ഈ. മ. യൗ: ഒരു ലോക മലയാള സിനിമ

Gambinos Ad
ript>

സിനേഷ് എ.വി

Gambinos Ad

അങ്കമാലി ഡയറീസിനു ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രമാണ് ഈ. മ. യൗ. സംവിധായകന്റെ കലയായി മാത്രം വിലയിരുത്തേണ്ട ഒന്നല്ല സിനിമ. സാങ്കേതിക വിദ്യ്ക്കൊപ്പമുള്ള കൂട്ടായ്മയുടെ അദ്ധ്വാനമാണതെന്ന് സാധാരണ പ്രേക്ഷകര്‍ പോലും തിരിച്ചറിഞ്ഞിരിക്കുന്നു. അതു കൊണ്ട് തന്നെ ലിജോ ജോസ് പെല്ലിശ്ശേരിയുടെയും പി. എഫ് മാത്യുവിന്റെയും രംഗനാഥ് രവിയുടെയും ഷൈജു ഖാലിദിന്റെയും (ക്യാമറ) ദീപു ജോസഫിന്റെയും (എഡിറ്റിംഗ്) പ്രശാന്ത് പിള്ളയുടെയും (സംഗീതം) വിനായകന്‍, ചെമ്പന്‍ വിനോദ് , ദിലീഷ് പോത്തന്‍, പോളി വത്സന്‍, സബിയത്ത് തുടങ്ങിയ അഭിനേതാക്കളുടെയും പ്രതിഭകള്‍ ഒത്തു ചേരുമ്പോഴാണ് ‘ ഈശോ മറിയം ഔസേപ്പ്’ പൂര്‍ണ്ണമാകുന്നത്.

കൊച്ചിയിലെ ചെല്ലാനം എന്ന അരയഗ്രാമത്തില്‍ സംഭവിക്കുന്ന ഒരു മരണമാണ് സിനിമയുടെ വിഷയം. ക്രൈസ്തവ ജീവിതപശ്ചാത്തലം തലക്കെട്ടു തന്നെ വെളിപ്പെടുത്തുന്നുണ്ട്. റിയലിസ്റ്റ് ദൃശ്യപരിചരണത്തിന് അതീതമായി വികസിക്കുന്നുവെന്ന് സിനിമ ആദ്യമേ വിളിച്ചുപറയുന്നു. ചലിക്കാത്ത ക്യാമറയ്ക്കു മുന്നില്‍ സ്ത്രീകളുടെ മഞ്ചലില്‍ മുന്നോട്ടു നീങ്ങുന്ന ശവഘോഷയാത്ര കടലിന്‍െ വിദൂരപശ്ചാത്തലത്തിലാണ് ദൃശ്യമാകുന്നത്. പ്രേക്ഷകന് അപരിചിതവും അപ്രധാനവുമായി അനുഭവപ്പെടുന്ന മരണം ക്രമേണ ക്രമേണ അവന്റെ വൈകാരിക ബോധത്തെ കീഴ്പ്പെടുത്തുന്നു.

മഹാഭാരതം ആരണേയ പര്‍വ്വത്തില്‍ എന്താണ് ‘ഏറ്റവും വലിയ ആശ്ചര്യം?’ എന്ന യമന്റെ ചോദ്യത്തിന് യുധിഷ്ഠിരന്‍ നല്‍കുന്ന മറുപടി ഇതാണ്. ‘ദിവസം തോറും ജീവജാലങ്ങള്‍ യമപുരിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. ശേഷം പേര്‍ തങ്ങള്‍ക്ക് നാശമില്ലെന്നും ഇവിടെ സ്ഥിരമാണെന്നും വിശ്വസിക്കുന്നു. ഇതില്‍പ്പരം ആശ്ചര്യം എന്താണ്? ഇങ്ങനെയുള്ള മനുഷ്യമനസ്സില്‍ മേലെയാണ് സിനിമയുടെ കടിഞ്ഞാണ്‍. ഇരുണ്ട ഹാസ്യം ചിത്രത്തിന്റെ ആരംഭത്തില്‍ മരണത്തെ അപരാനുഭവമാക്കി തീര്‍ക്കുന്നു.

