ബവാരിയ കൊള്ളക്കാരുടെ കഥ പറഞ്ഞ് തീരൻ അതിഗാരം ഒൺട്ര്

●2004-ൽ മണിരത്നം സംവിധാനം ചെയ്ത പൊളിറ്റിക്കൽ ഡ്രാമയായ “ആയുധ എഴുത്തി”ലെ ചെറിയൊരു കഥാപാത്രത്തിലൂടെ സിനിമാരംഗത്ത്‌ പ്രവേശിച്ച കാർത്തിയുടെ കരിയറിൽ നല്ല ചിത്രങ്ങൾക്കൊപ്പം തന്നെ മോശം ചിത്രങ്ങളും ഉണ്ടായിരുന്നു. പരുത്തിവീരനും പയ്യയും സിരുത്തൈയും മദ്രാസും നാഗാർജ്ജുനയ്ക്കൊപ്പമുള്ള “തോഴാ”യും കാർത്തിയുടെ വിജയചിത്രങ്ങളിൽ പെടും. കൊട്ടിഘോഷിച്ചുവന്ന “കാഷ്മോര” ദയനീയപരാജയമായി മാറിയപ്പോൾ ഏറ്റവുമൊടുവിലായി ഒരു യഥാർത്ഥ സംഭവത്തിന്റെ ആഖ്യാനമെന്ന നിലയിൽ പുറത്തിറങ്ങിയ മണിരത്നത്തിന്റെ “കാട്ര് വെളിയിടേ”യും ചലനങ്ങളുണ്ടാക്കിയില്ല. “സിരുത്തൈ”യ്ക്ക്‌ ശേഷം കാർത്തി പൊലീസ്‌ കുപ്പായമണിയുന്ന ചിത്രമാണ്‌ തീരൻ അതിഗാരം ഒൺട്ര്. “ചതുരംഗ വേട്ടൈ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച്.വിനോദിന്റേതാണ് രചനയും സംവിധാനവും.

■”ബേസ്ഡ്‌ ഓൺ റിയൽ ഇൻസിഡന്റ്സ്” എന്ന ടാഗ് ലൈൻ ഇപ്പോൾ അപൂർവ്വ കാഴ്ചയല്ല. എല്ലാ ഭാഷകളിലും യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സിനിമകളിറങ്ങാറുണ്ട്‌. “തീരന്‍ അധിഗാരം ഒൺട്രും” അത്തരത്തിലൊന്നാണ്‌. എന്നാൽ എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തെ മറ്റുള്ളവയിൽ നിന്നെല്ലാം വേറിട്ട്‌ നിറുത്തുന്നത്‌, സിനിമ ആധാരമാക്കിയ വിഷയത്തിന്റെ പ്രസക്തിതന്നെയാണ്‌. 1995 മുതൽ 2005 വരെയുള്ള പത്തുവർഷ കാലഘട്ടത്തിൽ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ ദേശീയപാതയോരത്തുള്ള ഭവനങ്ങൾ കേന്ദ്രീകരിച്ച്‌ ഒരു സംഘം വൻ കവർച്ചകളും കൊലപാതകങ്ങളും നടത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ട്രൈബല്‍ ക്രിമനല്‍ സംഘമായ ബവാരിയ ആയിരുന്നു ഈ കൊലപാതകങ്ങൾക്കും കവര്‍ച്ചകള്‍ക്കുമെല്ലാം പിന്നില്‍. വർഷങ്ങളായി കൊള്ളയും കൊലയും ബലാത്സംഗങ്ങളും ശീലമാക്കിയ സംഘമാണ് ബവാരിയ. ഉത്തര്‍പ്രദേശിൽത്തന്നെ ഏതാണ്ട് പതിമൂന്നോളം ആദിവാസി നാടോടി ക്രിമിനല്‍ സംഘങ്ങളുണ്ട്. അവരിൽ ഏറ്റവും ക്രൂരവിഭാഗമാണ്‌ ബവാരിയകള്‍. ദേശീയപാതകള്‍ കേന്ദ്രീകരിച്ച് കൊള്ളയും കൊലപാതകവും ബലാത്സംഗങ്ങളുമെല്ലാം നടത്തുന്ന സംഘം വന്‍ഭീതി വളര്‍ത്തുന്ന ക്രിമിനലുകളാണ്. സ്വാതന്ത്ര്യത്തിനു മുന്‍പേ തന്നെ ഇവര്‍ കുറ്റകൃത്യങ്ങള്‍ നടത്തിവരുന്നുണ്ട്.

