‘ട്രാന്‍സ്’ അന്‍വര്‍ റഷീദ് ബ്രില്യന്‍സ് -റിവ്യു

ജിസ്യ പാലോറന്‍

ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കിയ ചിത്രമാണ് ട്രാന്‍സ്. ദൈവമാണ് ലോകത്തിലെ ഏറ്റവും വലിയ ‘ഡ്രഗ്’ എന്നാണ് സിനിമയിലൂടെ അന്‍വര്‍ റഷീദ് പറയുന്നത്. ‘ഭക്തി വ്യവസായം’ എന്ന കാലിക പ്രസക്തിയുള്ള വിഷയം അവതരിപ്പിച്ചിരിക്കുകയാണ് സിനിമയിലൂടെ. ഫഹദ് ഫാസിലിന്റെ ഏറ്റവും മികച്ച അഭിനയം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ജോഷ്വാ കാള്‍ട്ടണ്‍ എന്ന പാസ്റ്ററായാണ് ഫഹദ് വേഷമിട്ടിരിക്കുന്നത്. നൂറുശതമാനം ഫഹദ് ഫാസില്‍ ഷോ തന്നെയാണ് ട്രാന്‍സ്.

വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ ട്രെയ്‌നര്‍ ജോഷ്വാ കാള്‍ട്ടണ്‍ ആകുന്നതോടെയാണ് ചിത്രത്തിന്റെ ഗതി മാറുന്നത്. ഫഹദിന്റെ അഭിനയത്തിനൊപ്പം ശക്തമായ പ്രമേയവും മികച്ച മേക്കിംഗ് രീതിയും പ്രശംസകള്‍ അര്‍ഹിക്കുന്നതാണ്. അനാവശ്യമായ വലിച്ചു നീട്ടലുകളൊന്നും സിനിമയിലില്ല. ഒരു അന്‍വര്‍ റഷീദ് മാജിക് എന്ന് തന്നെ ട്രാന്‍സിനെ വിശേഷിപ്പിക്കാം. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2020ല്‍ ഇതുവരെ എത്തിയ ച്രിത്രങ്ങളില്‍ ഏറ്റവും മികച്ചത് എന്ന് തന്നെ ട്രാന്‍സിനെ വിശേഷിപ്പിക്കാം.

ലൊക്കേഷനും ദൃശ്യ ഭാഷക്കും പ്രധാന്യം നല്‍കുന്ന ചിത്രത്തില്‍ അമല്‍ നീരദിന്റെ ക്യാമറ മറ്റൊരു ഹൈലൈറ്റാണ്. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി റോബോട്ടിക് ക്യാമറ ഉപയോഗിക്കുന്ന സിനിമയെന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്. സുഷിന്‍ ശ്യാമിന്റെയും ജാക്‌സണ്‍ വിജയന്റെയും പശ്ത്താല സംഗീതവും ചിത്രത്തിന് കരുത്ത് നല്‍കുന്നു.

സംവിധായകന്‍ ഗൗതം മേനോന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, വിനായകന്‍, ശ്രീനാഥ് ഭാസി എന്നിവരും മികച്ച അഭിനയമാണ് കാഴ്ചവക്കുന്നത്. കോര്‍പ്പറേറ്റ് മാഫിയയുടെ ഭക്തി വ്യവസായം പൊളിച്ചടുക്കാനുള്ള തന്ത്രങ്ങളുമായെത്തുന്ന സൗബിനും മികച്ച അഭിനയവുമായാണ് എത്തുന്നത്. അധികം സ്‌ക്രീന്‍ സ്‌പെയ്‌സ് ഇല്ലെങ്കിലും നസ്രിയയുടെ പുതുമയുള്ള ഒരു രൂപം തന്നെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. നടി ശ്രിന്ദയും തന്റെ ഭാഗം മികച്ചതാക്കിയിട്ടുണ്ട്. ഈ വര്‍ഷം എത്തിയ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് ട്രാന്‍സ്.