ഈശിയുടെ ജീവിതത്തിലെ അവിചാരിത സന്ദര്‍ഭങ്ങള്‍ക്കൊപ്പം തീവ്രഭാവത്തില്‍ മഴയും തിരമാലകളും പശ്ചാത്തലമൊരുക്കുമ്പോള്‍ ആ അപരാനുഭവം പ്രേക്ഷകര്‍ക്ക് അപരാനുഭവമായി തീരുന്നു. കഥാന്ത്യത്തില്‍ വെളിച്ചവുമായി ആത്മാക്കളുടെ കപ്പല്‍ കരയിലെത്തുമ്പോള്‍ ഈ മരണത്തിന് അതിഭൗതികസ്ഥാനം കൈവരുന്നു. കരയില്‍ കാത്തിരിക്കുന്നവരില്‍ പട്ടിയും താറാവും കൂടി ഉള്‍പ്പെടുന്നതിനാല്‍ കപ്പല്‍ സര്‍വ്വജീവജാലങ്ങളെയും വഹിക്കാന്‍ തയ്യാറുള്ള നോഹയുടെ പെട്ടകം തന്നെ. സമുദ്രത്തെപ്പോലെ മനുഷ്യയുക്തിക്ക് പൂര്‍ണ്ണമായും വഴങ്ങാത്ത മരണത്തെ ഇതിനകം പലമട്ടില്‍ വ്യാഖ്യാനം ചെയ്തിട്ടുള്ള കലാകാരന്‍ തന്റെ സാഹിത്യലോകത്തെ സമര്‍ത്ഥമായി ദൃശ്യവല്‍ക്കരിക്കുകയാണ്.

നന്‍മതിന്മകളുടെ സാര്‍ത്ഥവാഹകരായി ആഖ്യാനത്തിനു നെടുകെയും കുറുകെയും , കറുപ്പിലും വെളുപ്പിലുമായി പ്രത്യക്ഷപ്പെടുന്ന ചതുരംഗകളിക്കാര്‍ ഈ അതീന്ദ്രീയാനുഭവത്തെ ശക്തിപ്പെടുത്തുന്നു. ജീവിതത്തില്‍ നിന്ന് മരണത്തിലേക്കും അതിനപ്പുറത്തേക്കും വ്യാപിക്കുന്ന വായനാനുഭവം ചാവുനിലം , ഇരുട്ടില്‍ ഒരു പുണ്യാളന്‍. തുടങ്ങിയ ആഖ്യായികകളിലൂടെ തിരക്കഥാകൃത്ത് മലയാള സാഹിത്യത്തിന് സമ്മാനിച്ചിട്ടുണ്ട്.

ഇരുട്ടില്‍ ഒരു പുണ്യാളന്‍ എന്ത്യം വരെ സൂക്ഷിക്കുന്ന കുറ്റാന്വേഷണ (മരണാന്വേഷണ)സ്വഭാവത്തെ സിനിമയില്‍ പിന്തുടരാന്‍ നിയോഗിക്കപ്പെടുന്നത് വികാരിയച്ചനാണ്. വികാരിയച്ചനും പോലീസും പൗരോഹിത്യവും അധികാരവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ വാവച്ചന്‍ മേസ്തിരിയുടെ അന്ത്യാഭിലാഷത്തെയും ഈശിയുടെ പുത്രധര്‍മ്മത്തെയും ആശങ്കയിലാഴ്ത്തുന്നു. കൊള്ളപ്പലിശക്കാരനും ശവപ്പെട്ടിക്കച്ചവടക്കാരനും ഈ ആശങ്കയെ അത്യാശങ്കയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നു.