■ബവാരിയ സംഘം തമിഴ്‌നാട്ടിൽ AIADMK- യുടെ ഗുമ്മനംപൂണ്ടി MLA ആയ സുദർശൻ, സേലത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാവ് തലമുത്തു നടരാജന്‍, DMK നേതാവ് ഗജേന്ദ്രന്‍ എന്നിവരെയും കൊലപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് കുറ്റവാളിസംഘത്തെ കണ്ടെത്താന്‍ അന്നത്തെ മുഖ്യമന്ത്രി ജയലളിത പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കി. വടക്കന്‍ മേഖല ഐജി ആയിരുന്ന എസ് ആര്‍ ജന്‍ഗിദിന്റെ നേതൃത്വത്തിൽ ഒപ്പറേഷന്‍ ബവാരിയയ്ക്കായി ഒരു സ്‌പെഷല്‍ ടീം രൂപം കൊണ്ടു. ഈ ടീം ഉത്തര്‍പ്രദേശ് പൊലീസിന്റെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും സഹായത്തോടെ ബവാരിയ ഓപ്പറേഷൻ ആരംഭിക്കുകയും ചെയ്തു. ഒമ ബവാരിയ, ബസുര ബവാരിയ, വിജയ് ബവാരിയ എന്നീ പ്രധാനനേതാക്കളെയായിരുന്നു ജന്‍ഗിദും സംഘവും ലക്ഷ്യമിട്ടത്. ഏറെ സാഹസികവും, വെല്ലുവിളി നിറഞ്ഞതുമായിരുന്നു ഓപ്പറേഷന്‍ ബവാരിയ. സംഘത്തെ കുറിച്ചുളള വിവരങ്ങള്‍ ശേഖരിച്ചും രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ സംഘത്തിന്റെ സാന്നിധ്യം ഉണ്ടെന്നു വിവരം കിട്ടിയ കുഗ്രാമങ്ങളിലെല്ലാം തമ്പടിച്ചുമാണ് ജന്‍ഗിദും സംഘവും തങ്ങളുടെ ദൗത്യവുമായി മുൻപോട്ടുനീങ്ങിയത്‌. ഒടുവിൽ അവർ കുറ്റവാളികളെ കണ്ടെത്തുകയും ചെയ്തു. തമിഴ്നാട് പോലീസിന് രാജ്യത്താകമാനം പ്രശസ്തി നേടിക്കൊടുത്ത ഈ പൊലീസ്‌ ഓപ്പറേഷനെ അതിന്റെ തീവ്രത ഒട്ടും നഷ്ടപ്പെടുത്താതെ അവതരിപ്പിക്കുകയാണ്‌ എച്ച്‌ വിനോദ്‌.

■ഓപ്പറേഷന്‍ ബവാരിയയ്ക്ക്‌ അന്ന് നേതൃത്വം നല്‍കിയ ജന്‍ഗിദിന്റെ സഹായത്തോടെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്. 1995 മുതൽ 2005 വരെയുള്ള പത്തുവർഷ കാലഘട്ടത്തിൽ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ ബവാരിയ സംഘം നടത്തിയ കവർച്ചയ്ക്കായുള്ള കൊലപാതകങ്ങളാണ്‌ സിനിമയുടെ പശ്ചാത്തലം. തെളിവിനായി യാതൊന്നും അവശേഷിപ്പിക്കാതെ അതിവിദഗ്ദമായി തുടർന്നുകൊണ്ടിരുന്ന ഈ കൊലപാതകങ്ങൾ പൊലീസിനെ കുഴയ്ക്കുന്നു. ഒരു MLA-യ്ക്ക്‌ ജീവഹാനി സംഭവിയ്ക്കുകകൂടി ചെയ്തപ്പോൾ പൊലീസ്‌ ജാഗരൂകരായിത്തീരുന്നു. തീരൻ തിരുമാരൻ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അന്വേഷണമാരംഭിയ്ക്കുകയാണ്‌. വിവിധ സംസ്ഥാനങ്ങളിലെ പോലീസിന്റെ പിന്തുണയോടുകൂടി അയാൾ തീരൻ നടത്തുന്ന അന്വേഷണങ്ങളും നീക്കങ്ങളും അയാളെ കുറ്റവാളിയിലേയ്ക്ക്‌ എത്തിക്കുന്നു.

