ വനിതയാണ്.

കഥയിലേക്കു വരുമ്പോൾ, മൃഗശാലയിലെ കടുവയെ തുറന്നു വിടാൻ വാശി പിടിച്ച ചെറിയ മകളെ ” അസത്തിനെ ഇനിയൊരിടത്തും കൊണ്ടുപോകില്ല” എന്ന് ശാസിച്ച ഒരു പിതാവിന്റെ യഥാസ്ഥിതികതക്കെതിരായൊരു നിശ്ശബ്ദകലാപം മകളുടെ ജീവിതത്തിലുണ്ടായിരിക്കും. മടങ്ങുന്ന വഴിയിൽ അവളുടെ നിലവിളിയടക്കിയത് ഒരു ഗോപുരത്തിൽ നിന്നുമുയർന്നു കേട്ട നാദമായിരുന്നുവെങ്കിലും അവിടെ കയറാൻ പുരുഷനായ പിതാവിനു മാത്രമേ അർഹതയുള്ളൂ എന്നും സ്ത്രീകളായ താനും അമ്മയും അദ്ദേഹം ഇറങ്ങി വരുംവരെ കടത്തിണ്ണയിൽ ഇരുന്നു കൊള്ളണമെന്നുമുള്ള സമുദായ വിധിക്കെതിരെ അവൾ ഒരു കനൽ സൂക്ഷിച്ചിരിക്കാം.

കോളജ് ഫൈനൽ കഴിഞ്ഞു പോകുന്നതിനു മുമ്പ് കൂട്ടുകാരികൾ തങ്ങളുടെ ചെറിയ ആഗ്രഹങ്ങൾ ഓരോന്നായി നിറവേറ്റുമ്പോൾ നായിക റസിയ “എനിക്കൊന്നു വാങ്കു വിളിക്കണം” എന്ന ആഗ്രഹമാണ് പുറത്തെടുക്കുന്നത്. ഈ തീക്കളിയെക്കുറിച്ച് പലരും താക്കീതു നൽകുന്നുണ്ടെങ്കിലും പിന്മാറാൻ റസിയ ഒരുക്കമല്ല എന്നതാണ് കഥയുടെ കാതൽ.

Vaanku gets a release date! - News - IndiaGlitz.com

നവശുദ്ധീകരണ പ്രസ്ഥാനങ്ങൾ പിടിച്ചടക്കിയ മനസ്സുകൾ സ്ത്രീകളുടെ മാത്രം കുപ്പായം മാറ്റിയപ്പോൾ അതിനെതിരെ ശബ്ദിക്കുന്ന വല്യുമ്മ ഒരു സാങ്കൽപ്പിക സൃഷ്ടിയൊന്നുമല്ല. അതേസമയം മുഖം മറയ്ക്കാത്തപക്ഷം ആ വസ്ത്രത്തെ തങ്ങളുടെ ചോയ്‌സ് ആയി എടുക്കുന്നവർക്കും കൂടി ഒരു വാക്കിൽ ഇടം കൊടുത്തിരുന്നെങ്കിൽ നന്നാകുമായിരുന്നു എന്നു തോന്നുന്നു.

റസിയക്ക് ഭ്രാന്തിനു ചികിത്സ വേണമെന്ന് അമ്മായി പറയുമ്പോൾ ” എന്റെ ഭ്രാന്ത് അവനോടാ (ദൈവം) ണ്, മണ്ണായിത്തീർന്നാലും അത് മാറുമോ ഉമ്മാ ? ” എന്നവൾ തിരി കൊളുത്തുന്ന സുഭാഷിതത്തിന്റെ പുളകോദ്ഗമം മറ്റു പോരായ്മകൾ നിലനിൽക്കെയും തിരക്കഥയിൽ തെളിയുന്നൊരു വെള്ളിവെളിച്ചമാണ്. .

