പാതിവെന്ത പുനരവതരണം

മലയാളത്തിലെ ഒരു യുവതാരം തമിഴില്‍ ഹീറോ ആയഭിനയിക്കുന്നു എന്നത് സന്തോഷകരമായ ഒന്നുതന്നെയാണ്. ആ സ്ഥാനം നിവിന്‍ പോളി അലങ്കരിക്കുമ്പോള്‍ അതിനു ശോഭയേറുന്നു. കാരണം സിനിമാ പാരമ്പര്യങ്ങളേതുമില്ലാതെ മലയാളസിനിമയില്‍ മുന്‍നിര സ്ഥാനത്തേയ്ക്ക് വളരെ വേഗത്തില്‍ വളര്‍ന്നെത്തിയ നടനാണ് നിവിന്‍ പോളി. നല്ല തിരഞ്ഞെടുപ്പുകളും, ഏറ്റെടുത്തവയില്‍ ഭൂരിഭാഗം ചിത്രങ്ങളും നേടിയ ജനാംഗീകാരവും നിവിന്‍ പോളിയെ യുവതാരങ്ങളില്‍ ഏറ്റവും പ്രതീക്ഷയുള്ള ഒരാളാക്കിമാറ്റിയിരുന്നു. മുന്‍പ് “സാന്റാ മരിയ” എന്ന പേരിലും പിന്നീട് “അവര്‍ഗള്‍” എന്ന പേരിലും പ്രഖ്യാപിക്കപ്പെട്ട ഈ നിവിന്‍ ചിത്രം കന്നഡയില്‍ രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത “ഉളിദവരു കണ്ടംതെ” എന്ന സിനിമയുടെ പുനരവതരണമാണ്. കന്നട റീമേക്ക്/ഡബ്ബിംഗ് ചിത്രങ്ങളെ മലയാളി പ്രേക്ഷകര്‍ അത്രകണ്ട് സ്വീകരിച്ച ചരിത്രങ്ങളില്ല. മോഹന്‍ലാല്‍ നായകനായ മൈത്രി, മമ്മൂട്ടിയുടെ ശിക്കാരി, വി.കെ പ്രകാശിന്റെ കെയര്‍ഫുള്‍ തുടങ്ങിയ സിനിമകള്‍ക്ക് സംഭവിച്ചതുപോലെതന്നെ ഒഴിഞ്ഞ കസേരകളായിരുന്നു തമിഴ് ചിത്രമായ റിച്ചിയേയും വരവേറ്റത്.

