വജ്രശോഭയില്‍ തിളങ്ങുന്ന കാര്‍ബണ്‍

“സിനിമ” എന്നത് കേവലമൊരു വിനോദോപാധി മാത്രമല്ലെന്നും, അതിന് പ്രേക്ഷകരോടും സമൂഹത്തോടും പലതും സംവദിക്കാനുണ്ടെന്നും ഓര്‍മ്മപ്പെടുത്തുന്ന ചിത്രങ്ങളാണ് എക്കാലത്തും മലയാള സിനിമയുടെ യശസ്സ് ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. “ദയ”യ്ക്കുശേഷമുള്ള പതിനഞ്ചു വര്‍ഷങ്ങളുടെ ഇടവേളയിലൂടെ, മലയാളത്തിലെ മുന്‍നിര ഛായാഗ്രഹകന്‍ കൂടിയായ വേണു നമുക്ക് നല്‍കിയത് “മുന്നറിയിപ്പ്” എന്ന മികച്ച സിനിമാനുഭവമായിരുന്നു. ശേഷം, വീണ്ടും സംവിധായക വേഷമണിയുന്ന വേണുവും യുവനിരയിലെ ഏറ്റവും മികച്ച നടനായ ഫഹദിന്റെ നായകവേഷവും, പ്രഖ്യാപിച്ച ആദ്യഘട്ടം മുതല്‍ക്കേ തന്നെ പ്രേക്ഷകനെ ആകര്‍ഷിക്കുകയും, കാത്തിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.

പാലാക്കാരനായ സിബി സെബാസ്റ്റ്യനോടൊപ്പമുള്ള ഒരു യാത്രയാണ് “കാര്‍ബണ്‍.” വീട്ടുകാരെയും നാട്ടുകാരെയും പറയിപ്പിച്ച് അലസജീവിതം നയിക്കുന്ന സിബിച്ചന്‍ പെട്ടെന്ന് ധനവാനാകാനുള്ള ശ്രമത്തിലാണ്. ഫാന്റസി കലര്‍ന്ന വിഷയങ്ങളിലാണ് എല്ലായ്‌പ്പോഴും സിബിക്ക് താത്പര്യം. അതുകൊണ്ടുതന്നെ, മരതകകല്ല്, വെള്ളിമൂങ്ങ, ആനക്കച്ചവടം തുടങ്ങിയ കച്ചവട തന്ത്രങ്ങിലാണു അയാളുടെ ശ്രദ്ധ. ഇവയെല്ലാം പരാജയപ്പെട്ട സമയത്ത്, ബഷീര്‍ ഭായ് എന്നയാളുടെ നിര്‍ദ്ദേശപ്രകാരം വനാന്തര്‍ഭാഗത്തേയ്ക്കുള്ള സിബിയുടെ താമസത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടാവുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ഒരു അഡ്വഞ്ചര്‍ ത്രില്ലറായാണ് സംവിധായകന്‍ തന്റെ മൂന്നാം ചിത്രമൊരുക്കിയിരിക്കുന്നത്. അലസജീവിതം നയിക്കുന്ന ഇന്നത്തെ യുവത്വത്തിന്റെ പ്രതിനിധിയായ സിബിയുടെ നാട്ടിലെ ചില ബിസിനസ് ശ്രമങ്ങളില്‍ നിന്നുമാരംഭിക്കുന്ന ചിത്രം ക്രമേണ ഒരു സാഹസികയാത്രയുടെ പരിവേഷം കൈക്കൊള്ളുന്നു. ഹാസ്യസംഭാഷണങ്ങളുടെ അകമ്പടിയോടുകൂടിയാണ് ചിത്രത്തിന്റെ അവതരണം. ബിസിനസ്സിനേപ്പറ്റിയും ജീവിതത്തേപ്പറ്റിയുമുള്ള സിബിയുടെ തിയറിയും ഫാന്റസിയും ആദര്‍ശങ്ങളും ന്യായീകരണങ്ങളുമെല്ലാം ചിത്രത്തിന്റെ ആദ്യഭാഗങ്ങളെ രസകരമാക്കുമ്പോള്‍, അല്‍പം ഗൗവരവമാര്‍ന്ന വിഷയങ്ങള്‍ കൂടി ഉള്‍ക്കൊള്ളിക്കപ്പെട്ട രണ്ടാം പകുതി പൂര്‍ണ്ണമായും വനാന്തര്‍ഭാഗത്താണ് നടമാടുന്നത്.

