പൂത്തുലയുന്ന പൂമരം

Gambinos Ad
ript>

Gambinos Ad

ഒരു സിനിമയ്ക്ക് മേൽ ഇത്രയേറെ കാത്തിരുപ്പ് ഉണ്ടായത് ഇതാദ്യമായാണ്‌. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്ക് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും കാളിദാസ് ആദ്യമായി നായകനായെത്തുന്ന മലയാളചിത്രമെന്ന നിലയിലും മലയാളി പ്രേക്ഷകസമൂഹം പ്രതീക്ഷകൾ വച്ചുപുലർത്തിയിരുന്നു. 2016 ആഗസ്റ്റ് 27-ന് കാളിദാസ് തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ച ഈ ചിത്രത്തിനായി ഒന്നരവർഷമായി മലയാളിപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. 2016 സെപ്തംബറിൽ സിനിമയുടെ ചിത്രീകരണം തുടങ്ങി, നവംബറിൽ ആദ്യഗാനവും പുറത്തിറങ്ങി. ‘ഞാനും ഞാനുമെന്റാളും’ എന്ന ഗാനം ക്യാംപസുകളിൽ ട്രെൻഡ് ആയി. ഈ ഗാനം ചിത്രത്തോടുള്ള താത്പര്യം പ്രേക്ഷകർക്ക്‌ ഒന്നുകൂടി വർദ്ധിക്കുവാൻ കാരണമായി. സിനിമയുടെ റിലീസ് വൈകുന്നതായിരുന്നു ട്രോളന്മാർ വിഷയമാക്കിയത്. പിന്നീട് 2017 മെയ് 13-ന് ‘കടവത്തൊരു തോണി’ എന്ന ഗാനം പുറത്തിറങ്ങി, സ്വീകാര്യതയും നേടി. ചിത്രീകരണം തുടങ്ങി ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും ട്രോളന്മാരും ചിത്രം ഏറ്റെടുത്തു.

ഫേസ്ബുക്ക്‌ ട്രോളുകൾ നമ്മെ ഇത്രയധികം കീഴടക്കിയിരിക്കുന്ന ഈ നാളുകളിൽ റിലീസ് ചെയ്യപ്പെടാത്ത ഒരു സിനിമ ട്രോളുകളിലൂടെ ഇത്രയധികം ചർച്ച ചെയ്യപ്പെട്ടതും ഇതാദ്യമാണ്‌. സിനിമയ്ക്കും തനിക്കും നേരെ വരുന്ന കമന്റുകൾക്ക് രസകരമായ മറുപടി നൽകി കാളിദാസും പ്രേക്ഷകരുടെ ഇഷ്ടം നേടി. തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ ട്രോളുകൾ പ്രേക്ഷകർക്കായി പങ്കുവക്കാനും ഒരുമടിയും താരത്തിനില്ലായിരുന്നു. ഇതെല്ലാം ആത്മവിശ്വാസത്തോടെ സിനിമയുടെ നല്ലതിനായി മാത്രം കണ്ടായിരുന്നു കാളിദാസന്റെ മുന്നേറ്റം. എന്തുതന്നെയായാലും പ്രേക്ഷകമനസ്സുകളിൽ നിന്നും മങ്ങിപ്പോവേണ്ടിയിരുന്ന ചിത്രത്തെ സ്ഫുരിച്ച്‌ നിർത്തുവാൻ ഇടയാക്കിയത്‌ ട്രോളുകൾ തന്നെയായിരുന്നു. അതിനിടെ റിലീസ് ചെയ്യാത്ത സിനിമയുടെ നിരൂപണം വരെ അണിയറപ്രവർത്തകർക്ക് കാണേണ്ടി വന്നു. ഒരു ടീസറോ ട്രെയിലറിലോ പുറത്തിറക്കാതെ അവസാനം പൂമരം ഇന്നുമുതൽ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്‌. സ്വന്തമായ പാതയിലൂടെ വിമർശനങ്ങൾക്ക്‌ അർഹിക്കുന്ന പ്രാധാന്യം നൽകിക്കൊണ്ട്‌ സിനിമയൊരുക്കുക എന്നതാണ്‌ എബ്രിഡ്‌ ഷൈനിന്റെ രീതി.