റിച്ചി അഥവാ റിച്ചാര്‍ഡ് കെ.സഹായ് എന്ന പ്രാദേശിക ഗുണ്ടയേക്കുറിച്ചുള്ള ഒരന്വേഷണത്തിലൂടെ പ്രേക്ഷകന് കഥ വിവരിക്കുകയാണ് സംവിധായകന്‍. ശ്രദ്ധ ശ്രീനാഥ് അവതരിപ്പിക്കുന്ന മേഘ എന്ന മാധ്യമ പ്രവര്‍ത്തകയുടെ കഥാപാത്രത്തിലൂടെയാണ് റിച്ചിയുടെ ജീവിതം അനാവരണം ചെയ്യപ്പെടുന്നത്. റിച്ചിയുടെ ജീവിതത്തേപ്പറ്റി ഒരു പരമ്പര തയ്യാറാക്കുവാനായി മേഘ തന്റെ തൂത്തുക്കുടിയിലെയും കുറ്റാലത്തെയും, മണപ്പാടിയിലെയും പഴയ സുഹൃത്തുകളെ കണ്ട് അവരുടെ ഓര്‍മയിലൂടെ റിച്ചിയെ പ്രേക്ഷകരിലെത്തിക്കുന്നു. സ്‌കൂള്‍ കാലത്ത് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തില്‍ ഒരു കൊലപാതകത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം പേറേണ്ടിവന്ന് ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയയ്ക്കപ്പെടുകയും പിന്നീട് തൂത്തുക്കുടിയിലെ ഒന്നാം നമ്പര്‍ ഗുണ്ടയായി മാറുകയും ചെയ്യുന്നു. സ്ഥലത്തെ പള്ളിവികാരിയുടെ വളര്‍ത്തുമകനായി അറിയപ്പെടുന്ന റിച്ചി അവിടത്തെ പ്രധാന ബിസിനസുകാരന്റെ വലംകയ്യുമാണ്. ആരെയും കൊല്ലാന്‍ മടിയില്ലാത്ത റിച്ചി ബാല്യകാലത്ത് താന്‍ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അകപ്പെടുവാന്‍ കാരണക്കാരനായ സുഹൃത്ത് തിരികെ തൂത്തുക്കുടിയിലെത്തിയ വിവരം അറിയുന്നു. പിന്നീടുണ്ടാവുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുത്താവുന്ന റിച്ചിയുടെ ആദ്യഭാഗങ്ങളില്‍ പതിയെയുള്ള കഥപറച്ചില്‍ രീതിയാണ് സംവിധായകന്‍ അവലംബിച്ചിരിക്കുന്നത്. റിച്ചിയുടെ വളര്‍ച്ചയും വ്യക്തിബന്ധങ്ങളും ഒരന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ കഥാപാത്രങ്ങളിലൂടെ വിവരിക്കുകയായിരുന്നു. പ്രധാന കഥയോട് ചേര്‍ന്ന് നില്‍ക്കുന്ന ഉപകഥകളും ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. പക്ഷെ പലതും പൂര്‍ണമായി പ്രേക്ഷകനോട് സംവദിക്കാതെ കടന്നു പോയിരിക്കുകയാണ്. ഇതൊരു മാസ്സ് ചിത്രമല്ല എന്ന് നായകന്‍ മുന്‍കൂര്‍ അറിയിച്ചിരുന്നുവെങ്കില്‍ത്തന്നെയും ട്രൈലര്‍ നല്‍കിയ ആവേശത്തോടുകൂടി തിയേറ്ററുകളിലേക്കെത്തിയ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ആദ്യപകുതി പിടിതരാതെ മെല്ലെ പോകുന്ന ഒരു ബോറന്‍ അനുഭവമാണ് നല്‍കുന്നത്. അവിചാരിതമായി കടന്നെത്തുന്ന കഥാപാത്രങ്ങള്‍, ഭൂതകാല സംഭവങ്ങള്‍ അങ്ങനെ ആശയക്കുഴപ്പങ്ങള്‍ ഉടലെടുക്കുന്ന വിധത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ചില സംഭവങ്ങള്‍ ആദ്യഭാഗങ്ങളില്‍ കാണാം. നായകന്റെ ബാല്യകാല സംഭവങ്ങളും, പഴയ കൂട്ടുകാരനുവേണ്ടിയുള്ള കാത്തിരിപ്പും ഇടയ്ക്കിടെ രസകരമായ കാഴ്ചകള്‍ സമ്മാനിച്ചു. എന്നാല്‍ കന്നട പതിപ്പില്‍ നിന്നും വ്യത്യാസങ്ങളുള്ള രണ്ടാം പകുതി താരതമ്യേന മികച്ചുനില്‍ക്കുന്നു. നായകത്വത്തില്‍ ഊന്നിനില്‍ക്കുന്ന പൊതു സിനിമാ കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായ രീതിയിലുള്ള ഉപസംഹാരഭാഗങ്ങള്‍ ചിത്രത്തെ വേറിട്ടുനിറുത്തുന്നു.

