പുതിയ താളത്തില്‍ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍

Gambinos Ad

Gambinos Ad

താരപ്രാതിനിധ്യമില്ലാത്ത ചിത്രങ്ങള്‍ പലപ്പോഴും അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച മുതല്‍ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുന്ന ‘സുഡാനി ഫ്രം നൈജീരിയ’ വരെ അത്തരം അത്ഭുതങ്ങളുടെ ഭാഗമാണ്. ഈ ഗണത്തില്‍പ്പെടുന്ന, ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷമിറങ്ങിയ ‘അങ്കമാലി ഡയറീസ്.’ ഒരു ദേശത്തിന്റെ കഥയില്‍, ആക്ഷനും വയലന്‍സും, റിവഞ്ചും പ്രണയവും, കുടുംബബന്ധങ്ങളും തുല്യമായ അളവില്‍ ഇഴചേര്‍ക്കപ്പെട്ട അങ്കമാലി ഡയറീസ് വലിയൊരു വിഭാഗം പ്രേക്ഷകര്‍ക്കും പുതിയൊരനുഭവമായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനസഹായിയായിരുന്ന ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഒരു നവാഗത സംവിധായകന്റെ ചിത്രമായിരുന്നിട്ട് കൂടി, ഈ ചിത്രത്തിലേക്ക് ഉറ്റുനോക്കുവാന്‍ സാധാരണ പ്രേക്ഷകനെ പ്രേരിപ്പിച്ച മറ്റുചില ഘടകങ്ങളുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി മലയാള സിനിമാ സ്‌നേഹികളെ പ്രകടനങ്ങള്‍ കൊണ്ട് കീഴടക്കിയ ഏതാനും താരങ്ങളുടെ സാന്നിധ്യം തന്നെയാണ് അതില്‍ പ്രധാനം. ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ഈ ചിത്രം, അങ്കമാലി ഡയറീസിലൂടെ ശ്രദ്ധിക്കപ്പെട്ട യുവതാരം ആന്റണി വര്‍ഗ്ഗീസിന്റെ രണ്ടാമത്തെ ചിത്രമാണ്. വിനായകന്‍, ടിറ്റോ വില്‍സന്‍, ചെമ്പന്‍ വിനോദ് ജോസ്, ലിജോ ജോസ് പെല്ലിശ്ശേരി, തുടങ്ങിയവര്‍ ഒന്നിച്ചു ചേരുന്നു എന്നതും ആശാവഹമാണ്. സംവിധായകനായ ബി ഉണ്ണികൃഷ്ണനും ബി സി ജോഷിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചിത്രത്തിന്റെ നിര്‍മ്മാണത്തിലും പങ്കു ചേരുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ, ഗംഭീര പശ്ചാത്തലസംഗീതത്തോടുകൂടിയ ട്രൈലര്‍, ചിത്രത്തിനായി കാത്തിരുന്ന പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിലാഴ്ത്താന്‍ പര്യാപ്തമായിരുന്നു.

‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ 1976-ല്‍ പുറത്തിറങ്ങിയ ഒരു ഗ്രന്ഥത്തേക്കുറിച്ചായിരിക്കും നമ്മുടെ മനസ്സില്‍ ഓടിയെത്തുക. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തേക്കുറിച്ച് ഡൊമിനിക് ലാപിയര്‍എന്ന ഫ്രഞ്ചുകാരനുംലാറി കോളിന്‍സ് എന്ന അമേരിക്കക്കാരനും ചേര്‍ന്നെഴുതിയ’ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ എന്നഇംഗ്ലീഷ്പുസ്തകത്തിന്റെ മലയാളപരിഭാഷയാണ്’സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍.’ ടി.കെ.ജി. നായരും എം.എസ്. ചന്ദ്രശേഖര വാരിയരുമാണ് പരിഭാഷകര്‍. 1947 ജനുവരി ഒന്ന് മുതല്‍ 1948 ജനുവരി 30 വരെയുള്ള കാലഘട്ടമാണ് ഈ പുസ്തകം വിവരിക്കുന്നത്. ഇത്തരത്തില്‍ ചരിത്രവുമായുള്ള ബന്ധം പേരില്‍ പുലര്‍ത്തിയെങ്കിലും വര്‍ത്തമാനകാലത്തെ ജയില്‍ ജീവിതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

