ആവര്‍ത്തന വിരസതയുടെ ദിവാന്‍ജിമൂല

ജോമോന്‍ തിരു

അനില്‍ രാധാകൃഷ്ണമേനോന്‍ എന്ന സംവിധായകന്റെ കരിയര്‍ ഗ്രാഫ് ഇഴകീറി പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും, ഒന്നുകില്‍ കേട്ടാല്‍ ലളിതമെന്ന് തോന്നുന്ന വിഷയമോ അല്ലെങ്കില്‍ ഇതുവരെ ആരും പറയാത്ത കാര്യങ്ങളോ ആയിരിക്കും അദ്ദേഹം വെള്ളിത്തിരയിലെത്തിക്കുവാന്‍ താത്പര്യം കാണിക്കാറുള്ളത്. ഉദാഹരണമായി “നോര്‍ത്ത് 24 കാതം” എന്ന ചിത്രത്തിന്റെ Entire Theme “Walking with a Naked Foot” എന്നത് മാത്രമാണ്. ആ ഒരു സബ്ജക്റ്റ് വികസിപ്പിച്ച് ഒരു രസകരമായ ചിത്രമൊരുക്കുകയും ദേശീയ അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തു എന്നത് അത്ര നിസ്സാരവത്കരിക്കുവാന്‍ കഴിയുന്ന ഒന്നല്ല. “സപ്തമശ്രീ തസ്‌ക്കരാ” വഴി ഏഴ് കള്ളന്മാരുടെ ജീവിതകഥ കോര്‍ത്തിണക്കി രസകരമായൊരു സിനിമാറ്റിക്ക് അനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച അനില്‍ രാധാകൃഷ്ണമേനോന്‍ ഒടുവില്‍ ചെയ്തതോ, മലയാളസിനിമയെ സംബന്ധിച്ചിടത്തോളം മുന്‍പ് കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു പരീക്ഷണമായിരുന്നു. അവതരണത്തിലെ freshness തന്നെയാണ് അനില്‍ രാധാകൃഷ്ണമേനോന്‍ എന്ന സംവിധായകന്റെ മുഖമുദ്ര. സിനിമയില്‍ മാത്രമല്ല, ചിത്രത്തിനു ടൈറ്റില്‍ സ്വീകരിക്കുന്ന കാര്യത്തിലും സംവിധായകന് തന്റേതായ ചില രീതികളുണ്ട്.

കഴിഞ്ഞ വര്‍ഷം തൃശ്ശൂരിന്റെ പശ്ചാത്തലത്തില്‍ ഏതാനും മലയാളചിത്രങ്ങളിറങ്ങിയിട്ടുണ്ട്. ജോര്‍ജ്ജേട്ടന്‍സ് പൂരം, തൃശ്ശിവപേരൂര്‍ ക്ലിപ്തം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ചിത്രങ്ങള്‍ അക്കൂട്ടത്തില്‍ പെടും. ഈ വര്‍ഷത്തെ ആദ്യ റിലീസുകളില്‍ ഒന്നായ ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിയും തൃശൂര്‍ നഗരത്തെ ചുറ്റിപ്പറ്റിയാണ് അരങ്ങേറുന്നത്. അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസ് ഒരുക്കിയ “കസ്തൂരിമാന്‍” എന്ന ചിത്രം നായക കഥാപാത്രമായ സാജന്‍ ജോസഫ് ആലുക്ക, IAS പാസ്സായി കളക്ടര്‍ ആവുന്നിടത്തായിരുന്നു അവസാനിച്ചത്. ഈ കഥാപാത്രമായിത്തന്നെ ചാക്കോച്ചന്‍ വീണ്ടുമെത്തുകയാണ് എന്ന പ്രത്യേകതയും ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിയ്ക്കുണ്ട്. സിനിമയുടെ മറ്റൊരു പ്രധാന ആകര്‍ഷണം കോഴിക്കോട്ടുകാരുടെ “കളക്ടര്‍ ബ്രോ” ആയിരുന്ന എന്‍ പ്രശാന്ത്, സംവിധായകന്‍ അനില്‍ രാധാകൃഷ്ണനൊപ്പം ചേര്‍ന്ന് സിനിമയ്ക്ക് കഥയൊരുക്കിയിരിക്കുന്നു എന്നുള്ളതാണ്.