വളരെ ലളിതമായ ഒരു കഥാതന്തുവിന് ശക്തമായ സിനിമാഭാഷ്യമൊരുക്കിയതും വേണു തന്നെയാണ്. കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളും, ജീവിതത്തില്‍ നിന്നും പറിച്ചെടുത്ത കഥാപാത്രങ്ങളും ഏതൊരു പ്രേക്ഷകനേയും ആകര്‍ഷിക്കും. വേണു തന്റെ കഥാപാത്രങ്ങളിലൂടെ അവസരോചിതമായി തൊടുത്തുവിട്ട ആക്ഷേപഹാസ്യം നിറഞ്ഞ സംഭാഷണങ്ങള്‍ പലപ്പോഴും ഇന്നത്തെ സമൂഹത്തിന്റെ പൊങ്ങച്ച പ്രവണതകളെ കീറിമുറിക്കുന്നുണ്ട്. അലക്ഷ്യമായെന്നവണ്ണം സ്‌ക്രീനില്‍ നിറയുന്ന പല രംഗങ്ങളും ചിത്രം കഴിഞ്ഞ് കൂടുതല്‍ ചിന്തിക്കുവാനും വിട്ടുപോയ പല കണ്ണികളും കൂട്ടിച്ചേര്‍ക്കുവാനും പ്രേക്ഷകനെ സഹായിക്കുകയും ചെയ്യും. “മുന്നറിയിപ്പി”ല്‍ എന്നതുപോലെ, അപ്രതീക്ഷിതമായി ഉപസംഹരിക്കപ്പെട്ട ചിത്രം ഏതാനും ചോദ്യങ്ങളും പ്രേക്ഷകനോട് ഉന്നയിക്കുകയാണ്.

കേവലാസ്വാദനം എന്നതിലുപരിയായി പ്രയോജനകരവും ചിന്തോദ്ദീപകവുമായ നിരവധിസന്ദേശങ്ങള്‍ ചില ജീവിതങ്ങളെ സാക്ഷ്യം നിര്‍ത്തി പറയുവാന്‍ സംവിധായകന്‍ ശ്രമിച്ചിരിക്കുന്നു. അടങ്ങാത്ത ആഗ്രഹങ്ങളുള്ള മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും മിതവ്യയശീലമുള്ള മനുഷ്യരുടെ ജീവിതരീതികളും തമ്മിലുള്ള ഒരു താരതമ്യപഠനം ചിത്രം വച്ചുനീട്ടുന്നുണ്ട്. “ആഷസ് ആന്‍ഡ് ഡയമണ്ട്‌സ്” എന്ന ടാഗ് ലൈനിനോട് ചിത്രം നീതിപുലര്‍ത്തിയെന്ന് പറയുവാന്‍ കഴിയും. രണ്ട് വിധങ്ങളിലുള്ള മനുഷ്യന്റെ സ്വഭാവവിശേഷതയെ കാര്‍ബണ്‍ മൂലം തുലനം ചെയ്യുകയാണ് സംവിധായകന്‍. കരിക്കട്ടയും വജ്രവും രണ്ടും കാര്‍ബണ്‍ തന്നെയാണ്. രണ്ടും രണ്ട് രൂപഭേദങ്ങളാണ്. മറ്റ് മൂലകങ്ങളുമായി ചേര്‍ന്ന് വിവിധസംയുക്തങ്ങളായി മാറുവാന്‍ കഴിവുള്ള കാര്‍ബണ്‍ ആണ് എല്ലാത്തിന്റെയും ആധാരം. അതേസമയം കരിക്കട്ട വിലയില്ലാത്ത ഒന്നുമാകുന്നു. മനുഷ്യന്റെ വികാരങ്ങളും പ്രവര്‍ത്തനങ്ങളും ഇതുപോലെ തന്നെയാണ്. സ്വഭാവത്തില്‍ ചിലര്‍ കരിക്കട്ടയും ചിലര്‍ വജ്രവുമായിരിക്കും, പക്ഷെ പരസ്പരം വേര്‍തിരിച്ചറിയുക എന്നത് ശ്രമകരമാണ് എന്നും ചിത്രം പറയുന്നു.

ആദിവാസി സമൂഹത്തിന്റെ സത്യസന്ധമായ ജീവിതചര്യകളും, വിശ്വാസങ്ങളും, വനസമ്പത്ത് ദുരുപയോഗം ചെയ്യാതെ, വന്യമൃഗങ്ങളുമായി ഇടപഴകിയുള്ള ജീവിതശൈലിയും ചിത്രം ഉയര്‍ത്തിക്കാണിക്കുകയാണ്. എളുപ്പത്തില്‍ സമ്പന്നരാകുവാനുള്ള ഇന്നത്തെ യുവാക്കളുടെ ശ്രമങ്ങളും ചതികളും കുടുംബാവസ്ഥകളുമെല്ലാം ചിത്രം വരച്ചുകാട്ടുന്നതോടൊപ്പം ആവര്‍ത്തനവിരസതയില്ലാതെ, അതിപ്രാധാന്യമുള്ള ചില സംഭവവികാസങ്ങളും സംവിധായകന്‍ ശ്രദ്ധയില്‍പ്പെടുത്തുകയാണ്.

