അക്രമരാഷ്ട്രീയത്തോട് ഏറ്റുമുട്ടിയ പ്രണയം

ജോമോന്‍ തിരു

സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച ആളുകള്‍ സംവിധാനരംഗത്തേയ്ക്ക് കടക്കുന്നത് പുതിയ സംഭവമല്ല. ഛായാഗ്രഹണം, ചിത്രസംയോജനം തുടങ്ങിയ മേഖലകളില്‍ തങ്ങളുടെ കഴിവുകള്‍ തെളിയിച്ച ഏതാനുമാളുകള്‍ ഈ അടുത്ത സമയങ്ങളില്‍ സംവിധാനരംഗത്തേയ്ക്ക് പ്രവേശിച്ചിരുന്നു. ചിത്രസംയോജകരായി പേരെടുത്ത മഹേഷ് നാരായണന്‍, ഡോണ്‍ മാക്‌സ്, തുടങ്ങിയവര്‍ കഴിഞ്ഞവര്‍ഷം ഓരോ ചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്നെങ്കിലും, പത്തു കല്‍പ്പനകള്‍ തികഞ്ഞ പരാജയവും, ടേക്കോഫ് വിജയവും നേടിയെടുത്തു. ഇവര്‍ക്കു പിന്നാലെ എഡിറ്റിംഗ് രംഗത്ത് പ്രശസ്തനായ അജിത് കുമാറിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈട.

വര്‍ഷങ്ങളായി കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന കണ്ണൂരിന്റെ കലുഷിതരാഷ്ട്രീയം പ്രമേയമാക്കി മലയാളത്തില്‍ നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. മൈസൂരിന്റെയും ഉത്തരമലബാറിന്റെയും പശ്ചാത്തലത്തില്‍ പറയുന്ന അക്രമരാഷ്ട്രീയവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു പ്രണയകഥയാണ് ഈട. വടക്കന്‍ കേരളത്തില്‍ “ഇവിടെ” എന്ന് പറയുവാനായി ഉപയോഗിക്കുന്ന വാക്കാണ് “ഈട.”

ശക്തമായ ഒരു വിഷയത്തെ സിനിമയാക്കിമാറ്റുമ്പോള്‍ പ്രണയത്തെ കൂട്ടുപിടിക്കുക എന്നതാണ് ഏറ്റവുമെളുപ്പം. രണ്ട് പക്ഷത്തുള്ള ആളുകള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ക്കിടയില്‍ പറഞ്ഞുപോകുന്ന പ്രണയകഥ എന്നത് ഷേക്സ്പിയറിന്റെ “റോമിയോ ആന്റ് ജൂലിയറ്റ്” ഉള്‍പ്പെടെ നിരവധി കൃതികളിലും നാടകങ്ങളിലും സിനിമകളിലും പലയാവര്‍ത്തി നാം കണ്ടിട്ടുള്ള കാഴ്ചയാണ്. “ഈട” പറയുന്നതും അത്തരത്തിലൊരു പ്രണയകഥയാണ്.

അക്രമരാഷ്ട്രീയത്തിന്റെ വിളനിലമായ കണ്ണൂരിന്റെ മണ്ണില്‍ നിന്നുമാണ് ഈട പറഞ്ഞുതുടങ്ങുന്നത്. പല നാടുകളിലും പ്രണയത്തിന് തടസ്സം നില്‍ക്കുന്നത് ജാതിയും മതവുമാണെങ്കില്‍, ഈ നാട്ടില്‍ തങ്ങള്‍ ആശ്രയിക്കുന്ന പാര്‍ട്ടികളാണ് പ്രണയത്തിനു തടസ്സം നില്‍ക്കുന്നത്. സ്വന്തം പാര്‍ട്ടിക്കുവേണ്ടി പോരാടുവാന്‍-മരിക്കുവാന്‍ പോലും-തയ്യാറായി നില്‍ക്കുന്ന ഏതാനുമാളുകള്‍.

KJP-KPM രാഷ്ട്രീയ കൊലപാതകങ്ങള്‍ നിത്യസംഭവങ്ങളാകുന്ന കണ്ണൂരിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. KPM പാര്‍ട്ടി പശ്ചാത്തലത്തിലുള്ള കുടുംബാംഗമാണ് ഐശ്വര്യ. KJP പാര്‍ട്ടി പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമാണ് ആനന്ദ്. ഐശ്വര്യ പഠനാവശ്യത്തിനും, ആനന്ദ് ജോലിനാവശ്യത്തിനുമായി മൈസൂരില്‍ താമസിക്കുന്നു. ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന പ്രണയത്തിന്റെ കഥയാണ് ഈട സംസാരിക്കുന്നത്.