തൃശൂര്‍ ജില്ലാ കലക്ടര്‍ ആയി സാജന്‍ ജോസഫ് ചാര്‍ജ്ജെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചില സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പറഞ്ഞുതുടങ്ങുന്നത്. തൃശൂരിലെലെ സാധാരണക്കാര്‍ താമസിക്കുന്ന ഒരു കോളനിയായിരുന്നു ദിവാന്‍ജിമൂല. മേല്‍പ്പാലത്തിനായി സ്ഥലമെടുത്തപ്പോള്‍ നാനാദിക്കിലേക്ക് മാറിത്താമസിക്കേണ്ടിവന്നതുവഴി ഗുണ്ടായിസവും മോഷണവുനൊക്കെയായി ഉപജീവനം നടത്തേണ്ടിവന്ന ദിവാന്‍ജിമൂലക്കാരുടെ ഐക്യം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് ചിത്രം പറയുന്നത്. ജില്ലാകളക്ടര്‍ സാജന്‍ ജോസഫാണ് അതിന് നേതൃത്വം നല്‍കുന്നത്. തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കുവാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ കളക്ടര്‍ റേസിംഗ് എന്ന ആശയം മുന്നോട്ടുവയ്ക്കുമ്പോള്‍ ദിവാന്‍ജിമൂല നിവാസികള്‍ അത് ആവേശത്തോടെ സ്വീകരിക്കുന്നു.

ഹാസ്യത്തിന്റെ അകമ്പടിയോടുകൂടി കാലികപ്രസക്തിയുള്ള ഒരു ചിത്രമൊരുക്കുക എന്നതായിരുന്നു സംവിധായകന്റെ ലക്ഷ്യം. ഒരു പരിധിവരെ അദ്ദേഹത്തിന് അത് സാധിച്ചിട്ടുമുണ്ട്. എന്നാല്‍ പരാമര്‍ശിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെടുത്തിനോക്കിയാല്‍ മലയാളത്തിലും ഇതരഭാഷകളിലുമായി മുന്‍പിറങ്ങിയിട്ടുള്ള പല ചിത്രങ്ങളിലും പറഞ്ഞ അതേ കഥ തന്നെയാണ് ഇവിടെയും അവതരിപ്പിക്കപ്പെട്ടത്. പുതുമ ടൈറ്റിലില്‍ മാത്രമേ കാണുവാന്‍ കഴിയുന്നുള്ളൂ. തിരക്കഥാകൃത്ത് ഒരു കളക്ടര്‍ ആയതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ ചില സംഭവങ്ങളും, കാലികപ്രാധാന്യമുള്ള മറ്റുചില വിഷയങ്ങളും ചിത്രത്തില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടിട്ടുണ്ട്.

ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡ് ഉള്‍പ്പെട്ട ആദ്യഭാഗങ്ങള്‍ പുതുമയുള്ളതും രസകരവുമായ അനുഭവം പ്രദാനം ചെയ്തുവെങ്കിലും പിന്നീടങ്ങോട്ട് പതിവുകാഴ്ചകളിലേയ്ക്കുതന്നെ ചിത്രം ചെന്നെത്തിയിരിക്കുകയാണ്. നായകന്‍-നായിക എന്നിവരെ മാത്രമായി വലം വെയ്ക്കുകയോ ഇവരുള്‍പ്പെട്ട വിഷയങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുകയോ ചെയ്യാതെ ഒരു സമൂഹത്തിലെ വിവിധ ആളുകളിലേയ്ക്കും അവര്‍ നേരിടുന്ന ചില പ്രശ്‌നങ്ങളിലേയ്ക്കും ചിത്രം ചെന്നെത്തി. കോളനി പ്രദേശം, അവിടുത്തെ വിവിധ തൊഴിലുകള്‍ ചെയ്ത് ജീവിതം നയിക്കുന്ന ജനവിഭാഗങ്ങള്‍, അവരനുഭവിക്കുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം ചിത്രത്തില്‍ സാന്ദര്‍ഭികമായി വന്നുചേരുകയാണ്.