സേഫ് സോണില്‍ നില്‍ക്കാതെ, വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്‍പോട്ടുനീങ്ങുക എന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നുതന്നെയാണ്. നിവിന്‍ അത്തരത്തിലുള്ള ഒരു ചുവടുവയ്പ്പ് തന്നെയാണ് നടത്തിയിരിക്കുന്നത്. നിവിന്‍ പോളിയെ പ്രധാനമായും അടയാളപ്പെടുത്തുന്നത് ആ ലുക്ക് തന്നെയാണ്. മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും നീട്ടിവളര്‍ത്തിയ താടിയും കൂളിംഗ് ഗ്ലാസും അയഞ്ഞ ബെല്‍റ്റും പ്രത്യേകതരം ചെരിപ്പും, അണിഞ്ഞ് പ്രത്യക്ഷപ്പെട്ട തനി നാടന്‍ മാനറിസങ്ങളുള്ള റിച്ചി എന്ന വിചിത്ര സ്വഭാവക്കാരനായ ഗുണ്ടാനേതാവിനെ നിവിന്‍ പോളി നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ടൈഗര്‍ ഡാന്‍സിലെ സീക്വന്‍സുകളും രഘു എന്ന കഥാപാത്രവുമൊത്തുള്ള രംഗങ്ങളും എടുത്തുപറയേണ്ടതാണ്. നിവിന്‍ പോളി തന്നെ ഡബ്ബ് ചെയ്തിരിക്കുന്നു. സംഭാഷണരംഗങ്ങളില്‍ കൃത്രിമത്വം പ്രകടമായിരുന്നു. ലക്ഷ്മി ചന്ദ്രമൗലി, പ്രകാശ് രാജ്, നടരാജന്‍ സുബ്രഹ്മണ്യം, ആടുകളം മുരുകദോസ് തുടങ്ങി ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ പ്രാധാന്യമുള്ള വേഷങ്ങളില്‍ ഉണ്ടായിരുന്നു. ഓരോരുത്തര്‍ക്കും കൃത്യമായ ഇമോഷന്‍സ് ഉണ്ടായിരുന്നെങ്കില്‍ പോലും അവയെ കൃത്യമായി സ്‌ക്രീനില്‍ എത്തിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചില്ല.

ഒരു പ്രൊഫഷണല്‍ ഗുണ്ടയുടെ ഫ്ളാഷ് ബാക്കിലൂടെ കഥ പറയുമ്പോള്‍, ചിത്രം സൗഹൃദത്തിന്റെ കഥ പറയുകയാണോ, പ്രണയത്തിന്റെ കഥ പറയുകയാണോ, അതല്ല പകയുടെ കഥ പറയുകയാണോ, പ്രതികാരകഥയാണോ പറയുന്നത് എന്ന സന്ദേഹം പ്രേക്ഷകനിലുദിച്ചേക്കാം. എന്നാല്‍ ഇത്തരം സംശയങ്ങള്‍ക്കൊന്നുമുള്ള കൃത്യമായ മറുപടി സംവിധായകന്‍ നല്‍കുന്നതുമില്ല. തൂത്തുക്കുടിയിലെ തീരദേശങ്ങളും ഉള്‍നാടന്‍ ഗ്രാമങ്ങളുമാണ് ചിത്രത്തിന് പശ്ചാത്തലമായിരിക്കുന്നത്. “ഉളിദവരു കണ്ടംതെ”യുടെ റീമേക്കാണിതെങ്കിലും തമിഴ് പ്രേക്ഷകരുടെ അഭിരുചിക്കും ആസ്വാദന നിലവാരത്തിനുമനുസരിച്ച് തിരക്കഥയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. തൂത്തുക്കുടിയിലെ ഗ്രാമങ്ങളിലേയ്ക്ക് പറിച്ചുനടപ്പെട്ടപ്പോള്‍ നാല്‍പ്പതുതവണ മാറ്റിയെഴുതിയെന്ന് തിരക്കഥാകൃത്ത് അവകാശപ്പെടുമ്പോഴും, തിരക്കഥയില്‍ താളപ്പിഴകളും ദൃശ്യമാണ്.