മരണത്തേക്കാള്‍ ഇരുണ്ടിരുണ്ടു വരുന്ന സിനിമാലോകം ഈശിയെ ഉന്‍മാദാവസ്ഥയിലെത്തിക്കുന്നുണ്ട്. വാവച്ചന്‍ മേസ്തിരിയും അടക്കം ചെയ്യുന്നവനും ദിവ്യജ്ഞാനം ലഭിക്കുന്നു. സ്വന്തം വീട്ടുപറമ്പില്‍ മാമച്ചന്‍ മേസ്തിരിയെ അടക്കം ചെയ്യുന്നതും കനത്ത മഴയില്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള അയ്യപ്പന്റെ ഇറങ്ങിനടത്തവുമാണ് സിനിമയിലെ ക്ലാസ് സീന്‍. മൂര്‍ത്തതയില്‍ നിന്ന് അമൂര്‍ത്തതിയിലേക്കും തിരിച്ചും വ്യാപിക്കുന്ന സിനിമാനുഭവങ്ങളിലാണ് സിനിമയുടെ ആത്മാവ്. അയ്യപ്പന്‍ (പഞ്ചായത്ത് മെമ്പര്‍) ജാതിമതഭേദമെന്യേ മനുഷ്യരെ സഹോദരന്മാരായി വീക്ഷിക്കുന്നു.

ഭര്‍ത്താവിനെ നിയന്ത്രിക്കുന്ന, രാത്രിയില്‍ പുറകിലിരുത്തി ബൈക്ക് ഡ്രൈവ് ചെയ്യുന്ന, മദ്യപിക്കുന്ന, ഉറക്കെ സംസാരിക്കുന്ന പതിവു മലയാളി (പുരുഷ)സങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യത്യസ്തരായ സ്ത്രീകളെ ചിത്രത്തില്‍ കാണാം. എങ്കിലും പുരുഷ കേന്ദ്രീകൃതമായ ചലനങ്ങളാണ് പ്രമേയത്തെ മുന്നോട്ടുനയിക്കുന്നത്. തനിക്കു വഴങ്ങാത്ത പെണ്ണിനെ ‘വെടി’യാക്കിയും ദുഖാവസരത്തില്‍ കാമുകനെ ആലിംഗനം ചെയ്തപ്പോള്‍ ലൈംഗികേച്ഛയോടെ സമീപിച്ചും മരണത്തില്‍ വിലപിക്കുന്ന അമ്മ പെങ്ങള്‍മാരെ വീട്ടിനുള്ളിലടച്ചും ഭാര്യയുടെ കെട്ടുതാലി അഴിപ്പിച്ചുമുള്ള ‘ഒത്ത’ പുരുഷന്മാര്‍ ഈ. മ. യൗവില്‍ സുലഭമാണ്.

കുടുംബം, മതം, ഭരണകൂടം, പൊതുസമൂഹം തുടങ്ങിയ പൊതു ഇടങ്ങളിലെ കര്‍തൃ സ്ഥാനം പുരുഷനിലാണ്. സംഘര്‍ഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന അകൃത്രിമമായ പ്രാദേശികത കൂടിയാണ് ചിത്രത്തെ മികവുറ്റതാക്കുന്നത്. സിനിമയിലെ ക്ലാരറ്റ് വായന പോലെ തന്നെ ക്രമീകൃതമായ താളത്തെയല്ല ഈ മ യൗ പിന്തുടരുന്നത്. പ്രകാശസംവിധാനങ്ങള്‍ക്കായി സാങ്കേതികവിദ്യയുടെ കൃത്രിമതയെ ആശ്രയിക്കാതെ രാത്രിയെ, ഇരുട്ടിനെ അതേമട്ടില്‍ അവതരിപ്പിക്കുന്നുണ്ട്. ഒഴിവാക്കാമായിരുന്നു എന്നു തോന്നുന്ന ഒറ്റ ദൃശ്യം പോലും ഇവിടെ കാണാന്‍ കഴിയില്ല. മലയാള സിനിമാചരിത്രത്തില്‍ തന്നെ ഈ. മ. യൗ ഒരു നാഴികക്കല്ലായി തീരുമെന്ന് സധൈര്യം പറയാം.

‘അഹന്യാഹനി ഭൂതാനി
പ്രവിശന്തി യമാലയം
ശേഷാ സ്ഥിരത്വമിച്ഛന്തി
കിമാശ്ചര്യം ഇത:പരം?

ആരണേയ പര്‍വ്വം
അദ്ധ്യായം 19
പദ്യം 114