'മാസ്റ്റർ മാസ്': തിയേറ്ററുകൾക്ക് ഉണർവേകി ദളപതിയും മക്കൾ സെൽവനും

 

കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് മാസങ്ങളായി അടഞ്ഞുകിടന്ന തിയേറ്ററുകൾക്ക് വീണ്ടും ഉണർവേകിയിരിക്കുകയാണ് ഇളയദളപതി വിജയ് നായകനായെത്തുന്ന “മാസ്റ്റര്‍” എന്ന തമിഴ് ചിത്രം. വിജയും മക്കൾ സെൽവൻ വിജയ് സേതുപതിയും ഒരുമിച്ച് എത്തുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപനം മുതല്‍ക്കേ വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്. ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ പ്രതിഭ ഈ പ്രതീക്ഷകൾ തെറ്റിച്ചില്ലെന്ന് മാത്രമല്ല വിജയുടെയും വിജയ് സേതുപതിയുടെയും മാസ് രംഗങ്ങളിലൂടെ പ്രേക്ഷകരെ ആവേശത്തിന്റെ ഉച്ചസ്ഥായിൽ എത്തിച്ചിരിക്കുകയാണ് “മാസ്റ്റർ”. ഒരു വിജയ് സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് മാസ്റ്റർ പ്രേക്ഷകർക്ക് മുമ്പിൽ എത്തിയിരിക്കുന്നതെന്ന് നിസ്സംശയം പറയാം.

ജോണ്‍ ദുരൈ എന്ന ജെ.ഡിയെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിയ്ക്കുന്നത്. ഭവാനി എന്ന വില്ലന്‍ കഥാപാത്രമായി വിജയ് സേതുപതിയും അഭിനയിക്കുന്നു. ജുവനൈൽ ഹോമിലെ കുട്ടികളെ പരിശീലിപ്പിക്കാനായി എത്തുന്ന ജെ.ഡിയും ജുവനൈൽ ഹോമിലെ കുട്ടികളെ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഭവാനിയും തമ്മിലുള്ള പോരാട്ടവും, തിന്മയ്ക്ക് മുകളിൽ നന്മ കൈവരിക്കുന്ന വിജയവുമൊക്കെയാണ് മാസ്റ്ററിന്റെ ഇതിവൃത്തം. ഇതോടൊപ്പം കുടുംബബന്ധങ്ങളുടെ ആഴവും പ്രണയത്തിന്റെ സൗന്ദര്യവുമെല്ലാം ചിത്രത്തിലുണ്ട്.

നായകന്റെ മാറ്റ് കൂട്ടുന്നത് ശക്തനായ ഒരു പ്രതിയോഗിയുടെ സാന്നിദ്ധ്യമാണ്, എല്ലാ നല്ല ചലച്ചിത്ര സംവിധയകരെയും പോലെ ലോകേഷ് കനകരാജിനും ഇക്കാര്യം അറിയാം. അതിനാൽ ഭവാനി (വിജയ് സേതുപതി) എന്ന വില്ലൻ കഥാപാത്രത്തെ ശക്തമായി അവതരിപ്പിച്ചു കൊണ്ടാണ് മാസ്റ്റർ ആരംഭിക്കുന്നത്. ജുവനൈൽ ഹോമിലെ ആൺകുട്ടികളെ ഭവാനിയുടെ ക്രൂരതകളിൽ നിന്നും കുറ്റകൃത്യങ്ങളുടെ ലോകത്തിൽ നിന്നും രക്ഷിക്കാൻ പ്രാപ്തിയുള്ള കഥാപാത്രമായാണ് ജെ.ഡി (വിജയ്) അവതരിക്കുന്നത്. എപ്പോഴും പോക്കറ്റിൽ ഹിപ് ഫ്ലാസ്ക് കരുതുന്ന, പഞ്ച് ഡയലോഗുകൾ പറയുന്ന, എന്തിനും പോന്ന ഒരു കോളജ് പ്രൊഫസറാണ് ജെ.ഡി, വിദ്യാർത്ഥികൾ അയാളെ വളരെയധികം സനേഹിക്കുന്നു എന്നാൽ കോളജ് മാനേജ്മെന്റിന് അയാൾ ഒരു തലവേദനയാണ്. സാഹചര്യങ്ങൾ അയാളെ ജുവനൈൽ ഹോമിൽ എത്തിക്കുന്നു.

