സ്റ്റീഫന്‍ നമ്മളുദ്ദേശിച്ച ആളല്ല- ലൂസിഫര്‍ റിവ്യൂ

സാന്‍ കൈലാസ്

ലൂസിഫറില്‍ കലാഭവന്‍ ഷാജോണിന്‍റെ ഒരു ഡയലോഗുണ്ട്. സ്റ്റീഫന്‍ നമ്മളുദ്ദേശിച്ച ആളല്ല സര്‍…സിനിമയെയും കഥാപാത്രങ്ങളെയും കുറിച്ച് ഉള്ളില്‍ ഒരു ചിത്രം രൂപപ്പെടുത്തി ലൂസിഫര്‍ കണ്ടിറങ്ങുന്നവരുടെ  മനസിലും ഈ വാക്കുകളാവും ഉണ്ടാവുക. സ്റ്റീഫന്‍ നമ്മളുദ്ദേശിച്ച ആളല്ല. ലൂസിഫര്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് കാരണങ്ങളേറെയാണ്. എന്നാല്‍ അവയ്ക്കെല്ലാം മേലെ നില്‍ക്കുന്ന കാരണം, പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം എന്നതാണ്. അതിന് ഇത്തിരി കളര്‍ കൂടി കൊടുത്താല്‍ മോഹന്‍ലാല്‍ ആരാധകനായ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പിറന്ന സിനിമ എന്നും പറയാം. ആ ആരാധനയുടെ മൂര്‍ത്തീഭാവം തന്നെയാണ് സ്‌ക്രീനിലും കാണാന്‍ കഴിയുന്നത്. കാരണം ഇത്ര എനര്‍ജറ്റിക്കായ ഒരു മോഹന്‍ലാല്‍ കഥാപാത്രത്തെ അടുത്തൊന്നും പ്രേക്ഷകര്‍ കണ്ടിട്ടുണ്ടാവില്ല.

കണ്ടു പഴകിച്ച അല്ലെങ്കില്‍ നര ബാധിച്ച തുടക്കത്തില്‍ നിന്ന് ഒരു വ്യത്യസ്ത പാത സംവിധായകന്‍ അവലംബിച്ചു എന്നത് ചിത്രത്തിന്റെ തുടക്കം തന്നെ പുതിയ അനുഭവമാക്കുന്നു. പി.കെ രാംദാസ് എന്ന രാഷ്ട്രീയ അതികായന്റെ മരണവും തുടര്‍ന്ന് ആ സ്ഥാനത്തെ ലക്ഷ്യം വെച്ച് അധികാരം പിടിക്കാനായി സഹചാരികള്‍ നടത്തുന്ന വടംവലിയിലും കുതന്ത്രങ്ങളുമാണ് ചിത്രത്തിന്റെ ആദ്യഭാഗത്ത്. തുടക്കത്തില്‍ തന്നെ പ്രധാന കഥാപാത്രങ്ങളെ കുറിച്ചുള്ള വ്യക്തമായ ചിത്രം പ്രേക്ഷകനിലേക്ക് വ്യത്യസ്തമായ അവതരണ ശൈലിയില്‍ എത്തിച്ചിരിക്കുന്നു. അവിടെയും മാലാഖയോ ലൂസിഫറോ എന്ന് തിട്ടപ്പെടുത്താനാവാത്ത വിധം നിഗൂഢമായ ഒരു സാന്നിധ്യത്തിലൂടെ കൈയടി വാങ്ങുകയാണ് സ്റ്റീഫന്‍ നെടുമ്പള്ളി.

