‘അതിരന്‍’ -പതിവു സിനിമാസങ്കല്‍പ്പത്തിന്റെ അതിരുകള്‍ മറികടന്ന ചിത്രം- റിവ്യു

എസ്.കെ.

സിനിമാ അവബോധത്തെ മുന്നോട്ടു നയിക്കുന്ന സിനിമകള്‍ ഉണ്ടാവേണ്ടത് ഏതു കാലത്തിന്റെയും ആവശ്യമാണ്. ഇല്ലെങ്കില്‍ കുത്തക താത്പര്യങ്ങള്‍ക്കിടയില്‍ പെട്ട് ശുദ്ധ സിനിമാസംസ്‌കാരം ചത്തു പോകും. ആ നിലയ്ക്ക് എന്തു കൊണ്ടും കയ്യടി നല്‍കാവുന്നൊരു നല്ല സിനിമ.- ‘അതിരന്‍.’

ഒറ്റ വാചകത്തില്‍ മര്‍ഡര്‍ മിസ്റ്ററി. പക്ഷേ, അവതരണം കൊണ്ട് അതിനും അപ്പുറത്തേക്ക്. നിഗൂഢത ചൂഴ്ന്നു നില്‍ക്കുന്ന കഥയ്ക്ക് അനുയോജ്യമായ ലൊക്കേഷന്‍. അതിനു ചേര്‍ന്ന പശ്ചാത്തലസംഗീതം. അവസാനത്തില്‍ മാത്രം പൂര്‍ണമായി വിരിയുന്ന പ്രണയാനുഭൂതി..

മൊത്തത്തില്‍ വേറിട്ട ദൃശ്യാനുഭവം.
അനുനിമിഷം ഉദ്വേഗമുണര്‍ത്തുന്ന ആഖ്യാനം.
തിരക്കഥാകൃത്ത് പി.എഫ് മാത്യൂസ് ഈ.മാ.യൗ വില്‍ നിന്നും ഏറെ മുന്നോട്ടു പോയിരിക്കുന്നു. ഒരു സെക്കന്റു പോലും സ്‌ക്രീനില്‍ നിന്നു കണ്ണെടുക്കാനാവാത്ത വിധം സംഭവങ്ങളെ അതിവിദഗ്ധമായി അദ്ദേഹം കോര്‍ത്തിണക്കിയിട്ടുണ്ട്. അതും തെല്ലും അതിഭാവുകത്വമോ അതിശയോക്തിയോ ഇല്ലാതെ.

പാട്ടുകളില്‍ ജയചന്ദ്രന്‍ പാടിയതു മനസ്സില്‍ നില്‍ക്കും. മറ്റുള്ളവ പുതിയ കാലത്തെ സംഗീതത്തിന്റെ പതിവു പാറ്റേണില്‍ തന്നെ. താഴ്ന്ന സ്ഥായിയില്‍ തുടങ്ങുക- പിന്നെ പെട്ടെന്ന് നായ ഓരിയിടും പോലെ ഉയര്‍ന്ന സ്ഥായിയിലേക്ക് പൊങ്ങിപ്പോവുക. മൗലിക ഇല്ലാത്ത ഈ രീതിയിലേക്ക് പുതിയ സംഗീത സംവിധായകരും തിരിയുന്നതു കഷ്ടം തന്നെ.
ഫഹദിന്റെ ഇതുവരെ കാണാത്ത മുഖം കാണാം ‘അതിരനി’ല്‍. അഭിനയത്തില്‍ ‘കുമ്പളങ്ങി നൈറ്റ്‌സി’ല്‍ നിന്നും ഏറെ ഉയരത്തിലേക്കാണ് ‘അതിരനി’ലൂടെ ഫഹദ് കുതിക്കുന്നത്. ഒരിഞ്ചു താഴാതെ ചിലപ്പോള്‍ തെല്ലു മുന്നോട്ടു കയറിയും സായ് പല്ലവിയുമുണ്ട്. ‘പ്രേമ’മുള്‍പ്പെടെയുള്ള കഴിഞ്ഞ ചിത്രങ്ങളെയൊക്കെ സായ് പല്ലവി ഏറെ പിന്നിലാക്കിയിരിക്കുന്നു. നേര്‍ത്ത ചലനത്തില്‍ പോലും ആ കഥാപാത്രത്തിന്റെ പൊതു സ്വഭാവം സായ് നിലനിര്‍ത്തിയിട്ടുണ്ട്.

