നിഗൂഢതകള്‍ നിറഞ്ഞ ബാഗമതി

സൗത്ത്‌ലൈവ് റിവ്യു ബോര്‍ഡ്‌

തെലുങ്ക് സിനിമയില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ല തന്റെ ഖ്യാതിയെന്ന് താന്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലൂടെ വിളിച്ചു പറയുകയാണ് അനുഷ്‌ക ഷെട്ടി. ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം വെള്ളിത്തിരയില്‍ മറ്റൊരു അത്ഭുതസൃഷ്ടിയാകുകയാണ് ബാഗമതി. മിന്നുന്ന പ്രകടനം കൊണ്ട് മാത്രമല്ല ബാഗമതി വ്യത്യസ്തമാകുന്നത്, കഥ കൊണ്ടും സിനിമയുടെ ആര്‍ട്ട് വര്‍ക്കുകള്‍ കൊണ്ടുമാണ്. ബാഗമതിക്കായി ഒരുക്കിയ കോട്ടയും പുരാണ കഥകള്‍ക്കായുള്ള സെറ്റും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നതാണ്.

ദേവസേന എന്ന കഥാപാത്രത്തിന്റെ ഹാംഗോവര്‍ പ്രേക്ഷകര്‍ക്ക് ഇതുവരെ മാറിയിട്ടില്ല എന്നതിനാല്‍ അതിനൊപ്പമോ അതിലേറെയോ ഉള്ള പെര്‍ഫോമന്‍സാണ് അനുഷ്‌കയില്‍നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്. അത്തരക്കാരെ അനുഷ്ക നിരാശപ്പെടുത്തുന്നില്ല.

ആദ്യ സൂചനകള്‍ ഹൊറര്‍ ത്രില്ലറാണെന്ന പ്രതീതി ഉണ്ടാക്കിയിരുന്നെങ്കിലും ഒരു മുഴുനീള ഹൊറര്‍ ചിത്രമല്ല ബാഗമതി. സോഷ്യോ ത്രില്ലര്‍ എന്ന ജോണറില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണിത്.

ഡബിള്‍ റോളിലാണ് അനുഷ്‌ക ഈ ചിത്രത്തിലെത്തുന്നത്. സഞ്ചല എന്ന ഐഎഎസ് ഓഫീസറും ബാഗമതി എന്ന രാജകുമാരിയും. ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ തനിക്ക് ശേഷിയുണ്ടെന്ന് അരുന്ധതി, ബാഹുബലി തുടങ്ങിയ സിനിമകളിലൂടെ അനുഷ്‌ക തെളിയിച്ചിട്ടുണ്ട്. ഇതിലെ കഥാപാത്രങ്ങളോട് കിടപിടിക്കുന്ന വിശ്വാസ്യതയുള്ള പ്രകടനമാണ് അനുഷ്‌ക ഈ ചിത്രത്തില്‍ കാഴ്ച വെച്ചിരിക്കുന്നത്. ഇന്നത്തെ സമൂഹത്തിന്റെ പ്രതിഫലനം എന്ന നിലയില്‍ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെയും ചിത്രം വിമര്‍ശനാത്മകമായി സമീപിക്കുന്നു.ട്വിസ്റ്റുകളും സസ്‌പെന്‍സുകളും കൊണ്ട് തിയേറ്ററില്‍ പ്രേക്ഷകനെ പിടിച്ചിരുത്തുകയും ചെയ്യുന്നു ബാഗമതി.

ആശാ ശരത്ത്, ജയറാം, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയപ്പോള്‍ ജയറാം എന്ന അതുല്യനടന്റെ ഭാവപ്രകടനങ്ങള്‍ ഏറെ വ്യത്യസ്തമായി നിന്നു. തന്റെ കരിയറില്‍ ആദ്യമായാണ് ജയറാം ഒരു അന്യഭാഷാ ചിത്രത്തില്‍ മുഴുനീള വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷം ജയറാമിന്റെ നല്ലൊരു കഥാപാത്രം കാണാനായി എന്നത് നേട്ടമായി.

പുരാണകഥകള്‍ക്ക് ചലച്ചിത്ര ഭാഷ്യമൊരുക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളില്‍ സംവിധായകനും തിരക്കഥാകൃത്തുമായ ജി. അശോക് വീഴ്ച വരുത്തിയിട്ടില്ല എന്ന് സിനിമ കണ്ടിറങ്ങുമ്പോള്‍ ബോധ്യപ്പെടും.