ഒരു സാധാരണ പ്രണയകഥയ്ക്കുമപ്പുറം ശക്തമായ രാഷ്ട്രീയ നിലപാടുള്ള ചിത്രം കൂടിയാണ് “ഈട.” കണ്ണൂരിലെ ഒരു ഹര്‍ത്താല്‍ ദിനത്തില്‍ തുടങ്ങി പല ഹര്‍ത്താലിലൂടെ വികസിക്കുന്നചിത്രം അവസാനിക്കുന്നതും ഹര്‍ത്താല്‍ ദിനത്തിലാണ്. വളരെ പരിചിതവും അതേസമയം അപകടകരവുമായ ഒരു വിഷയത്തേയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. കൊലപാതക രാഷ്ട്രീയത്തിന്റെ ഉള്ളറകളിലേയ്ക്ക് നേരിട്ടിറങ്ങാതെ, പ്രതികൂല സാഹചര്യങ്ങളില്‍ പ്രണയിക്കുന്ന ആനന്ദിന്റെയും ഐശ്വര്യയുടേയും ജീവിതത്തിലെ സംഘര്‍ഷങ്ങളും പ്രതിബന്ധങ്ങളും നിസ്സഹായതകളുമാണ് “ഈട” പറയുന്നത്.

പതിഞ്ഞ താളത്തില്‍ ആരംഭിച്ച ചിത്രം റിയലിസ്റ്റിക് തലത്തിനും വാണിജ്യതലത്തിനുമിടയിലൂടെയാണ് സഞ്ചരിക്കുന്നത്. ആദ്യാവസാനം ഒരേവേഗതയില്‍ പറഞ്ഞുപോകുന്ന ചിത്രത്തില്‍ ഇടവേളയ്ക്ക് ശേഷമുള്ള രംഗങ്ങളാണ് ഹൈലൈറ്റ്. നിരവധി ചോദ്യങ്ങള്‍ പ്രക്ഷകനു സമര്‍പ്പിച്ചുകൊണ്ടാണ് ചിത്രം ഉപസംഹരിച്ചത്.

രാഷ്ട്രീയം സംസാരിക്കുന്ന സിനിമയെന്നാല്‍, ആക്ഷേപഹാസ്യമോ, ഭയപ്പെട്ടു നിന്നുകൊണ്ടുള്ള തഴുകിത്തലോടലോ മാത്രമല്ല എന്ന് മലയാളികള്‍ക്ക് കാണിച്ചുതരികയാണ് സംവിധായകന്‍. വളരെ സമര്‍ത്ഥമായിത്തന്നെ പക്ഷം ചേരലിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി, ഒരുവിഭാഗത്തിന്റെ പ്രശംസകളേറ്റുവാങ്ങുവാന്‍ സാഹചര്യമുണ്ടായിട്ടും ഒരു രാഷ്ട്രീയ കക്ഷികളുടെയും പക്ഷം ചേരാതെ, ഒരു പാര്‍ട്ടിയെയും ഉയര്‍ത്തിക്കാണിക്കാതെ വ്യക്തമായ രാഷ്ട്രീയ നിലപാടുകളിലൂന്നിയാണ് ചിത്രം സഞ്ചരിച്ചത്.

അതുകൊണ്ട് തന്നെ മനുഷ്യന്റെ പക്ഷത്ത് നിന്നു കൊണ്ടാണ് ഈട സംസാരിക്കുന്നത് എന്ന് പറയുവാനാകും, അതുതന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ നേട്ടവും. സംവിധാനരംഗത്തേക്ക് പുതുതായി പ്രവേശിച്ച ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇത് ധീരമായ ഒരു സമീപനം തന്നെയാണ്.