കാണികളിൽ ആവേശമുണർത്തുന്ന ക്ളൈമാക്സ് സൃഷ്ടിക്കുന്നതിൽ സിനിമ വിജയം കൈവരിച്ചു എന്നുപറയാം. വിശ്വാസിയായ ഒരു പെൺകുട്ടിയുടെ നിർദ്ദോഷകരമായ ആഗ്രഹത്തിനെതിരെ ആയുധമെടുക്കാൻ പുരോഹിതക്കുപ്പായം എടുത്തണിയുന്ന ചില വിശ്വാസികൾ തയ്യാറാകുമ്പോൾ അവളുടെ ഉടൽ കൊതിച്ച് പാഞ്ഞടുക്കുന്ന അധമന്മാർ പോലും അവളുയർത്തിയ വനധ്വനിയുടെ അലയൊലിയിൽ തളർന്നു നിന്നുപോകുന്ന കാഴ്ചയാണത്. ഏറ്റവും മികച്ച യുട്യൂബ് “അസാൻ കോംപിലേഷനു “കൾക്കിടയിൽ സ്ഥാനംപിടിക്കാൻ സാധിക്കുന്നത്ര ഹൃദയഹാരിയാണ് ചിത്രാന്ത്യത്തിൽ അവളുടെ വാങ്കുവിളി.

Anaswara Rajan film Vaanku release set for March 13 !! - Mix India

കേന്ദ്രകഥാപാത്രമായ റസിയയുടെ വേഷം അനശ്വര രാജൻ മികവുറ്റതാക്കി. കൂട്ടുകാരികളുടെ ഭാഗങ്ങൾ നന്ദന വർമ്മ, ഗോപിക രമേശ്, മീനാക്ഷി ഉണ്ണികൃഷ്ണൻ എന്നിവരും മാതാപിതാക്കളുടെ വേഷങ്ങൾ വിനീതും തിരക്കഥാകാരികൂടിയായ ഷബ്‌ന മുഹമ്മദും മറ്റു സഹവേഷങ്ങൾ തെസ്നി ഖാൻ, ജോയ് മാത്യു, പ്രകാശ് ബാരെ തുടങ്ങിയവരും തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

കഥാകൃത്ത് തന്റെ കഥയെ തിരക്കഥയ്ക്കായി സ്വതന്ത്രമായി വിട്ടുകൊടുത്തിട്ടുണ്ട് എന്നത് രണ്ടും തമ്മിൽ നിലനിൽക്കുന്ന പ്രയോഗപരവും വീക്ഷണപരവുമായ ചില വ്യതിയാനങ്ങളിൽ നിന്നും നിരീക്ഷിക്കാം. സൂഫി സൗരഭ്യം പടർത്തുന്ന “മലയുടെ മുകളിൽ”, അതോടൊപ്പം “അലിയാരുടെ ഓമനാബീവി” ” വലതുചെവിയിൽ ബാങ്കൊലി” എന്നീ ഗാനങ്ങൾ പി. എസ്. റഫീക്കിന്റെ തൂലികയുടെ തിളക്കം വർദ്ധിപ്പിക്കുന്നു. ഔസേപ്പച്ചന്റെ സംഗീതം ഗാനങ്ങളിലൂടെയും പശ്ചാത്തലത്തിലൂടെയും കാഴ്ചക്കാരെ മറ്റൊരു മാന്ത്രികലോകത്തെത്തിക്കുന്നു. നജീം അർഷാദിന്റെയും അമൽ ആന്റണിയുടെയും വർഷ രഞ്ജിത്തിന്റേയും ആലാപനം ശ്രവ്യസുന്ദരമായി. കലാസംവിധാനവും ക്യാമറയും ശരാശരി നിലവാരം പുലർത്തുന്നു. സിനിമാരംഗത്തെ സീനിയർ മേക്കറായ വികെ പ്രകാശിന്റെ മകൾക്ക് സംവിധാനരംഗത്തേക്കുള്ള മികച്ച അരങ്ങേറ്റമായിരിക്കും വാങ്ക്.