കോട്ടയത്തെ ഒരു ധനകാര്യസ്ഥാപനത്തിലെ മാനേജരായ ജേക്കബ് വര്‍ഗ്ഗീസ് എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ കോട്ടയത്തെ ഒരു കോണ്‍വെന്റില്‍ നിന്നും പൊലീസ് പിടിയിലകപ്പെടുന്ന ബെറ്റിയില്‍ നിന്നുമാണ് കഥയുടെ ആരംഭം. രാത്രിയില്‍ നടക്കുന്ന ചില സംഭവങ്ങളും, അതിനോടനുബന്ധിച്ച് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടമാടുന്ന മറ്റ് ചില സംഭവങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിന്റെ ഭൂരിഭാഗവും ജയിലിനുള്ളിലാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. തടവറയ്ക്കുള്ളിലകപ്പെട്ട ചില മനുഷ്യരുടെ പച്ചയായ ജീവിതമാണ് ടിനു പാപ്പച്ചന്‍ വരച്ചുകാട്ടുന്നത്.

മനുഷ്യന്റെ മനസ്സ് സദാ സ്വാതന്ത്ര്യം ആഗ്രഹിച്ചുകൊണ്ടിരിക്കുകയാണ്. പരിധിവിട്ടാല്‍ ഈ ആഗ്രഹം സഫലീകരിക്കുന്നതിനായി മനുഷ്യന്‍ ഏത് മാര്‍ഗ്ഗവും അവലംബിക്കും എന്നതാണ് ചിത്രം ആത്യന്തികമായി പറയുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ അന്ന് അര്‍ദ്ധരാത്രിയില്‍ ഏറെ ശ്രമം ചെയ്ത് ജയില്‍ ചാടുന്ന ഏതാനുമാളുകളെ ചിത്രം പരിചയപ്പെടുത്തുന്നു.

സസ്‌പെന്‍സ് ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ആദ്യഭാഗങ്ങള്‍ മുന്‍പോട്ട് നീങ്ങുന്നത്. ആദ്യാവസാനം ഉദ്വേഗം പ്രേക്ഷകന് അനുഭവവേദ്യമാകുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ അടുത്തയിടെ കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായി ജയില്‍ ജീവിതം ചിത്രീകരിച്ചിട്ടുണ്ട്. ഒരേ പേസിലായിരുന്നില്ല ചിത്രത്തിന്റെ സഞ്ചാരം. ജയിലിനകത്തുവച്ച് തന്നെ ചിത്രം ചടുലമാവുകയും ഡൗണ്‍ ആവുകയും ചെയ്യുന്നുണ്ട്. പ്രതീക്ഷിക്കാവുന്ന വിധത്തിലുള്ളതും പെട്ടന്ന് പറഞ്ഞൊപ്പിച്ചതുമായ ഉപസംഹാരഭാഗങ്ങള്‍ ചെറിയ കല്ലുകടി തന്നെയാണ്.

2017-ലെ ഏറ്റവും മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ഗിരീഷ് ഗംഗാധരന്‍ ഇത്തവണയും ഞെട്ടിച്ചിരിക്കുകയാണ്. പ്രതീക്ഷിക്കാത്ത ചില ആംഗിളുകളിലൂടെ ഗിരീഷ് ഗംഗാധരന്‍ കഥാപാത്രങ്ങളുടെ മനസ്സും ഒപ്പിയെടുത്തു. ഉചിതമായ കളര്‍ ഗ്രേഡിംഗും ചിത്രത്തെ മറ്റൊരുതലത്തിലേയ്ക്കുയര്‍ത്തുന്നു. ഷമീര്‍ മുഹമ്മദിന്റെ ചിത്രസംയോജനം, ചിത്രം അര്‍ഹിക്കുന്ന വിധത്തില്‍ പ്രേക്ഷകരിലേക്ക് എത്തുവാനിടയാക്കി. ജേക്‌സ് ബിജോയ് ഒരുക്കിയ രണ്ടുഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഒരു ഗാനം നിലവാരം പുലര്‍ത്തി. ദീപക് അലക്‌സാണ്ടര്‍ ഒരുക്കിയ പശ്ചാത്തലസംഗീതം ആക്ഷന്‍ രംഗങ്ങള്‍ക്ക് ചടുലത പകരുവാന്‍ തക്കവണ്ണമുള്ളതായിരുന്നു. സുപ്രീം സുന്ദര്‍ ഒരുക്കിയ സംഘട്ടനരംഗങ്ങള്‍ ചിത്രത്തിന് അനുയോജ്യമായിരുന്നു.