■ആക്ഷൻ ക്രൈം ത്രില്ലറായാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്‌. കെട്ടുറപ്പുള്ളതും അതിശക്തവുമായ തിരക്കഥയുടെ തികവുറ്റ ആവിഷ്കാരമെന്ന് ചിത്രത്തെ വിശേഷിപ്പിക്കാവുന്നതാണ്‌. തീരൻ തിരുമാരൻ എന്ന അന്വേഷണോദ്യോഗസ്ഥന്റെ ഓർമ്മകളിലൂടെ ആണ് ഓപ്പറേഷൻ ബവാരിയയുടെ കേസ് ഡയറി ചുരുളഴിയുന്നത്‌. പൊലീസ്‌ അക്കാദമി ട്രൈയിനിംഗ്‌ പൂർത്തീകരിച്ച സമർത്ഥനായ തീരൻ തിരുമാരന്റെ അനുദിനജീവിതചര്യകളിലൂടെയാണ്‌ ചിത്രം പറഞ്ഞുതുടങ്ങുന്നത്‌. ചിത്രത്തിന്റെ ആദ്യഭാഗങ്ങൾ കണ്ടുപഴകിയ തമിഴ്‌ സിനിമകളുടെ അതേ അച്ചിൽ വാർത്തെടുത്തത്‌ തന്നെയാണ്‌. നായകന്റെ അയൽവാസിയായി പുതുതായെത്തിയ കുടുംബം, അവിടുത്തെ പെൺകുട്ടിയുമായുള്ള നായകന്റെ കണ്ടുമുട്ടൽ, ഇടപഴകൽ, എന്തിനും സമ്മതിച്ചുകൊടുക്കുന്ന കുടുംബാംഗങ്ങൾ തുടങ്ങിയ സ്ഥിര കാഴ്ചകളിൽ നിന്നും താമസിയാതെ ചിത്രം വഴിമാറി സഞ്ചരിച്ചു തുടങ്ങി. പ്രാണരക്ഷാർത്ഥം സഹായമഭ്യർത്ഥിച്ച്‌ കതകിൽ തട്ടിവിളിച്ച്‌ വീട്ടുകാരെ ഉണർത്തി അവരെ കൊലപ്പെടുത്തി പണം അപഹരിക്കുന്ന അക്രമിസംഘങ്ങളിലേയ്ക്ക്‌ ചിത്രം ഫോക്കസ്‌ ചെയ്യുന്നു.