കൃത്യമായ ചിട്ടപ്പെടുത്തലോടു കൂടിയ ഫ്രെയിമിലാണ് ചിത്രത്തിന്റെ തുടക്കവും ഒടുക്കവും. പ്രേക്ഷകനെ പ്രത്യേകിച്ച് ആരാധകരെ പിടിച്ചിരുത്താന്‍ ഉതകുന്ന കൂട്ടുകളെല്ലാം സംവിധായകന്‍ പാളിച്ച പറ്റാതെ കോര്‍ത്തിണക്കിയിട്ടുണ്ട്. രാഷ്ട്രീയത്തിനൊപ്പം തന്നെ അതിന് അനുബന്ധമായി മയക്കുമരുന്ന് മാഫിയ, കളളപ്പണം, ചതി, കുടുംബബന്ധങ്ങളിലെ പാളിച്ചകള്‍ തുടങ്ങിയവയും ചിത്രത്തിന്റെ പരിസരമാണ്. രാഷ്ട്രീയം പറഞ്ഞാണ് ചിത്രം തുടങ്ങുന്നതെങ്കിലും രണ്ടാം ഭാഗത്തിലേക്ക് കടക്കുമ്പോള്‍ കഥയുടെ ഗതി രാംദാസിന്റെ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടു നീങ്ങുക. രണ്ടാം പകുതിയില്‍ പ്രേക്ഷകന്റെ ആസ്വാദന ഗ്രാഫ് അല്‍പ്പം ചാഞ്ചാടുമെങ്കിലും ഒന്നാം ഭാഗം പഴുതടച്ചുള്ള ആട്ടമാണ്. കാരണം അവിടെ സ്റ്റീഫനായുള്ള മോഹന്‍ലാലിന്റെ പകര്‍ന്നാട്ടമാണ് കാണുക.

മുരളി ഗോപിയുടെ ഭദ്രമായ ഉഗ്രന്‍ തിരക്കഥയ്ക്ക് ഒരു നിറഞ്ഞ കൈയടി കൊടുക്കണം. കൈയടി വാങ്ങാന്‍ നായകന് മാത്രം ഹൈപ്പ് കൊടുക്കുന്ന പരമ്പരാഗത തിരക്കഥ ശൈലി ഒഴിവാക്കി വളരെ മിതത്വത്തോടും കരുത്തോടും തന്റെ രാഷ്ട്രീയ കാഴ്ചപ്പാട് വ്യക്തമാക്കിയുമാണ് മുരളി ഗോപി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തില്‍ തന്റെ മുന്‍ രചനാ ശൈലിയില്‍ നിന്ന് വഴിവിട്ട് ഒരു ‘മാസ് സഞ്ചാരം’ മുരളി ഗോപി നടത്തിയെന്ന് തന്നെ പറയാം. നെടുങ്കന്‍ ഡയലോഗുകളൊക്കെ ‘ഉപ്പിലിട്ട്’ മോഹന്‍ലാല്‍ മാനറിസങ്ങള്‍ കൊണ്ടു തന്നെ തിയേറ്ററില്‍ ആരവം നിറയ്ക്ക്നായിട്ടുണ്ട്.

എല്ലാ കഥാപാത്രങ്ങളും കൃത്യമായ സ്പെയ്‌സ് നല്‍കിയാണ് ചിത്രത്തിന്റെ തിരക്കഥ. ബോബി എന്ന വില്ലനായി വിവേക് ഒബ്റോയി തന്റേതായ സ്ഥാനം മികച്ച അഭിനയത്തിലൂടെ പൊരുതി നിന്ന് വാങ്ങിയിരിക്കുന്നു. പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെ കരുത്തുറ്റതാക്കുന്നതില്‍ മഞ്ജു വാര്യരും വിജയിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരനും പ്രിയദര്‍ശിനി രാംദാസിന്റെ സഹോദരനുമായെത്തിയ ടൊവിനോയുടെ ജതിന്‍ രാംദാസ് എന്ന കഥാപാത്രവും സ്‌റ്റൈലന്‍ ഡയലോഗുകളിലൂടെ കൈയടി നേടിയിട്ടുണ്ട്. എല്ലാറ്റിലും ഉപരിയായി അവസാനം പ്രേക്ഷകര്‍ക്ക് ലൂസിഫര്‍ അണിയറ പ്രവര്‍ത്തകര്‍ പരിചയപ്പെടുത്തിയ സര്‍പ്രൈസ് കഥാപാത്രമായ പൃഥ്വിരാജിന്റെ സയീദ് മസൂദ് എന്ന ഗാങ്സ്റ്ററും ചിത്രത്തില്‍ മാസ് പരിവേഷത്തോടെ സുപ്രധാന നിമിഷങ്ങളില്‍ നിറഞ്ഞു കളിക്കുന്നുണ്ട്. ഇന്ദ്രജിത്, സായികുമാര്‍, നന്ദു, ബൈജു, കലാഭവന്‍ ഷാജോണ്‍, സച്ചിന്‍ ഖഡേക്കര്‍, സാനിയ ഇയ്യപ്പന്‍, നൈല ഉഷ, ജോണ്‍ വിജയ്, ശിവജി ഗുരുവായൂര്‍, ജിജു ജോണ്‍, അനീഷ് ജി. മേനോന്‍, ഫാസില്‍ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രത്തെ ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