പൂത്തുലഞ്ഞ് 'പൂമരം'

കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ 'പൂമരം' കാണാന്‍ കാളിദാസിനൊപ്പം ജയറാമും പാര്‍വ്വതിയും, പൂമരം കുടുംബവും. കഴിഞ്ഞ ഒന്നര വര്‍ഷം കാളിദാസിന് കിട്ടിയ അനുഭവങ്ങള്‍ വെള്ളിത്തിരയില്‍ റിഫ്‌ലക്ട് ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് വികാരാധീതനായി ജയറാം. മികച്ച ചിത്രം എന്ന അഭിപ്രായം നേടിയാണ് പൂമരം തിയറ്ററുകളില്‍ മുന്നേറുന്നത്.

Posted by SouthLive Malayalam on Thursday, 15 March 2018

ആക്ഷൻ ഹീറോ ബിജുവിൽ ഒരു പൊലീസ്‌ ഉദ്യോഗസ്ഥനോടൊപ്പമുള്ള യാത്രായിരുന്നു പ്രേക്ഷകന്‌ എബ്രിഡ്‌ ഷൈൻ സമ്മാനിച്ചതെങ്കിൽ പൂമരത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലാ കലോത്സവവേദിയിലേയ്ക്ക്‌ പ്രേക്ഷകനെ ആനയിക്കുകയാണ്‌ സംവിധായകൻ. ആക്ഷൻ ഹീറോ ബിജു പോലെ തന്നെ, ആഴമേറിയ ഒരു കഥാപശ്ചാത്തലം പൂമരത്തിനുമില്ല. എന്നാൽ കലാലയത്തിന്റെ സൗരഭ്യവും മത്സരാവേശവും ഒരുക്കങ്ങളും പ്രണയവും സൗഹൃദവും സംഘർഷങ്ങളുമെല്ലാം ഒത്തുചേര്‍ന്ന, അഞ്ചുദിവസങ്ങൾ നീണ്ടുനിൽക്കുന്ന കലോത്സവലഹരിയിലേയ്ക്ക്‌ സംവിധായകൻ പ്രേക്ഷകരെ കൈപിടിച്ചിരുത്തുന്നു. എബ്രിഡ് ഷൈൻ തന്നെയാണ് ചിത്രത്തിന്‌ തിരക്കഥയൊരുക്കിയിരിക്കുന്നതും. മഹാത്മാഗാന്ധി സർവ്വകലാശാല കലോത്സവത്തിലെ മഹാരാജാസ് കോളേജും സെന്റ് തെരേസാസ് കോളേജും തമ്മിലുള്ള കിരീടപ്പോരാട്ടമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.