അക്രമരാഷ്ട്രീയത്തിന്റെ ഭൂമികയാണ് കണ്ണൂര്‍ എന്ന് പൊതുവേ പറയാറുണ്ട്. കണ്ണൂരിന് ഈ പേര്‍ വന്നുചേര്‍ന്നിട്ട് വര്‍ഷങ്ങളായി. ഈ നാട്ടില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ കാരണങ്ങളിലേയ്ക്കും, അതിനിരകളായിത്തീരുന്ന മറ്റുള്ളവരിലേയ്ക്കും ചിത്രം ചെന്നെത്തുന്നു.
പല തലമുറകളിലുള്ളവര്‍ അക്രമത്തിലേയ്ക്ക് പ്രത്യക്ഷമായും പരോക്ഷമായും ചെന്നെത്തുന്ന വിധങ്ങളും ചിത്രം കാണിച്ചുതരുന്നുണ്ട്.

അഭിമാനത്തോടെ മരിക്കണം, നമ്മള്‍ എത്ര നാള്‍ ജീവിച്ചു എന്നതില്ല എങ്ങനെ ജീവിച്ചു എന്നതിലാണ് കാര്യം, ആണുങ്ങളായാല്‍ വെട്ടണം, നായയായല്ല നരിയായാണ് ജീവിക്കേണ്ടത് എന്നിങ്ങനെയുള്ള കേട്ടുകേഴ്വികളില്‍ അഭിരമിച്ച് സ്വജീവന്‍ ത്യജിക്കുന്ന ഏതാനുമാളുകളെ ചിത്രത്തില്‍ കാണാവുന്നതാണ്.

വളരെ ഗൗരവത്തോടുകൂടിയാണ് സംവിധായകന്‍ തന്റെ പ്രഥമചിത്രമൊരുക്കിയത്. പ്രണയത്തിന്റെ തീവ്രഭാവങ്ങളെ അതിന്റെ സ്വാഭാവികത ചോര്‍ന്നുപോവാതെ, കൈയ്യടക്കത്തോടെ സംവിധായകന്‍ ആലേഖനം ചെയ്തിട്ടുണ്ട്. സംഭാഷണങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ ഹാസ്യരംഗങ്ങള്‍ പേരിനുപോലുമില്ല. കണ്ണൂര്‍ ശൈലിയിലുള്ള സംഭാഷണങ്ങളാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെങ്കിലും തെല്ലും കൃത്രിമത്വം തോന്നാത്തവിധത്തില്‍ അത് നിര്‍വ്വഹിച്ചിട്ടുണ്ട്.

സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന യാതൊന്നും ചിത്രത്തിലില്ലായിരുന്നു. വിവിധ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്നവരുടെ ഗൂഢാലോചനയ്ക്ക് ഇരകളാകേണ്ടിവരുന്ന ഒരുവിഭാഗമാളുകളിലേയ്ക്ക് ചിത്രം ഇറങ്ങിച്ചെല്ലുന്നതോടൊപ്പം, രക്തസാക്ഷിത്വം വരിച്ച വ്യക്തികളുടെ കുടുംബാവസ്ഥകളേക്കുറിച്ചും ചിത്രം വരച്ചുകാട്ടുന്നുണ്ട്. രാഷ്ട്രീയ മുതലെടുപ്പിന് ബാക്കിപത്രമായി മാറിയേക്കാവുന്ന ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കുവാനുള്ള അവസരം നല്‍കിക്കൊണ്ടാണ് ചിത്രം ഉപസംഹരിച്ചതും.

കണ്ണൂരിന്റെ കലുഷിതരാഷ്ട്രീയത്തേയും, തിന്മകളേയും ചിത്രം അനാവൃതമാക്കുമ്പോള്‍ ഒരിക്കല്‍പ്പോലും കണ്ണൂര്‍ എന്ന നാടിന്റെ നന്മയേക്കുറിച്ചോ നേട്ടങ്ങളേക്കുറിച്ചോ സംവിധായകന്‍ പറയുന്നില്ല. തെയ്യം, തിറ ആചാരാനുഷ്ഠാനങ്ങള്‍, കാവുകള്‍ തുടങ്ങിയവ ചിത്രത്തില്‍ കാണുവാന്‍ കഴിയുന്നുണ്ട്. മുഖ്യകഥാപാത്രങ്ങളുടെ പ്രണയകഥ മാറ്റിനിറുത്തിയാല്‍ ഉപകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സംഭവങ്ങളൊന്നുംതന്നെ പ്രേക്ഷകനെ സ്പര്‍ശിക്കുന്നില്ല എന്നത് ന്യൂനതയാണ്.