മികച്ച താരനിര്‍ണ്ണയം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ നേട്ടമായി പറയുവാനുള്ളത്. മുപ്പതുകാരനായ ജേക്കബ് വര്‍ഗ്ഗീസ് എന്ന കഥാപാത്രത്തെയാണ് ആന്റണി വര്‍ഗ്ഗീസ് അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസ് കഴിഞ്ഞ് ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആന്റണി വര്‍ഗ്ഗീസ് അഭിനയിക്കുന്ന ഈ ചിത്രം, അദ്ദേഹത്തിന്റെ മികച്ച തിരഞ്ഞെടുപ്പിനെത്തന്നെയാണ് സൂചിപ്പിക്കുന്നത്. ജയില്‍ വസ്ത്രങ്ങളും നമ്പരുകളുമില്ലാത്ത ആന്റണി വര്‍ഗീസ് എന്ന നായകനും മറ്റ് തടവുകാരും ചിത്രത്തില്‍ തങ്ങളുടേതായ വേഷങ്ങള്‍ ഗംഭീരമാക്കുന്നു. ജേക്കബ് എന്ന കഥാപാത്രമായുള്ള ആന്റണിയുടെ പെര്‍ഫോമന്‍സ് ഗംഭീരമായിരുന്നു. സൈമണ്‍ എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന വിനായകനും, ഉദയന്‍ എന്ന കഥാപാത്രമായെത്തുന്ന ടിറ്റോ വില്‍സനും മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്നു. ഇവരേക്കൂടാതെ ‘അങ്കമാലി ഡയറീസി’ല്‍ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളെയും ഈ ചിത്രത്തില്‍ വീണ്ടും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ബെറ്റി എന്ന നായികാകഥാപാത്രമായി പ്രത്യക്ഷപ്പെട്ട അശ്വതി മനോഹര്‍ തന്റെ വേഷം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

ചില ആശയക്കുഴപ്പങ്ങളും ചില സിനിമാറ്റിക് അയഥാര്‍ത്ഥ്യങ്ങളും മാറ്റി നിര്‍ത്തിയാല്‍ ദിലീപ് കുര്യന്റേത് കണ്‍വിന്‍സിംഗ് ആയ സ്‌ക്രിപ്റ്റ് തന്നെയായിരുന്നു. എന്നിരുന്നാലും ‘എസ്‌കേപ് ഫ്രം അല്‍കട്രാസ്’ എന്ന ചിത്രവുമായുള്ള ഈ ചിത്രത്തിന്റെ സാമ്യം എടുത്തുപറയേണ്ടതാണ്. ജയിലുചാട്ടത്തിനു പ്രേരകമായ സംഭവങ്ങളും ജയിലു ചാടുവാനായി കഥാപാത്രങ്ങള്‍ അവലംബിക്കുന്ന മാര്‍ഗ്ഗങ്ങളും സാമ്യതയുള്ളതാണ്. കഥാപാത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുവാനായി സംവിധായകന്‍ വളഞ്ഞവഴികളൊന്നും സ്വീകരിക്കുകയോ കഥാപാത്രങ്ങള്‍ക്ക് വൈകാരികത ചാര്‍ത്തിനല്‍കുകയോ ചെയ്തിട്ടില്ല.

ടിനു പാപ്പച്ചന്‍ കഥ വികസിപ്പിച്ച രീതി ശ്രദ്ധയര്‍ഹിക്കുന്നു. ജയിലിനകത്തും പുറത്തുമായി ഇന്ന് ഇതര സംസ്ഥാനത്തൊഴിലാളികളോടുള്ള നമ്മുടെ മനോഭാവത്തെ ചിത്രം എടുത്തുകാണിക്കുന്നുണ്ട്. അതുപോലെ മൈസൂരിലെ പബ്ബിനകത്ത് ശിവസേന നടത്തിയ ആക്രമണങ്ങളെ ഓര്‍മ്മിപ്പിക്കും വിധത്തിലുള്ള ചില സംഭവങ്ങളും ചിത്രത്തില്‍ കാണാവുന്നതാണ്. ജയില്‍ ചാടല്‍ എന്ന തന്തുവിനെ മികവുറ്റ രീതിയില്‍ പ്രേക്ഷകനു മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രകടനത്തില്‍, കഥാപാത്രങ്ങളില്‍, ജയില്‍ ജീവിതത്തിന്റെ സൂക്ഷ്മ നിരീക്ഷണമാണ് ചിത്രത്തില്‍ കാണുവാന്‍ സാധിക്കുന്നത്. ജയില്‍ ജീവിതങ്ങളും രക്ഷപെടലും പ്രമേയമാക്കി, പദ്മരാജന്റെ ‘സീസണ്‍’ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ടെങ്കിലും ‘അവതരണമികവു കൊണ്ട് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ തലയുയര്‍ത്തിനില്‍ക്കും.