അഡ്വഞ്ചര്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന ചിത്രമാണെങ്കിലും, ഇത്തരം ചിത്രങ്ങളില്‍ പൊതുവായി കണ്ടുവരുന്ന നാടകീയത കൈവെടിഞ്ഞ് റിയലിസ്റ്റിക് പാത സ്വീകരിച്ചിരിക്കുന്നു എന്നത് സാധാരണ പ്രേക്ഷകരെ നിരാശരാക്കിയേക്കാമെങ്കിലും ചിത്രം സഞ്ചരിക്കുന്ന സരണി എങ്ങോട്ടാണ് നീളുന്നത് എന്ന ആകാംക്ഷയും ചിന്തകളും അവരെ വിട്ടൊഴിയുന്നില്ല. ഒടുവില്‍ പ്രേക്ഷകരുടെ അതുവരെയുള്ള കണക്കുകൂട്ടലുകള്‍ നിരാകരിച്ചുകൊണ്ട് പ്രേക്ഷക മനസുകളില്‍ വിസ്‌ഫോടനം സൃഷ്ടിച്ചേക്കാവുന്ന ഉപസംഹാരഭാഗങ്ങള്‍, ചിത്രത്തെ മറ്റൊരു തലത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നു. രണ്ടാം പകുതിയിലെ അലക്ഷ്യമായ, അര്‍ത്ഥരഹിതമെന്നും, അനാവശ്യമെന്നും തോന്നുന്ന പല രംഗങ്ങള്‍ക്കും അതോടുകൂടി വിശദീകരണം ലഭിക്കുകയാണ്. തിയേറ്റര്‍ വിട്ടിറങ്ങിയാലും അത് പ്രേക്ഷക മനസ്സുകളെ വേട്ടയാടുകയും ചിന്തിപ്പിക്കുകയും ചെയ്‌തേക്കാം.

നായകന്റെ സംഘര്‍ഷാവസ്ഥകള്‍ പ്രേക്ഷകന് അതേപടി വേദ്യമാകുന്നുമുണ്ട്. ഫഹദിന്റെ കഥാപാത്രമായുള്ള മാറ്റം വിസ്മയാവഹമാണ്. ഒരര്‍ത്ഥത്തില്‍ ഫഹദിന്റെ ഒറ്റയാള്‍ പ്രകടനമാണ് ചിത്രത്തിലുടനീളം കാണാന്‍ സാധിക്കുന്നത്. ഹാസ്യവും സംഘര്‍ഷങ്ങളും, ഭയവും, ഭീരുത്വവും, നിഗൂഢതകളുമെല്ലാം പ്രതിഫലിപ്പിക്കേണ്ട കഥാപാത്രമായിരുന്നു. ചിലയവസരങ്ങളില്‍ ഇന്ത്യന്‍ പ്രണയകഥയിലെ അയ്മനം സിദ്ധാര്‍ത്ഥനുമായി സിബിയുടെ പെരുമാറ്റരീതികള്‍ക്ക് സാമ്യം തോന്നിയേക്കാം. ചിത്രത്തിന്റെ രണ്ടാം പകുതി നായകന്റെ മാനസിക വ്യാപാരങ്ങളിലേക്ക് ഊളിയിടാനും മറ്റു കഥാപാത്രങ്ങളുടെ ജീവിത പരിസരങ്ങളിലേക്ക് കടന്നുകയറാനും ശ്രമിക്കുമ്പോള്‍ ചെറുതായി ഇഴയുന്ന പ്രതീതി സാധാരണ പ്രേക്ഷകനില്‍ ഉളവാക്കിയേക്കാമെങ്കിലും, ആകാംക്ഷയുടേയും ഉദ്വേഗത്തിന്റേയും അന്തരീക്ഷം സദാ സൂക്ഷ്മമായി നിലനിറുത്തുവാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ജാഗരൂകരായിട്ടുണ്ട്. മംത മോഹന്‍ദാസിന്റെ ഊര്‍ജ്ജസ്വലമായ നായികാവേഷവും വിജയരാഘവന്‍, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, മണികണ്ഠന്‍ ആചാരി, ഷറഫുദ്ദീന്‍, മാസ്റ്റര്‍ ചേതന്‍ തുടങ്ങിയവരുടെ പ്രകടനങ്ങളും ചിത്രത്തിനു പ്രയോജനകരമായി.