■അന്വേഷണവുമായി മുന്നോട്ടുപോകുന്നതിൽ നായകനു നേരിടേണ്ടിവരുന്ന തടസ്സങ്ങളും കുറ്റവാളിയിലേയ്ക്ക്‌ ചെന്നെത്തുവാനുള്ള നായകന്റെ ശ്രമങ്ങളും അതോടൊപ്പം പ്രസ്തുത വിഷയം തന്റെ കുടുംബത്തെ ബാധിക്കുന്ന വിധങ്ങളും യാദൃശ്ഛികമായി ഘാതകർ തനിക്ക്‌ പ്രിയപ്പെട്ടവരിലേയ്ക്കും കടന്നുവരുന്നതാണ്‌ ചിത്രത്തിന്റെ ആദ്യപകുതിയിൽ. ഒരു തമിഴ്‌ സിനിമയ്ക്കുമപ്പുറമാണ്‌ രണ്ടാം പകുതി. നോർത്തിന്ത്യയിലെ ക്രിമിനൽ ഗോത്രങ്ങളിലേക്കും അവരുടെ വിചിത്രവും മനുഷ്യത്വരഹിതവുമായ പ്രവർത്തനരീതികളിലേയ്ക്കും ചിത്രം ചെന്നടുക്കുമ്പോൾ സമാനതകളില്ലാത്ത കാഴ്ചകൾക്കുള്ള വേദികൂടിയാവുകയാണ്‌ “തീരൻ അതിഗാരം ഒണ്ട്ര്.” ബവാരിയാ സംഘത്തിന്റെ വാസസ്ഥലത്തേയ്ക്ക്‌ ചെന്നെത്തുന്ന പൊലീസ്‌ സംഘവും അവിടെയുണ്ടാവുന്ന പ്രതികൂലസാഹചര്യങ്ങളും മരുഭൂമിയിൽ കിലോമീറ്ററുകളോളമുള്ള അവരുടെ യാത്രയും ദാഹവും ക്ഷീണവുമെല്ലാം പ്രേക്ഷകർക്കുകൂടി വേദ്യമാകുന്നുണ്ട്‌. രാജസ്ഥാൻ മരുഭൂമിയിലും മറ്റുമായി ചിത്രീകരിച്ച ബവാരിയ സംഘങ്ങൾ താമസിക്കുന്ന കോളനി ഉൾപ്പെട്ട ദൃശ്യങ്ങൾ ശ്വാസമടക്കിപ്പിടിച്ച്‌ മാത്രമേ കണ്ടുതീർക്കുവാൻ കഴിയുകയുള്ളൂ.

■ബവാരിയാ കൊള്ളക്കാരുടെ രീതികളേക്കുറിച്ച്‌ നന്നായി പഠനം നടത്തിയിട്ടാണ്‌ സംവിധായകൻ സിനിമയിലേയ്ക്ക്‌ കടന്നതെന്ന് വ്യക്തമാണ്‌. നോർത്തിന്ത്യൻ ബവാരിയ ജനതകളുടെ ജീവിതരീതി, ഭാഷ, അന്യദേശക്കാരോടുള്ള അവരുടെ പൊതുവീക്ഷണം തുടങ്ങിയവ ചിത്രത്തിൽ കാണാവുന്നതാണ്‌. രാജസ്ഥാൻ, യുപി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ബവാരിയ വംശജരുടെ ചരിത്രപരവും സാമൂഹികവും സാംസ്കാരികവുമായ വിഭിന്നതലങ്ങളിലുള്ള വേരുകളേക്കുറിച്ചും ബന്ധങ്ങളേക്കുറിച്ചും ഒരാകമാനവീക്ഷണം സംവിധായകൻ നൽകുന്നുണ്ട്‌. ബ്രിട്ടീഷ് ഭരണകാലത്തിന് മുമ്പ് മൃഗങ്ങളെ വേട്ടയാടി ജീവിച്ചിരുന്ന ബാവരിയ ഗോത്രവർഗക്കാരുടെ രീതികൾ പ്രേക്ഷകർക്ക്‌ പറഞ്ഞുതരാൻ സംവിധായകനു സാധിച്ചിട്ടുണ്ട്‌. കമ്പിളിയുടേയും മറ്റും വിപണനം എന്ന വ്യാജേനെ സ്ത്രീകളടങ്ങുന്ന സംഘം ആക്രമിക്കുവാൻ ഉദ്ദേശിക്കുന്ന ഭവനങ്ങൾ നോക്കിവയ്ക്കുന്നതും, ദേശീയപാതയുടെയോ റെയില്‍വേ ട്രാക്കിന്റെ സമീപത്തോ ആയി സംഘം ഒത്തുചേരുന്നതും സംഘത്തിലെ സ്ത്രീകളുടെ നേതൃത്വത്തില്‍ പൂജാചടങ്ങുകൾ നടത്തുന്നതുമെല്ലാം ചിത്രത്തിൽ കാണാവുന്നതാണ്‌. ബവാരിയാ സംഘങ്ങളുടെ വേഷവിധാനങ്ങൾ, അവർ ഉപയോഗിക്കുന്ന ആയുധങ്ങൾ, തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുന്ന രീതി, അതുപോലെ കൂട്ടത്തിൽ ആരെയെങ്കിലും പൊലീസ്‌ പിടികൂടിയാൽ ഒരിയ്ക്കലും മറ്റുള്ളവരെ ഒറ്റുകൊടുക്കാതിരിക്കുവാനുള്ള മനസ്ഥിതി തുടങ്ങിയ വിഷയങ്ങളിലെല്ലാം സംവിധായകൻ കൃത്യമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്‌ എന്നത്‌ വ്യക്തമാണ്‌.

