‘തമാശ’ വെറും തമാശയല്ല -ഫിലിം റിവ്യു

ശാരീരികമായ പ്രശ്‌നങ്ങള്‍ മൂലം അപകര്‍ഷത അനുഭവിക്കുകയും മറ്റുള്ളവരുടെ പരിഹാസത്തിലൂടെ ജീവിതത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നവരുടെ ‘സിനിമയാണ് തമാശ. പാര്‍ശ്വവത്കരിക്കപ്പെട്ട കഥാകാരനായ സി.അയ്യപ്പന്റെ കഥകളെ കുറിച്ച് സിനിമ രണ്ടിടത്ത് സംസാരിക്കുന്നു എന്നത് ഉചിതമായി എന്നല്ല സിനിമയ്ക്ക് കൂടുതല്‍ ഉയര്‍ന്ന മാനവും നല്‍കുന്നു. അനര്‍ഹരെ ആനപ്പുറത്തു കയറ്റുന്ന മലയാള ചെറുകഥാ സാഹിത്യം ഇനിയും മുഖ്യധാരയിലേക്കു സ്വീകരിക്കാത്ത സി.അയ്യപ്പനെന്ന കഥാകാരനെ മലയാള സിനിമ തിരിച്ചറിഞ്ഞതില്‍ സന്തോഷം. സമകാലീന മലയാളിയുടെ ഏറ്റവും നിന്ദ്യമായ മുഖം ‘തമാശ’കാണിച്ചു തരുന്നുണ്ട്. ഫെയ്സ്ബുക്കിലൂടെ എന്തിനെയും വിധിക്കുകയും ആരെയും വധിക്കുകയും ചെയ്യുന്നവരെ സിനിമ നിശിതമായി നേരിടുന്നു. കാലികമായ ചില സാമൂഹിക തലങ്ങളെ ചിത്രം ആഴത്തില്‍ അനുഭവിപ്പിക്കുന്ന ഒരു പ്രധാന സന്ദര്‍ഭമാണിത്.

വൈകല്യം ആധാരമാക്കിയുള്ള ഒരു പാടു ഹിറ്റുകള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലെ മാസ്റ്റര്‍ മൂവിയാണ് ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രം’. ഇതിന്റെ ഒരു കാര്‍ബണ്‍ പതിപ്പായി മാറുകയാണോ തമാശ’ എന്നാണു് തുടക്കത്തില്‍ തോന്നിയത്. അകാല കഷണ്ടി എന്ന പരിഹാരമില്ലാത്ത പ്രശ്‌നവുമായി നടക്കുന്ന പ്രൊഫ. ശ്രീനിവാസന്റെ പല സ്വഭാവരീതികള്‍ക്കും മറ്റും തളത്തില്‍ ദിനേശന്റേതുമായി സാമ്യം തോന്നാം. പക്ഷേ വളരെ പെട്ടെന്ന തന്നെ ‘തമാശ ‘ വേറൊരു റൂട്ടു പിടിക്കുകയും അതിലൂടെ അനായാസം നമ്മെ വഴി നടത്തുകയും ചെയ്യുന്നു. അതു വരെയും വിനയ് ഫോര്‍ടിനും ശ്രീനിവാസനെ ദിനേശന് അപ്പുറത്തേക്ക് എത്തിക്കാനായിരുന്നില്ല. ശേഷമാണ് സിനിമ മൊത്തം വിനയ് ഫോര്‍ടിന്റെ ശ്രീനിവാസന്‍ പിടിച്ചെടുക്കുന്നത്. തെല്ലും ഡ്രാമ ഇല്ലാതെ ഫോര്‍ട്ട് ഈ റോള്‍ ചെയ്തിരിക്കുന്നു. ചിന്നുവുമായി ഫോണില്‍ പൊട്ടിത്തെറിച്ചു സംസാരിക്കുമ്പോഴുള്ള ആ ശബ്ദത്തിന്റെ പതര്‍ച്ചയും വേണ്ട പോലെ വാക്കുകള്‍ കിട്ടാതെ വരുന്നതുമൊക്കെ സ്വാഭാവികമായും വികാര വിക്ഷോഭത്തിന്റെ ഭാഗമായി വരുന്നതു തന്നെ.

ഒപ്പം നില്‍ക്കുന്നു രണ്ടാം പകുതിയിലെത്തുന്ന – തമാശയിലെ യഥാര്‍ത്ഥ നായിക ചിന്നു. തൊട്ടു പിന്നില്‍ തന്നെ ഗ്രേസ് ആന്റണിയും ദിവ്യപ്രഭയും നവാസ് വള്ളിക്കുന്നും ആര്യയും ഒക്കെയുണ്ട്. അഭിനേതാക്കളെ കഥയിലെ സാധാരണക്കാരാക്കി മാറ്റാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്.. സമിര്‍ താഹിര്‍, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ്, ഷൈജു ഖാലിദ് എന്നീ നാലു അതിപ്രശസ്തര്‍ നിര്‍മ്മിച്ച തമാശ പ്രേക്ഷകര്‍ക്ക് അവരിലുള്ള വിശ്വാസം കൂടുതല്‍ ദൃഢമാക്കുന്നു. സമീര്‍ താഹിറിന്റെ ഛായാഗ്രഹണം. അകത്തള രംഗങ്ങളില്‍ മിതമായ വെളിച്ച ക്രമീകരണം കൊണ്ട് കൂടുതല്‍ മിഴിവുറ്റതായി. പ്രവചിക്കാവുന്ന അന്ത്യമാണെങ്കിലും അതിലേയ്ക്ക് സിനിമ ചെന്നെത്തുന്നത് സുഖകരമായ അനുഭവം തന്നെ. അഷ്‌റഫ് ഹംസയാണു സംവിധായകന്‍

വളരെ ചെറിയ ഒരു സ്ഥലത്ത് നിന്നു കൊണ്ട് നര്‍മ്മം നിറഞ്ഞ സംഭാഷണങ്ങളും സന്ദര്‍ഭങ്ങളും വഴി അത്ര ചെറുതല്ലാത്ത കുറേ കാര്യങ്ങള്‍ പറയുന്ന ‘തമാശ’ ഏറെ ശ്രദ്ധിക്കപ്പെട്ടേക്കാം. ഷഹബാസ് അമനും റക്‌സ് വിജയനും ചേര്‍ന്ന് ഒരുക്കിയ ഗാനങ്ങള്‍ പക്ഷേ നമ്മുടെ തലയ്ക്കു മുകളിലൂടെ പോകും. ഇതും പിന്നെ മൂല ആശയത്തിന്റെ പഴക്കവും മാത്രമേ ഒരു കുറവായി പറയാനുള്ളു. ‘തമാശ” കാണേണ്ട, കാണാവുന്ന സിനിമ തന്നെ.