ലോകേഷ് എന്ന സംവിധായകൻ തന്റെ ചലച്ചിത്ര നിർമ്മാണ വൈദഗ്ധ്യം മാസ്റ്റർ എന്ന ചിത്രത്തിൽ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണമായി, ജെ.ഡിയെ അവതരിപ്പിക്കുന്ന രംഗങ്ങൾക്ക് വ്യത്യസ്തമായ തണുത്ത നീല ടോൺ ആണ് ഉപയോഗിച്ചിരിക്കുന്നതെങ്കിൽ, ഭവാനിയെ അവതരിപ്പിക്കുമ്പോൾ ചുവപ്പ് ടോൺ ആണ് നൽകിയിരിക്കുന്നത്. രണ്ട് ധ്രൂവങ്ങളിൽ ഉള്ള കഥാപത്രങ്ങളുടെ സ്വഭാവത്തെ ഇത് പ്രകടമാക്കുന്നു.

സിനിമയുടെ ഒടുവിലത്തെ രംഗങ്ങളിൽ വിജയ്, വിജയ് സേതുപതി എന്നിവരുടെ ഊര്‍ജ്ജിത പ്രഭാവത്തോടെയുള്ള പ്രകടനം പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്നു. എടുത്തു പറയേണ്ടവയാണ് നൃത്തരംഗങ്ങളിലെ വിജയുടെ മികവ്. കോളജ് രംഗങ്ങളിലെ വിജയുടെ സ്റ്റൈലിഷ് ഭാവങ്ങൾ, ഡയലോഗ് പറയുന്നതിലെ ആറ്റിറ്റ്യൂഡ് എന്നിവയെല്ലാം ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. മറ്റ് താരങ്ങൾ ചെയ്തിരുന്നെങ്കിൽ, ഒരുപക്ഷെ ഈ ഭാഗങ്ങൾ മുഴച്ചു നിന്നേനെ, എന്നാൽ വിജയുടെ താരപരിവേഷത്തിന് അവ തീർത്തും അനുയോജ്യമാണ്. വിജയ് സേതുപതി ആവട്ടെ തന്റെ മികവാർന്ന പ്രകടനത്തിലൂടെ കാണികളെ കയ്യിലെടുക്കുന്നു. അദ്ദേഹത്തിന്റെ കാഷ്വൽ അഭിനയ രീതി ഭവാനിയുടെ ക്രൂരതയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു. പ്രേക്ഷകനെ ത്രസിപ്പിക്കുന്ന തരത്തിൽ ഉള്ളതാണ് വിജയും വിജയ് സേതുപതിയും തമ്മിലുള്ള ചിത്രത്തിലെ അന്തിമ ഏറ്റുമുട്ടൽ, ഇത് സിനിമയുടെ അവസാനം ഒരു മേള പെരുക്കത്തിന്റെ അനുഭവം കാണികൾക്ക് നൽകുന്നു.

മാളവിക മോഹന്‍, ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ, നാസർ, ഗൗരി കിഷന്‍ തുടങ്ങി തിരശ്ശീലയിൽ എത്തിയ താരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. യുവജനതയുടെ മിടിപ്പ് അറിയുന്ന അനിരുദ്ധ് രവിചന്ദര്‍ ആണ് ചത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ലോകേഷ് കനകരാജിന്റെ കഥയ്ക്ക് രത്‌ന കുമാർ, പൊൻ പാർത്തിബൻ, ലോകേഷ് കനകരാജ് എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സത്യൻ സൂര്യൻ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സേവ്യർ ബ്രിട്ടോ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ഫോർച്യൂണർ ഫിലിംസും ചേർന്നാണ് കേരളത്തിലെ തീയേറ്ററുകളിൽ “മാസ്റ്റർ” വിതരണം ചെയ്തിരിക്കുന്നത്.