അഞ്ചുവർഷങ്ങളായി കിരീടജേതാക്കളായുള്ള സെന്റ്‌ തെരേസാസുമായുള്ള മഹാരാജാസ് കോളേജിന്റെ മത്സരവും അതിനിടയിൽ അരങ്ങേറുന്ന ചില സംഭവങ്ങളുമാണ്‌ ചിത്രം പറഞ്ഞുപോകുന്നത്‌. ‘സർവ്വകലാശാല’ മുതൽ ഇങ്ങോളമുള്ള ക്യാമ്പസ്‌ ചിത്രങ്ങളെല്ലാം സ്ഥാപിച്ചുവച്ചിരിക്കുന്ന പൊതു ചട്ടക്കൂടിനകത്തുനിന്നുകൊണ്ടല്ല പൂമരം ആഖ്യാനിക്കപ്പെടുന്നത്‌. കലോത്സവങ്ങളും അനുബന്ധ സംഭവങ്ങളും വിവിധ ചിത്രങ്ങളിൽ വിവിധ രൂപങ്ങളിൽ നമുക്ക്‌ കാണാൻ സാധിച്ചിട്ടുണ്ട്‌. ക്യാമ്പസ്‌ ചിത്രങ്ങളിലെല്ലാം പൊതുവായി കണ്ടുവരുന്ന ചില കാഴ്ചകളുണ്ട്‌. അവയിൽ നിന്നെല്ലാം അന്യം നിൽക്കുകയാണ്‌ പൂമരം. പ്രണയരംഗങ്ങളോ ഹോസ്റ്റൽ മുറി രംഗങ്ങളോ, ചിത്രീകരിക്കുന്നതിൽ എബ്രിഡ്‌ ഷൈൻ ആരെയും അനുകരിച്ചിട്ടില്ല. പുകവലി-മദ്യപാന രംഗങ്ങളോ മറ്റ്‌ അനാവശ്യ സംഭാഷണരംഗങ്ങളോ ചിത്രത്തിൽ ചേർക്കപ്പെട്ടിട്ടില്ല. മറിച്ച്‌ പരാമർശവിധേയമായ വിഷയത്തിന്റെ ഗൗരവം ചോർന്നുപോകാതെ ചിത്രത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്‌. പൂമരത്തെ സംബന്ധിച്ചിടത്തോളം ഒരു കലോത്സവത്തെ ചുറ്റിപ്പറ്റിയുള്ള ഏതാണ്ട്‌ എല്ലാ വശങ്ങളെയും ചിത്രം സ്പർശിക്കുന്നുണ്ട്‌. കേരളത്തിന്റെ സാംസ്കാരികരംഗം പലവിധങ്ങളിൽ കലോത്സവങ്ങളാല്‍ സമ്പന്നമാക്കപ്പെടുന്നുണ്ട്‌. അനുഭവങ്ങളുടെയും സര്‍ഗാത്മകതയുടെയും വിസ്‌ഫോടനങ്ങളാണ് കലോത്സവവേദികളില്‍ സൃഷ്ടിക്കപ്പെടുന്നത്‌.

ഇത്തരം വിസ്‌ഫോടനങ്ങളാണ്‌ ഭാവിക്ക് ആവശ്യമായ നിക്ഷേപങ്ങളായി മാറുന്നത്. ഒരു കലോത്സവത്തിന്റെ നടത്തിപ്പിനായുള്ള ശ്രമങ്ങൾ, മത്സരാർത്ഥികളുടെ സംഘർഷങ്ങൾ ഇവയെല്ലാം അതേപടി ഒപ്പിയെടുത്തിരിക്കുകയാണ്‌ സംവിധായകൻ. സിനിമാറ്റിക്‌ ഘടകങ്ങളെ മാറ്റി നിറുത്തിക്കൊണ്ട്‌, യാഥാര്‍ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന ആവിഷ്കാരമാണ്‌ സംവിധായകൻ അവലംബിച്ചിരിക്കുന്നത്‌. മനോഹരമായ കവിതകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള, മികച്ച സിനിമാനുഭവം പ്രദാനം ചെയ്യുന്ന ഒരു ചിത്രമാണ്‌ പൂമരം. വളരെയധികം സാംസ്കാരിക പാരമ്പര്യമുള്ള മഹാരാജാസ്‌ കോളേജിൽ ചെയർമാനായ ഗൗതമൻ പരിപാടികൾക്ക്‌ നേതൃത്വം നൽകുന്നു. ഒരു നായകൻ അല്ലെങ്കിൽ ലീഡർ എങ്ങനെയുള്ളവൻ ആയിരിക്കണം എന്നതിനേക്കുറിച്ച്‌ ഒരുൾക്കാഴ്ച നൽകിത്തരുവാൻ ചിത്രത്തിനു സാധിച്ചിട്ടുണ്ട്‌. നേതൃത്വസ്ഥാനം വഹിക്കുന്നവർക്ക്‌ വേണ്ടുന്ന പാടവത്തേക്കുറിച്ചും ഉൾക്കാഴ്ചയേക്കുറിച്ചും ചിത്രം വിശദമാക്കുന്നുണ്ട്‌.