■നായകത്വത്തിൽ ഊന്നിനിൽക്കുന്ന ചിത്രങ്ങൾ അവന്റെ വിജയങ്ങളിൽ മാത്രം ഫോക്കസ്‌ ചെയ്യപ്പെടുമ്പോൾ ഇവിടെ നായകനും സംഘവും വിവിധസാഹചര്യങ്ങളിൽ വെല്ലുവിളികളും തിരിച്ചടികളും ഓപ്പറേഷനുകളിലെ പരാജയങ്ങളും നേരിട്ടവരാണ്‌. യഥാർത്ഥ സംഭവത്തെ മണിരത്നം സിനിമയാക്കിയപ്പോൾ ഒട്ടെറെ വിമർശനങ്ങളെ നേരിടേണ്ടിവന്ന, നായകനായഭിനയിച്ച കാർത്തി മറ്റൊരു യഥാർത്ഥ കഥയിലൂടെ എല്ലാ പ്രേക്ഷകർക്കും മറുപടി നൽകിയിരിക്കുകയാണ്‌. റൊമാന്റിക്‌ രംഗങ്ങളിൽ കാർത്തിയുടെ മാനറിസങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയപ്പോൾ അതേസമയം ചുറുചുറുക്കുള്ള ഐ.പി.എസ്‌ ഉദ്യോഗസ്ഥനായി മാറിക്കൊണ്ട്‌ അദ്ദേഹം കഥാപാത്രത്തോട്‌ അർപ്പണബോധം പ്രകടമാക്കുകയും ചെയ്തു. രാകുൽ പ്രീത് സിംഗിന്റെ പ്രിയ എന്ന കഥാപാത്രമുൾപ്പെട്ട പ്രണയനാടകങ്ങളും വിവാഹവും, ഗാനരംഗങ്ങളും ഒരു റിയലിസ്റ്റിക്‌ ചിത്രം എന്ന നിലയിൽ തീക്ഷ്ണതയ്ക്ക്‌ ഭംഗം വരുത്തിയെന്ന് പറഞ്ഞേ മതിയാവൂ. ഹിന്ദി, ഭോജ്പൂരി ഭാഷകളിലെ നടീനടന്മാരും ചിത്രത്തിൽ നല്ല പ്രകടനങ്ങൾ കാഴ്ചവച്ചു.

■പൊതുജനങ്ങളുടെയും എം.എൽ.എയുടേയും ജീവന്റെ വിലകൾ തമ്മിലുള്ള വ്യത്യാസത്തെ അധികാരിവർഗ്ഗങ്ങൾ വിലയിരുത്തുന്നതിനെ ചിത്രം വിമർശിക്കുന്നുണ്ട്‌. അധികാരത്തിൽ ഇരിക്കുന്നവരുടെ ജീവനു നൽകുന്ന അതേ മൂല്യം തന്നെയാണ്‌ സാധാരണക്കാരന്റെ ജീവനുമുള്ളതെന്ന് ചിത്രം ചൂണ്ടിക്കാണിക്കുവാൻ ശ്രമിക്കുന്നു. അതുപോലെ പണത്തിനും മറ്റ്‌ നേട്ടങ്ങൾക്കായും ക്രിമിനലുകളുമായി തോളോട്‌ തോൾ ചേർന്നുനിൽക്കുന്ന ഒരുവിഭാഗം അധികാരികളേയും ചിത്രം തുറന്നുകാണിക്കുന്നുണ്ട്‌.