കളരി ചെയ്യുമ്പോഴും ഓട്ടിസത്തിന്റെ മാനറിസങ്ങള്‍ വിടുന്നില്ല. അപാരമായ ഇംപ്രവൈസേഷന്‍ തന്നെയാണത്. അതുല്‍ കുല്‍ക്കര്‍ണി, രണ്‍ജി പണിക്കര്‍, സുദീപ് നായര്‍, ശാന്തികൃഷ്ണ, സുരഭി, പ്രകാശ് രാജ്, പി. ബാലചന്ദ്രന്‍ തുടങ്ങിയവരില്‍ നിന്നും അവരുടെ ‘ബസ്റ്റ് ഓഫ് ബസ്റ്റ് പെര്‍ഫോമന്‍സ്’ തന്നെ നേടിയെടുക്കാന്‍ സംവിധായകനു കഴിഞ്ഞു. നന്ദു പക്ഷേ, തീര്‍ത്തും പാളിപ്പോയി. ജഗതിയുടെ ലജ്ജാവഹമായ സ്വാധീനത്തില്‍ നിന്നും നന്ദു ഇനിയും സ്വതന്ത്രനായിട്ടില്ല.
സിനിമ സംവിധായകന്റെ കലയാണെന്ന് സംവിധായകനായ വിവേകിനു ബോധ്യമുണ്ടെന്ന് ഈ സിനിമ കണ്ടാല്‍ നമുക്കും ബോധ്യപ്പെടും. ഓരോ സീനിന്റെയും ഷോട്ടുകള്‍ രൂപപ്പെടുന്നതിലൂടെ തിരക്കഥയ്ക്ക് അപ്പുറത്തേക്ക് സിനിമ വളര്‍ത്തിയെടുക്കാന്‍ വിവേകിനു കഴിഞ്ഞു.

കഥയുടെ മൂഡിനും ഊട്ടിയുടെ വന്യവും ഭീതിജനകവുമായ സൗന്ദര്യത്തിനും അനുസരിച്ചുള്ള ലൈറ്റിങ്ങിലൂടെ ഛായാഗ്രഹണവും ക്‌ളാസ് തന്നെയായി.
വീര്‍പ്പടക്കി തുടക്കം മുതല്‍ കാണാന്‍ തോന്നിയെങ്കില്‍ അതിന് ചിത്രസംയോജനത്തിനു കൂടി നന്ദി പറയാം.

ഉടനീളം സസ്‌പെന്‍സ് നിലനിര്‍ത്തിയ ‘അതിരന്’ തിരക്കഥയെഴുതാന്‍  പിഎഫ് മാത്യൂസിനെയും നായികയാക്കാന്‍ സായ് പല്ലവിയെയും സംവിധായകന് നിര്‍ദേശിച്ചത് കഥ കേട്ട ഫഹദ് ഫാസില്‍ തന്നെയാണത്രെ. ഫഹദിന്റെ ആ തീരുമാനം ഒട്ടും അസ്ഥാനത്തായില്ല.

അടുത്ത കാലത്ത് മലയാള സിനിമകണ്ട ഒരു മികച്ച ദൃശ്യാനുഭവമായി മാറിയിരിക്കുന്നു ‘അതിരന്‍’ എന്നു പറയുമ്പോഴും ഒരു സന്ദേഹം- ഒരു തറവാട്ടിലെ ഇളം തലമുറയിലെ ആണിനും പെണ്ണിനും മാത്രം മനോവൈകല്യങ്ങള്‍ ഉണ്ടായതെന്തേ?
rating: 4/5

മധുരരാജ ‘ഒരു കംപ്ലീറ്റ് പാക്കേജ്