ആണ്‍ അഹങ്കാരങ്ങളില്‍ വിധവകളാക്കപ്പെടുന്ന, അതിജീവനത്തിനായി പൊരുതുന്ന ഏതാനും സ്ത്രീകളുടെ കൂടി കഥ ചിത്രം പറയുന്നുണ്ട്. ആലപ്പുഴക്കാരിയായ ഭാര്യ അക്രമപ്രവൃത്തികളെ തള്ളിപ്പറയുമ്പോള്‍ “കണ്ണൂരിന്റെ കഥ വേറെ”യാണെന്ന് ദിനേശന്‍ മറുപടി നല്‍കുന്നതും, എന്തിനും തയ്യാറായ പ്രവര്‍ത്തകരുടെ കൂടെ നില്‍ക്കേണ്ടത് പാര്‍ട്ടിയുടെ നിലനില്‍പ്പിന്റെ ആവശ്യമാണെന്ന് ചെന്ന്യം സുധാകരന്‍ ഐശ്വര്യയോട് പറയുന്നതും ചില ഓര്‍മ്മപ്പെടുത്തലുകളാണ്.

ഷെയിന്‍ നിഗം, മലയാളത്തിന്റെ ഭാവി വാഗ്ദാനമാണെന്ന് “ഈട”യിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ്. പക്വത കുറഞ്ഞ, എന്നാല്‍ വ്യക്തമായ തീരുമാനങ്ങളുള്ള ആനന്ദ് എന്ന കഥാപാത്രമായി ഷെയിന്‍ ജീവിക്കുകയായിരുന്നു. സങ്കീര്‍ണ്ണമായ ഭാവങ്ങള്‍ അനാസമായി പ്രകടിപ്പിച്ചതിന്റെ ഉദാഹരണം രണ്ടാം പകുതിയില്‍ കാണാം.

“തൊണ്ടിമുതലും ദൃക്സാക്ഷിയും” എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കെത്തിയ നിമിഷ സജയന്‍ ഐശ്വര്യ എന്ന നായികാകഥാപാത്രത്തെ മനോഹരമായവതരിപ്പിച്ചു. അഭിനയിച്ച എല്ലാവരും തന്നെ തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കിയിട്ടുണ്ട്. റിയലിസ്റ്റിക് സ്പര്‍ശമുള്ള സിനിമയില്‍ അലന്‍ഷ്യര്‍, സുജിത് ശങ്കര്‍ തുടങ്ങിയവരെ കാണുമ്പോള്‍ ചിലര്‍ക്കെങ്കിലും “ഞാന്‍ സ്റ്റീവ് ലോപ്പസ്” ഓര്‍മ്മവന്നേക്കാം. മണികണ്ഠന്‍ ആചാരിക്ക് കമ്മട്ടിപ്പാടത്തിനുശേഷം ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ഉപേന്ദ്രന്‍.

ചന്ദ്രന്‍ വെയാട്ടുമ്മല്‍, ജോണ്‍ പി. വര്‍ക്കിഎന്നിവര്‍ ചേര്‍ന്ന്എന്നിവരാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചത്. ഗാനങ്ങള്‍ ചിത്രവുമായി ഇഴുകിച്ചേരുമ്പോള്‍ പശ്ചാത്തലസംഗീതം അല്‍പം പിന്നോട്ടാണ്. പപ്പുവിന്റെ ഛായാഗ്രഹണം ചിത്രത്തിന് മാറ്റുകൂട്ടിയിരിക്കുന്നു. എഡിറ്റിംഗ് മേഖലയില്‍ തിളങ്ങിനിന്ന ഒരാള്‍ സംവിധാനം നിര്‍വ്വഹിച്ചതിന്റെയും, സംവിധായകന്‍ തന്നെ എഡിറ്റു ചെയ്തതിന്റെയും മേന്മ സിനിമയിലുടനീളം ദൃശ്യമായിരുന്നു.

കൃത്രിമത്വം തെല്ലുമില്ലാതെ, റിയലിസ്റ്റിക് തലവുമായി ചേര്‍ന്നുനില്‍ക്കുന്ന മനോഹരമായ ഒരു പ്രണയകഥയാണ് ഈട. ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമായുള്ള ബന്ധത്തില്‍ ചിത്രത്തിനുള്ള കാലികമായ പ്രസക്തിയും ചെറുതല്ല.