കാലങ്ങളായി കണ്ട് ശീലിച്ച സ്‌പോര്‍ട്‌സ് ബേസ്ഡ് സിനിമകളിലെല്ലാം പൊതുവായി ചില വിശേഷതകള്‍ സമ്മേളിക്കാറുണ്ട്. എതിര്‍പ്പുകളെ അതിജീവിച്ച് കഠിനശ്രമങ്ങളിലൂടെ ലക്ഷ്യത്തിലെത്തുവാന്‍ ശ്രമിക്കുക, തടസ്സം നില്‍ക്കുവാന്‍ ഒരുവിഭാഗം, പ്രചോദനം നല്‍കുവാന്‍ മറ്റൊരു വിഭാഗം, ഒടുവില്‍ വിജയം കൈവരിക്കുക തുടങ്ങിയവ സ്ഥിരം കാഴ്ചകളാവുമ്പോള്‍ അതിലുപരിയായി ദിവാന്‍ജിമൂലയിലും
യാതൊന്നും സംഭവിക്കുന്നില്ല. അപ്രതീക്ഷിത ട്വിസ്റ്റുകളോ സസ്‌പെന്‍സോ ഇല്ലാതെ തന്നെ ഒരു കൊച്ചുകഥയില്‍ മുഴുകിയിരിക്കുവാന്‍ പ്രേക്ഷകര്‍ക്ക് കഴിയുന്നു.

കഥാപാത്രരൂപീകരണത്തിന്റെ പൂര്‍ണ്ണതയുടെ കാര്യത്തില്‍ അനില്‍ രാധാകൃഷ്ണമേനോന്‍ ഇത്തവണയും ശ്രദ്ധചെലുത്തിയിട്ടുണ്ട്. സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന് പൊതുപ്രശ്‌നങ്ങളില്‍ ഇടപെടുന്ന നന്മയുടെ പ്രതീകമായാണ് കളക്ടറെ സൃഷ്ടിച്ചിരിക്കുന്നത്.
എങ്കിലും ചാക്കോച്ചന്‍ അവതരിപ്പിച്ച ഈ കഥാപാത്രത്തിന് ആകെത്തുകയില്‍ കാഴ്ചക്കാരന്റെ സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അകമ്പടിവാഹനത്തിനു മുന്‍പില്‍ സ്വന്തം ആഢംബര ബൈക്കില്‍ യാത്രചെയ്യുന്ന കളക്ടര്‍, ആരുടെ ഭാവനയുടെ ഉല്‍പ്പന്നമായിരിക്കുമെന്ന് സംശയിക്കേണ്ടതില്ലല്ലോ. രണ്ടാം പകുതിയില്‍ പരമ്പരാഗത വിശ്വാസങ്ങള്‍ക്കുവേണ്ടിയുള്ള കളക്ടറുടെ സംഭാഷണങ്ങള്‍ പലപ്പോഴും ബോറായിത്തീരുന്നുണ്ട്. രാജീവ് പിള്ളയുടെ ഷിബു എന്ന കഥാപാത്രം ചിലയവസരങ്ങളില്‍ രസിപ്പിച്ചു.