ഓരോ മനുഷ്യനും എത്തിച്ചേര്‍ന്നേക്കാവുന്ന വിവിധ അവസ്ഥകളേക്കുറിച്ചാണ് റിച്ചി പറയുന്നത്. സാഹചര്യങ്ങളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത് എന്നും ചിത്രം പറഞ്ഞുവയ്ക്കുന്നു. ചിലപ്പോഴൊക്കെ നായകന്റെ പ്രവര്‍ത്തനങ്ങള്‍ പ്രേക്ഷകനെ കണ്‍ഫ്യൂസ് ചെയ്യിക്കുന്നുണ്ട്. നായകനിലേയ്ക്കുള്ള അന്വേഷണത്തില്‍ മാധ്യമപ്രവര്‍ത്തക ചെന്നെത്തുന്ന അഞ്ചുപേരെയും നായകന്‍ സ്വാധീനിച്ച വിധങ്ങളും ശ്രദ്ധേയമാണ്. തിരക്കഥയില്‍ ഉണ്ടായ ചില പിഴവുകള്‍ നിമിത്തം പലപ്പോഴും പ്രേക്ഷകന് സിനിമയുമൊത്തുള്ള സഞ്ചാരം ഇടമുറിയുന്നുണ്ട്. ഏതാനും കഥാപാത്രങ്ങളെ കുറിച്ചും കഥയെ കുറിച്ചും ഒരുപാട് അവ്യക്തതകള്‍ അവശേഷിക്കുന്നുണ്ട്.

സിനിമയില്‍ ഏറ്റവും മികച്ചതായനുഭവപ്പെട്ടത് അതിന്റെ പശ്ചാത്തലസംഗീതം തന്നെയാണ്. സ്ഥിരം കാഴ്ചകളില്‍ നിന്നും മാറിനിന്നുകൊണ്ടാണ് ചിത്രം കഥപറയുന്നത് എന്ന് പ്രേക്ഷകണ് അനുഭവപ്പെടാന്‍ തക്കവണ്ണം പശ്ചാത്തലസംഗീതം നന്നായി ഒരുക്കിയിട്ടുണ്ട്. റിച്ചിയുടെ കന്നട പതിപ്പിന് സംഗീതം നല്‍കിയ അജനീഷ് ലോകനാഥ് ആണ് തമിഴിലും സംഗീതസംവിധാനം. ഗാനങ്ങള്‍ ശരാശരിനിലവാരം പുലര്‍ത്തി. സംഘട്ടനരംഗങ്ങള്‍ ഇല്ലാതെ തന്നെ ആക്ഷന്‍ മൂഡ് നിലനിര്‍ത്തുന്നതില്‍ ഒരു പരിധിവരെ സാങ്കേതികവശങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. പാണ്ഢി കുമാറിന്റെ ഛായാഗ്രഹണവും മികച്ചുനിന്നു.

കണ്ടു ശീലിച്ച അവതരണരീതികളില്‍ നിന്നും വേറിട്ട വിധത്തിലുള്ള ചിത്രമാണ് റിച്ചി. എന്നിരുന്നാലും കുഴഞ്ഞു മറിഞ്ഞതും, ദുരൂഹതകള്‍ നിറഞ്ഞതുമായ കഥപറച്ചില്‍ രീതി റിച്ചിയെ ശരാശരിയിലും താഴേയ്ക്ക് കൂട്ടിക്കൊണ്ടുപോയി എന്നേ പറയുവാന്‍ കഴിയൂ. സിനിമയുടെ ദൈര്‍ഘ്യം രണ്ടുമണിക്കൂറില്‍ താഴെ മാത്രമേ ഉള്ളൂ എങ്കിലും, ആകെത്തുകയില്‍ റിച്ചി ഒരു ബോറന്‍ അനുഭവം തന്നെയാണ്.