'എവിടെ?' ഉയർത്തുന്ന ഗൗരവമേറിയ ചോദ്യം -റിവ്യു

“എവിടെ ?” എന്ന സിനിമ ചോദിക്കുന്നത് സാക്ഷരതയിലും സംസ്കാരത്തിലും ജീവിത നിലവാരത്തിലും ഏറെ മുന്നിൽ എന്ന് അവകാശപ്പെടുന്ന മലയാളി സമൂഹം ഇന്ന് എവിടെ നിൽക്കുന്നു എന്നു കൂടിയാണ്. ശീർഷകം കൊണ്ട് സിനിമ ഉദ്ദേശിക്കുന്നത് ഒരു കുടുംബത്തിലെ ഗൃഹനാഥൻ എവിടെ എന്നാണെങ്കിലും. അയാളെ തിരക്കി മുന്നോട്ടു പോകുന്ന “എവിടെ?” ചെന്നെത്തുന്നത് ഞെട്ടിക്കുന്ന ഒരു ഉത്തരത്തിലേക്കാണ്. അങ്ങനെ ഒരു ഉത്തരമുണ്ടായി എങ്കിൽ അതിൽ സമകാലീന മലയാളി ജീവിതത്തിനുള്ള ഉത്തരവാദിത്വം നിഷേധിക്കാവുന്നതല്ല.

അല്ലെങ്കിലും ബോബി സഞ്ജയ് ടീമിന്റെ രചനകൾ പലതും നമ്മെ ചിലതെങ്കിലും ഓർമ്മപ്പെടുത്തുന്നവയായിരിക്കുമല്ലോ. “ഉയരെ ” അടക്കമുള്ള അവരുടെ അത്തരം ശ്രദ്ധേയ ചിത്രങ്ങളുടെ നിരയിലേക്ക് തന്നെ ശിപാർശ ചെയ്യാവുന്ന സിനിമയാണ് ” എവിടെ?. മൂന്നു പ്രമുഖ നിർമ്മാതാക്കൾ ഒന്നിച്ചുള്ള നിർമ്മാണ സംരംഭം. പ്രകാശ് മൂവി ടോണിന്റെ പ്രേം പ്രകാശും ജൂബിലി ഫിലിംസിന്റെ ജോയ് മാത്യുവും മാരുതി പിക്ചേഴ്സിന്റെ തൊമ്മിക്കുഞ്ഞും സൂരജുമാണ് നിർമ്മാതാക്കൾ.

ഗൗരവമായ വിഷയം അതിന്റെ ഉദ്വേഗവും ആകാംക്ഷയും ഒട്ടും ചോർന്നു പോകാതെ ടൈറ്റ് മൂഡിൽ തന്നെ കൊണ്ടുപോകാൻ സംവിധായകനായ കെ.കെ രാജീവിനു കഴിഞ്ഞിട്ടുണ്ട്. ബോബി – സഞ്ജയ് യുടെ കഥയിൽ തന്നെ വേണ്ടത്ര സസ്പെൻസുണ്ട്. അതിന്റെ ഗ്രാഫ് താഴാത്ത വിധത്തിൽ തന്നെ വേണ്ടത്ര നിഗൂഢതയും ഉത്ക്കണ്ഠയും സീൻ ടു സീൻ ഉയർത്തിക്കൊണ്ടു വരാൻ കൃഷ്ണൻ സി. യുടെ തിരക്കഥയെഴുത്തിനും കഴിഞ്ഞിരിക്കുന്നു. ഒപ്പം തന്നെ കട്ടപ്പനയുടെ ദൃശ്യഭംഗി അതി മനോഹരമായി തന്നെ പകർത്തിയിട്ടുണ്ട് ഛായാഗ്രാഹകനായ നൗഷാദ് ഷെറീഫ്. സസ്പെൻസ് നിലനിർത്താൻ പോന്ന വിധത്തിലുള്ള എഡിറ്റിങ്ങും ഒരു പ്ലസ് പോയ്ന്റാണ്. കുറേ നാളു കുടി ഔസേപ്പച്ചന്റെ ഈണം കേൾക്കാനായി – “എവിടെ” യിലെ പാട്ടുകളിലൂടെ .