■ജിബ്രാൻ ഒരുക്കിയ ഗാനങ്ങൾ മികച്ചുനിൽക്കുന്നെങ്കിലും ഇത്രമേൽ ഗൗരവമാർന്ന ഒരു സബ്ജക്ടിന്‌ ചേരാത്ത വിധത്തിൽ ഗാനങ്ങൾ കൂട്ടിച്ചേർത്തിരിയ്ക്കുന്നത്‌ പൊതു തമിഴ്‌ പ്രേക്ഷകന്റെ തൃപ്തിക്കുവേണ്ടികൂടി ആയിരുന്നേക്കാം. ഗർഭാവസ്ഥയിലുള്ള നായികയുമൊത്തുള്ള “ലാലീ ലാലീ” എന്ന ഗാനവും, “രാസാത്തിയേ” എന്നാരംഭിയ്ക്കുന്ന ഗാനവും കൂട്ടത്തിൽ മികച്ചുനിൽക്കുന്നു. സന്ദർഭോചിതമായി അദ്ദേഹം പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുണ്ടെങ്കിലും ബവാരിയ സംഘത്തിന്റെ ഉദ്ഭവവും കുറ്റവാസനയും ആനിമേഷന്റെ സഹായത്താൽ കാണിയ്ക്കുമ്പോൾ പശ്ചാത്തലത്തിൽ മെർസ്സലിലെ നായകന്റെ ഇൻട്രൊഡക്ഷൻ ബി.ജി.എം കേൾക്കാം.! മായ, Sangili Bungili Kadhava Thorae തുടങ്ങിയ സിനിമകൾക്ക് ശേഷം സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രമാണ്‌ തീരൻ അതിഗാരം ഒൺട്ര്. തിരക്കഥയ്ക്ക്‌ ഒപ്പം നിൽക്കുന്ന മികച്ച ഛായാഗ്രഹണമായിരുന്നു ചിത്രത്തിന്‌. രാജസ്ഥാനിലെ മണൽക്കാറ്റ്‌ ഉൾപ്പെട്ട രംഗങ്ങൾ, രാത്രികാല ദൃശ്യങ്ങൾ എന്നിവയിലെല്ലാം ഛായാഗ്രഹകന്റെ കഴിവ്‌ പ്രകടമായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന രണ്ടു ബസ്സുകളുടെ പശ്ചാത്തലത്തിൽ ഏറെ ശ്രമം ചെയ്ത്‌ ഒരു ക്രിമിനലിനെ പിടികൂടുന്ന രംഗം പ്രേക്ഷകനെ മുൾമുനയിൽ നിറുത്തുന്നു. ആക്ഷൻ കോറിയോഗ്രാഫി നിർവ്വഹിച്ച ദിലീപ് സുബ്ബരായൻ തീർച്ചയായും കയ്യടിയർഹിക്കുന്നു.

■യഥാർത്ഥ സംഭവത്തെ അതിന്റെ ഉദ്വേഗമോ ആസ്വാദനമോ തെല്ലും ചോർന്നുപോകാത്തവിധത്തിൽ തിരശ്ശീലയിൽ പകർത്തിയിട്ടുണ്ട്‌ എന്നത്‌ അഭിനന്ദനാർഹമാണ്‌. ഉപസംഹാരഭാഗത്ത്‌ ചില കഥാപാത്രങ്ങൾ ചോദ്യങ്ങളായി അവശേഷിച്ചു എന്നതൊഴിച്ചാൽ പൊതു തമിഴ്‌ ചിത്രങ്ങളിൽ കണ്ടുവരാറുള്ള, നായകനോടും നായകന്റെ സാഹചര്യങ്ങളോടും മൃദുസമീപനം വച്ചുപുലർത്തുന്ന പൊതുരീതികളോട്‌ സംവിധായകൻ മുഖം തിരിച്ചു നിൽക്കുകയാണ്‌. അതേസമയം പൊതു തമിഴ്‌ പ്രേക്ഷകന്റെ അഭിരുചിയോട്‌ ചിത്രം ഇണങ്ങിനിൽക്കുന്നുണ്ട്‌ താനും. ട്വിസ്റ്റോ സസ്പെൻസോ ഇല്ലാതെ തന്നെ പ്രേക്ഷകന്‌ പൂർണ്ണാവേശം ലഭിയ്ക്കത്തക്കവിധത്തിലുള്ള ഒരു ചലച്ചിത്രാനുഭവം പ്രദാനം ചെയ്യുവാൻ സംവിധായകനു സാധിച്ചിട്ടുണ്ട്‌.