സംഭാഷണങ്ങൾക്ക്‌ പ്രാധാന്യമുള്ള ചിത്രമാണ്‌. നായകനും പിതാവുമൊത്തുള്ള സംഭാഷണരംഗങ്ങളിൽ നിന്നുമാരംഭിക്കുന്ന ചിത്രം തുടക്കത്തിൽത്തന്നെ പറയുവാനുദ്ദേശിക്കുന്ന കാര്യങ്ങളേക്കുറിച്ച്‌ ഏകദേശരൂപം പ്രേക്ഷകർക്ക്‌ നൽകിത്തരുന്നുണ്ട്‌. സ്നേഹവാനായ പിതാവ്‌ മകനു നൽകുന്ന ശാസനകളും നിർദ്ദേശങ്ങളും ശിക്ഷണവും ഇന്നത്തെ ഓരോ കുടുംബാംഗങ്ങൾക്കും മാതൃകയാണ്‌. പലപ്പോഴും ക്യാമ്പസ്‌ ചിത്രങ്ങൾ നായകത്വത്തിന്റെ ശ്രേഷ്ഠതയിൽ ഊന്നിനിലയുറപ്പിക്കുവാൻ ശ്രമം ചെയ്യുമ്പോൾ പൂമരം അതിൽ നിന്നും വ്യത്യസ്തമാകുന്നു.

ആക്ഷൻ ഹീറോ ബിജുവിലെ നായകനെ പ്രവൃത്തികളിലൂടെ ഹീറോ ആക്കിക്കാണിക്കുവാൻ ശ്രമം ചെയ്ത എബ്രിഡ്‌ ഷൈൻ പൂമരത്തിലും നായകനെ വ്യത്യസ്തനാക്കിത്തീർക്കുന്നത്‌ പ്രവൃത്തികളിലൂടെയാണ്‌.

കിരീടം നിലനിറുത്തുവാൻ യത്നിക്കുന്ന ഒരു ടീമും, മത്സരത്തിൽ തങ്ങൾ ഒരിക്കലും വീണുപോവില്ലെന്നുറപ്പിച്ച മറ്റൊരു ടീമും തമ്മിലുള്ള വാശിയേറിയ മത്സരം പ്രേക്ഷകനെ തെല്ലും ബോറടിപ്പിക്കുന്നില്ല. ഒരു പരിധിവരെ ഉത്സവാന്തരീക്ഷം പകർന്നുനൽകുവാനും ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്‌. യുവജനങ്ങൾക്ക്‌ പ്രാധാന്യമുള്ള, യുവത്വത്തിന്റെ കഥപറയുന്ന ഒരു ചിത്രം എന്നതിലുപരി, കാലോചിതമായ വിവിധ വിഷയങ്ങളിലേയ്ക്കും ചിത്രം വിരൽ ചൂണ്ടുന്നുണ്ട്‌. തണൽ, മരം നടൽ, പുഴകളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ ചിത്രം പരോക്ഷമായി പ്രതിപാദിക്കുന്നു. കലോത്സവങ്ങളുടെ വിധിനിർണ്ണയം, ജഡ്ജസിന്റെ ഈഗോ പ്രശ്നങ്ങൾ, പണം കൈപ്പറ്റിക്കൊണ്ടുള്ള ഫലപ്രഖ്യാപനം, ശേഷമുള്ള ലഹളകൾ തുടങ്ങിയ വിഷയങ്ങളും ചേർക്കപ്പെട്ടിട്ടുണ്ട്‌. കെ.പി.കറുപ്പന്റെ അധ്യാപനനിയമനത്തേക്കുറിച്ചുള്ള നായകന്റെ ആവേശോജ്ജ്വലമായ വാക്കുകൾ, എടുത്തുപറയേണ്ടതാണ്‌. രണ്ടാം പകുതിയിലെ പൊലീസ്‌ സ്റ്റേഷൻ രംഗങ്ങളും സംഭാഷണങ്ങളും സബ്‌ ഇൻസ്പെക്ടർ നേരിട്ട പ്രതികളുമെല്ലാം ആക്ഷൻ ഹീറോ ബിജുവിനെ ഓർമ്മിപ്പിച്ചു.