ഇഷ്ടനായികയായ ആശാ ശരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും എവിടെ?. കാണാതായ ഭർത്താവിനു വേണ്ടിയുള്ള തിരച്ചിലിനിടയിൽ കോളജിൽ പഠിക്കുന്ന മകനെ കുറിച്ചുളള ഞെട്ടിക്കുന്ന വിവരം അറിയുന്നിടം തൊട്ട് ആശാ ശരത് പകരുന്ന ഭാവാവിഷ്കാരം ശ്രദ്ധാർഹമാണ്. മകന്റെ തിരോധാനവും പേരക്കിടാവിന്റെ വഴിതെറ്റലും തകർത്തു കളഞ്ഞ ഒരപ്പൂപ്പൻ കഥാപാത്രത്തെ പ്രേം പ്രകാശ് ശരീരവും പ്രായവും മറന്ന് അഭിനയിച്ച് പ്രേക്ഷകനെ ഒന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.

രണ്ടു തലമുറകളുടെ തകർച്ചയ്ക്കും കുടുംബത്തിന്റെ അപചയത്തിനും മൂകസാക്ഷിയാകേണ്ടി വരുന്ന ആ അപ്പൂപ്പന്റെ ഗതികേട് പ്രേം പ്രകാശ് നമ്മെ നന്നേ അനുഭവിപ്പിക്കുന്നു. മൂന്നാമതു പറയേണ്ട പേര് സുരാജ് വെഞ്ഞാറമൂടിന്റേതാണ്. ഗോവയിലെ ടാക്സി ഡ്രൈവറായ ആ മലയാളി കഥാപാത്രത്തിന് മൂന്നു തവണയും അച്ഛനാകാൻ യോഗമില്ലാതെ പോയി. കുടുംബത്തിൽ ഒരച്ഛന്റെയും മകന്റെയും സ്ഥാനം എത്ര വിലപ്പെട്ടതാണെന്ന് അയാൾ “എവിടെ ?”യിലെ മകനെ ഓർമ്മപ്പെടുത്തുന്നൊരു സീനുണ്ട്. മിതത്വമുള്ള പെരുമാറ്റത്തിലൂടെ സുരാജ് അത് മികച്ചതാക്കി. കാണാതായ അച്ഛനും ബാൻഡ് സിംഗറുമായ സക്കറിയയുടെ വേഷം മനോജ് കെ.ജയൻ ഒപ്പിച്ചു മാറി എന്നേയുള്ളു. അച്ഛന്റെ വഴിയേ പോയി തീരാത്ത പ്രശ്നങ്ങളിൽ ചെന്നു ചാടിയ കോളജു വിദ്യാർത്ഥിയായ മകന്റെ റോൾ വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ യുവതാരം ഷെബിൻ ബെൻസൺ അത് മോശമാക്കിയില്ലെന്നു മാത്രം പറയാം. അഭിനയിക്കാതെ പെരുമാറാൻ ശ്രമിച്ചിരുന്നെങ്കിൽ പല രംഗങ്ങളും കൂടുതൽ ഭാവസാന്ദ്രമാക്കാൻ ഷെബിനു കഴിയുമായിരുന്നു. അയാളുടെ കോളേജ്മേറ്റും കാമിനിയുമായി വന്ന യുവനടി വളരെ നന്നായിട്ടുമുണ്ട്. സഞ്ജയ് – ബോബി ടീമിന്റെ സിനിമകളിൽ പൊതുവേ കാണാറുള്ള സന്ദേശാത്മകത” എവിടെ ” യിൽ ഒട്ടും പ്രകടമല്ല എന്നത് ആശ്വാസകരം തന്നെ.

സമകാലികമായ ഒരു സാമൂഹിക വിപത്ത് മൂലമുള്ള ഒരു സാധാരണ കുടുംബത്തിന്റെ തകർച്ചയും അതിന്റെ കാരണം തേടിയുള്ള ഉദ്വേഗജനകമായ അവതരണ രീതിയും “എവിടെ “യ്ക്ക് ഒരു ഭേദപ്പെട്ട ചിത്രമെന്ന സൽപ്പേര് ചാർത്തുന്നു.