ത്രില്ലടിപ്പിക്കുന്ന, പ്രതികാരത്തിന്റെ 'അഞ്ചാം പാതിര': റിവ്യു

ജിസ്യ പാലോറാന്‍

പുതുവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന എല്ലാ ചേരുവകളുമായാണ് കുഞ്ചാക്കോ ബോബന്റെ അഞ്ചാം പാതിര എത്തിയിരിക്കുന്നത്. നീതി ദേവത കണ്ണടക്കുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്ന പാവപ്പെട്ടവന്റെ കാലിക പ്രസക്തിയുള്ള ജീവിതം രേഖപ്പെടുത്തുകയാണ് ചിത്രം. ആദ്യ ഷോട്ടില്‍ തന്നെ ഉടലെടുക്കുന്ന ത്രില്ലര്‍ മോഡ് ചിത്രത്തിന്റെ അവസാന ഭാഗം വരെ നിലനിര്‍ത്താന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.

അവസാന ഷോട്ട് വരെ ഇത് സംവിധായകന്‍ മിഥുന്‍ മാനുവലിന്റെ ബ്രില്യന്‍സ് എന്ന് തന്നെ പറയാം. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മുമ്പ് കണ്ടുവന്ന ക്രൈം ത്രില്ലറുകളില്‍ നിന്നും വ്യത്യസ്തമായൊരു മോഡ് തന്നെയാണ് ഒരുക്കുന്നത്.

കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ സാങ്കേതികവശവും മികച്ചതാണ്. അന്‍വര്‍ ഹുസൈന്‍ എന്ന ക്രിമിനോളജിസ്റ്റായാണ് കുഞ്ചാക്കോ ബോബന്‍ വേഷമിടുന്നത്. ഒരു കുറ്റാന്വേഷകന്റെ എല്ലാ ഭാവങ്ങളും കൂര്‍മ്മതയും വളരെ തന്‍മയത്വത്തോടെ തന്നെ അഭിനയിച്ച് ഫലിപ്പിക്കാന്‍ നടന് സാധിച്ചിട്ടുണ്ട്.

സ്‌ക്രിപ്റ്റിന്റെ മികവ് കൊണ്ടും ചിത്രം വേറിട്ട് നില്‍ക്കും. മലയാള സിനിമയിലെ തന്നെ മികച്ച ക്രൈം ത്രില്ലറാകും ചിത്രം.

കണ്ണ് കെട്ടാത്ത മലയാളിത്തമുള്ള നീതി ദേവതയുടെ കണ്ണുകള്‍ ആഴ്ന്നിറങ്ങുന്നത് ഇന്നത്തെ സമൂഹത്തിലെ നീതി വ്യവസ്ഥയിലേക്ക് തന്നെയാണ്. പൊലീസിന്റെ കെടുകാര്യസ്ഥതയിലേക്കാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്. ഒട്ടും വലിച്ച് നീട്ടാത്ത സ്‌ക്രിപ്റ്റും അവതരണവുമാണ് വേറിട്ട് നില്‍ക്കുന്നത്. കില്ലറെ തേടിയുള്ള യാത്രയില്‍ ചിത്രത്തിന്റെ അവസാനം വരെ സസ്‌പെന്‍സ് നിറഞ്ഞുനില്‍ക്കുന്നുണ്ട്.

ചില കഥാപാത്രങ്ങള്‍ സ്‌ക്രീനില്‍ ഒരു ഡയലോഗ് പോലും പറയുന്നില്ലെങ്കിലും അവരെ വളരെ സീരിയസ് മോഡില്‍ കാസ്റ്റ് ചെയ്തിട്ടുണ്ടെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. എസിപി കാതറിന്‍ ആയെത്തിയ ഉണ്ണിമായ പ്രസാദ് ശക്തമായ മറ്റൊരു വേഷം തന്നെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എസ്പി അനില്‍ മാധവായെത്തിയ ജിനു ജോസഫും, ക്ലൈമാക്‌സിലെത്തുന്ന ഷറഫുദ്ദീനും, ഇന്ദ്രന്‍സ്, പ്രിയനന്ദന്‍, ജാഫര്‍ ഇടുക്കി എന്നിവരുടെ കാമിയോ റോളുകളും പ്രേക്ഷകര്‍ മറക്കാനിടയില്ല.

അതി ഭാവകത്വങ്ങളില്ലാതെ, വളരെ റിയലിസ്റ്റിക്കായ ആഖ്യാന രീതിയില്‍ ആദ്യാവസാനം വളരെ ഗൗരവകരവും തീക്ഷ്ണവും ദുരൂഹവുമായ ഭാവം നിലനിര്‍ത്താന്‍ മിഥുന്‍ മാനുവല്‍ എന്ന സംവിധായകന് കഴിഞ്ഞു എന്നുള്ളതാണ് ചിത്രത്തിന്റെ വിജയം.