ഒരു കലോത്സവനഗരിയിൽ ക്യാമറ കൊണ്ടുപോയിവച്ച അനുഭവമാണ്‌ പലപ്പോഴും പ്രേക്ഷകന്‌ അനുഭവപ്പെടുന്നത്‌. കൃത്രിമത്വമില്ലാത്ത, സന്ദർഭോചിത ഹാസ്യസംഭാഷണങ്ങളുടെ അകമ്പടിയും ചിത്രത്തിനുണ്ട്‌. നിറങ്ങളുടെ, കലയുടെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ
സാംസ്കാരികത്തനിമയുള്ള കലോത്സവങ്ങളും വേദികളും അതാത്‌ കാലങ്ങളിലെ യുവജനങ്ങളെ ഏതെല്ലാം വിധങ്ങളിൽ സ്വാധീനിക്കുന്നു എന്ന് ചിത്രം വ്യക്തമാക്കിത്തരുന്നുണ്ട്‌. ഓരോരുത്തരെയും വ്യത്യസ്തരാക്കുന്നത് അവരിലെ സർഗ്ഗശേഷിയാണ്. എഴുത്തിലും പാട്ടിലും നൃത്തത്തിലും മാത്രമല്ല സർഗ്ഗാത്മകത സന്നിവേശിപ്പിക്കേണ്ടത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അത്‌ പ്രയോഗിക്കുവാൻ സാധിക്കും എന്ന പൊതു തത്വം ചിത്രം വ്യക്തമാക്കിത്തരുന്നുണ്ട്‌.

താരപ്രാധാന്യമില്ലാത്ത ചിത്രത്തിൽ, കഥാസന്ദർഭങ്ങൾക്കനുസൃതമായി വഴങ്ങുക എന്നത്‌ മാത്രമേ നടീനടന്മാർ ചെയ്യേണ്ടിയിരുന്നുള്ളൂ. ആ അർത്ഥത്തിൽ എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനം തന്നെ കാഴ്ചവച്ചിട്ടുണ്ട്‌. മുൻപ്‌ ചില ചിത്രങ്ങളിൽ ബാലതാരമായി മികവുറ്റ പ്രകടനങ്ങൾ കാഴ്ചവച്ച താരപുത്രൻ കഥാപാത്രത്തിന്‌ അനുയോജ്യമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്‌. കാളിദാസിന്‌ നായികമാരായി ആരും തന്നെയില്ലെങ്കിലും എതിർ ടീമിലെ കഥാപാത്രങ്ങളായെത്തിയ പെൺകുട്ടികൾ എല്ലാവരും തന്നെ മികച്ച പ്രകടനങ്ങളായിരുന്നു. ആക്ഷൻ ഹീറോ ബിജുവിൽ സ്വവർഗ്ഗപ്രേമിയായ ഒരു കഥാപാത്രത്തെ ഹാസ്യവതകരിച്ചപ്പോൾ പൂമരത്തിൽ ട്രാൻസ്‌ ജെൻഡേഴ്സിനും തക്കതായ പ്രാമുഖ്യത നൽകിയിരിക്കുന്നു.

ചിത്രത്തിന്റെ സംഗീതവിഭാഗം അഭിനന്ദനമർഹിക്കുന്നു. ഏതാനും കവിതകൾ ചിത്രത്തിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതം ചിത്രവുമായി ഇഴചേർന്നുനിൽക്കുന്നു. ഛായാഗ്രഹണം ജ്ഞാനം സുബ്രഹ്മണ്യൻ നിർവ്വഹിക്കുമ്പോൾ മികച്ച കാഴ്ചാനുഭവം തന്നെ പ്രേക്ഷകന്‌ ലഭിക്കുന്നു.

ഏത്‌ കാര്യത്തിനും വ്യഗ്രത കൊള്ളുന്ന, എന്തിനും ഏതിനും വേഗത കൂടിയേ തീരൂ എന്ന് ശഠിക്കുന്ന ഇന്നത്തെ തലമുറ ചിത്രത്തെ ഏതുവിധത്തിൽ സമീപിക്കും എന്നതിൽ തെല്ല് സംശയമുണ്ട്‌. എന്നാൽ ഒരു കലാലയജീവിതത്തിന്റെ മധുരം നുകർന്നവരാണ്‌ നിങ്ങളെങ്കിൽ പൂമരം നിങ്ങൾക്ക്‌ ഒരു മടക്കയാത്രതന്നെ സമ്മാനിച്ചിരിക്കും എന്നുറപ്പുണ്ട്‌.