ദിവാന്‍ജിമൂലയിലെ പഴയകാല ബൈക്ക് റേസ് ജേതാവായിരുന്ന ജിതേന്ദ്രനും മകള്‍ എഫ്ഫിമോളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കൂടി കഥ ചിത്രം പറയുന്നുണ്ട്. ഒരുകാലത്ത് ദിവാന്‍ജിമൂലക്കാരുടെ ഹീറോയായിരുന്നു റേസര്‍ ജിതേന്ദ്രന്‍ ട്രാക്കില്‍ എതിരാളിയുടെ ചതിയില്‍പെട്ട് ശരീരം തളര്‍ന്നിരിക്കുകയാണ്. സിദ്ധീഖിന്റെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ജിതേന്ദ്രന്‍. അന്നാട്ടിലെ പൊതു പ്രവര്‍ത്തകയും തൃശൂര്‍ കോര്‍പ്പറേഷന്‍ മുപ്പത്തെട്ടാം ഡിവിഷന്‍ കൗണ്‍സിലറുമായ എഫ്ഫി മോളെ നൈല ഉഷ അവതരിപ്പിച്ചു. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്ന നൈല ഉഷ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഊര്‍ജ്ജസ്വലമായ പ്രകടനം തന്നെയായിരുന്നു. ശത്തന്‍ എന്ന മൂകനും ബധിരനുമായ കഥാപാത്രത്തെ രാഹുല്‍ തരക്കേടില്ലാതെ ചെയ്തു. സപ്തമശ്രീ തസ്‌കരഃയിലെ ലീഫ് വാസു എന്ന കഥാപാത്രത്തേയും തൂവാനത്തുമ്പികളിലെ ഋഷിയേയും പ്രാഞ്ചിയേട്ടനിലെ സുബ്രനേയും ദിവാന്‍ജിമൂലയിലൂടെ വീണ്ടും കാണുവാന്‍ സാധിച്ചിട്ടുണ്ട്. നിരവധി കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ടെങ്കിലും വിനായകന്‍ അവതരിപ്പിച്ച വറീത് ബ്രദര്‍ എന്ന വിചിത്രസ്വഭാവക്കാരനായ സുവിശേഷകന്റെ കഥാപാത്രമായിരുന്നു മികച്ചുനില്‍ക്കുന്നത്.

തൃശൂര്‍പൂരത്തിന്റെയും വികസനത്തിന്റെയും ബൈക്ക് റേസിംഗിന്റേയുമൊക്കെ കഥ പറയുമ്പോഴും തന്റെ സ്വതസിദ്ധമായ നരേഷന്‍ സ്‌റ്റൈലില്‍ നിന്നും തെല്ലിട വ്യതിചലിക്കുവാന്‍ സംവിധായകന്‍ തയ്യാറായില്ല. വികസനം പലപ്പോഴും ദോഷകരമായി ബാധിക്കുന്നത് സാധാരണ ജനങ്ങളെയാണ് എന്ന് ചിത്രം ചൂണ്ടിക്കാണിക്കുന്നുണ്ട്. മാറിവരുന്ന ഗവണ്മെന്റുകളുടെ നയങ്ങളും അധികാരികളുടെ അനാസ്ഥയും നിമിത്തം ഒരുനാട്ടിലെ ജനങ്ങളുടെ ജീവിതം അങ്കലാപ്പിലാകുന്നതിന്റെ ഉദാഹരണങ്ങള്‍ ചിത്രത്തില്‍ ദൃശ്യമാണ്. ഓരോ നാടിനും ചില പൈതൃകങ്ങളുണ്ട്. ആചാരങ്ങളുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ നിലപാടുകളും വിശ്വാസങ്ങളുമെല്ലാം ചിത്രത്തില്‍ കാണുവാനാകുന്നുണ്ട്. എങ്കിലും “വെടിക്കെട്ടിനു പകരം ബൈക്ക് റേസ്” എന്ന ആശയം എങ്ങനെ പ്രാവര്‍ത്തികമാക്കുവാന്‍ കഴിയും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

സാങ്കേതികപരമായി ചിത്രം ഏറെ മുന്നില്‍ നില്‍ക്കുന്നു. ഗോപി സുന്ദര്‍ ഒരുക്കിയ സംഗീത വിഭാഗവും അലക്‌സ് ജെ പുളിക്കലിന്റെ ഛായാഗ്രഹണവിഭാഗവും അവരവര്‍ നന്നായി നിറവേറ്റി. റേസിംഗ് ദൃശ്യങ്ങളും നിരവധി ആകാശക്കാഴ്ചകളും കൊണ്ട് ദിവാന്‍ജിമൂല സമ്പന്നമായിരുന്നു.

പ്രത്യേക സംഭവവികാസങ്ങളോ അപ്രതീക്ഷിത സംഭവങ്ങളോ ഇല്ലാത്തതും, ആര്‍ക്കും ഊഹിക്കാവുന്ന വിധത്തിലുള്ളതുമായ ക്ലൈമാക്‌സാണ് ചിത്രത്തിന്. ഒരു സറ്റയര്‍ കോമഡി ചിത്രമെന്ന നിലയില്‍ ശരാശരി സംതൃപ്തി നല്‍കുവാന്‍ ചിത്രത്തിനു സാധിച്ചിട്ടുണ്ട്.