സുജിത് വാസുദേവിന്റെ ഛായാഗ്രഹണം എത്ര പ്രശംസിച്ചാലും മതിയാവില്ല. കേരളത്തിലെ മലയോര ഗ്രാമം മുതല്‍ റഷ്യയിലെ മഞ്ഞുവീഴ്ന്ന കാഴ്ച്ചകള്‍ വരെ ലൂസിഫറിന്റെ കഥയ്ക്ക് പരിസരമാകുന്നുണ്ട്. ഓരോ ഫ്രെയിമും  ഒന്നിനൊന്ന് മെച്ചം. സംവിധായകന്റെ കാഴ്ചയ്ക്കൊപ്പം ഛായാഗ്രാഹകന്റെ ക്യാമറ കണ്ണുകള്‍ക്കും സഞ്ചരിക്കാനായി എന്ന്  തെളിയിക്കുന്ന ഫ്രെയിമുകള്‍. സുജിത് വാസുദേവിന്റെ കരിയറിലെ മികച്ച വര്‍ക്ക് എന്ന് ഇതിനെ വിശേഷിപ്പിക്കാം. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ദീപക് ദേവും മാസായി തന്നെ ചെയ്തിരിക്കുന്നു. ആദ്യ ഫൈറ്റ് സീനില്‍ തിയേറ്റര്‍ പൂരപ്പറമ്പാവാന്‍ ദീപക് ദേവിന്റെ മരണമാസ്സ് ബിജിഎം തന്നെ ധാരാളം. എഡിറ്റിംഗ്, സൗണ്ട് ഡിസൈന്‍, ആക്ഷന്‍ കൊറിയോഗ്രഫി തുടങ്ങി എല്ലാ മേഖലകളിലും പുതുമയുള്ള ഒരനുഭവം ലൂസിഫര്‍ സമ്മാനിക്കുന്നു.

പൃഥ്വിരാജ് എന്ന സംവിധായകന്റെ ആദ്യ സിനിമയാണ് ഇതെന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം. പൃഥ്വിരാജ് എന്ന നടന്റെയും അയാള്‍ സിനിമയില്‍ നിന്ന് ഇത്രനാള്‍ പഠിച്ചതിന്റെയും ആകെ തുകയാണ് ഈ ചിത്രമെന്ന് പറയാം. ഇനിയും പൃഥ്വിരാജ് എന്ന സംവിധായകനില്‍ നിന്ന് മലയാള സിനിമയ്ക്ക് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം. വായനക്കാര്‍ക്ക് മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയെ കുറിച്ച് അധികമൊന്നും പറഞ്ഞില്ലല്ലോ എന്നാവും ചിന്ത. ഒന്നുമാത്രം, സ്റ്റീഫന്‍ നമ്മളുദ്ദേശിച്ച ആളല്ല. അതാണ് ട്വിസ്റ്റ്.