പുതുമയുള്ള അവതരണശൈലി “കാര്‍ബണി”ന് മുതല്‍ക്കൂട്ടാണ്. പല രംഗങ്ങളും പ്രേക്ഷക മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങാന്‍ ദൃശ്യങ്ങളിലെ മൂര്‍ച്ചയും, ശബ്ദമിശ്രണ, വെളിച്ച സംവിധാനങ്ങളിലെ നിഗൂഢതയും വലിയ പങ്കുവഹിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം കെ.യു മോഹനനാണ്.വനാന്തര്‍ഭാഗത്തെ ദൃശ്യങ്ങള്‍ മനോഹരമായി ഒപ്പിയെടുക്കപ്പെട്ടു. ചില ഹെലിക്യാം ഷോട്ടുകളും രാത്രിദൃശ്യങ്ങളും എടുത്തുപറയേണ്ടതുതന്നെ. കാടിനുള്ളിലൂടെയുള്ള സാഹസികയാത്രാവേളകളിലും, വന്യമൃഗങ്ങളുടെ ദൃശ്യങ്ങള്‍ പശ്ചാത്തലവുമായി ഇഴചേരാത്ത വിധത്തിലാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. എന്നിരുന്നാലും ആകമാനവീക്ഷണത്തില്‍ രംഗങ്ങളുടെപൂര്‍ണ്ണതയും, ആസ്വാദ്യതയും ഉദ്വേഗവും ചോര്‍ന്നുപോവാതെ, സൂക്ഷമായ എഡിറ്റിംഗിലൂടെ ബീന പോളും സംവിധായകന് മികച്ച പിന്തുണ നല്‍കിയിട്ടുണ്ട്.

സിനിമയെ സംബന്ധിച്ച് പ്രത്യേകം എടുത്തുപറയേണ്ട മറ്റൊന്നാണ് വിശാല്‍ ഭരദ്വാജ് എന്ന അതുല്യ പ്രതിഭയുടെ സാന്നിധ്യം. വേണുവിന്റെ തന്നെ “ദയ”ക്ക് വേണ്ടി സംഗീതം നല്‍കിയ വിശാല്‍ ഭരദ്വാജാണ് റഫീഖ് അഹമ്മദിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. സംവിധായകന്‍, സംഗീത സംവിധായകന്‍, ഗായകന്‍ എന്നീ മേഖലകളുടെ ഔന്നത്യത്തില്‍ വിരാജിക്കുന്ന വിശാല്‍ ഒരുക്കിയ ഗാനങ്ങള്‍ക്ക് ബെന്നി ദയാല്‍, വിശാല്‍ ഭരദ്വാജിന്റെ ഭാര്യ രേഖ ഭരദ്വാജ് എന്നിവരായിരുന്നു ശബ്ദം നല്‍കിയത്. ബിജിബാലിന്റെ മികച്ച പശ്ചാത്തലസംഗീതവും പ്രേക്ഷകന് നല്ല അനുഭവം പ്രദാനം ചെയ്യുന്നു.

ഒരവാര്‍ഡ് ചിത്രത്തിന്റെ വിഭാഗത്തില്‍പ്പെടുത്താവുന്ന, അതിന്റെ ചട്ടക്കൂട്ടില്‍ നിര്‍മ്മിതമായ, പ്രേക്ഷകരെ ആസ്വാദനത്തില്‍ നിന്നും ബോധപൂര്‍വ്വം അകറ്റിനിര്‍ത്തുന്ന ഒരു മറ സൃഷ്ടിച്ചിട്ടുള്ള സങ്കേതങ്ങള്‍ പിന്തുടരുന്ന ഒരു ചിത്രമോ, വാണിജ്യലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയുള്ള ഒരു ചിത്രമോ അല്ല കാര്‍ബണ്‍. എന്നാല്‍ ഇതിനിടയില്‍ നിലകൊള്ളുന്ന, മലയാള സിനിമയില്‍ അടുത്തകാലത്തിറങ്ങിയ ജീവിതഗന്ധിയായ ഒരു മികച്ച ത്രില്ലറാണ് “കാര്‍ബണ്‍” എന്ന് നിസംശയം പറയാം. മലയാളത്തിലിറങ്ങുന്ന സമകാലിക ചിത്രങ്ങളുമായുള്ള ബന്ധത്തില്‍ കാര്‍ബണ്‍ ശോഭിച്ചു നില്‍ക്കും. ഗൗരവപൂര്‍വ്വം സിനിമയെ സമീപിക്കുന്ന പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം മനസ്സ് നിറയ്ക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഒരു കാഴ്ച തന്നെയായിരിക്കും കാര്‍ബണ്‍.