'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു - ' നല്ല മനസ്സുള്ളവര്‍ക്കായി നന്മയില്‍ ചാലിച്ച ഒരു സോദ്ദേശ്യ സിനിമ- റിവ്യു

ടൊവിനോയുടെ ഇസഹാക്ക് യു എസ്സില്‍ ഏതാനും ദിവസങ്ങള്‍ താമസിച്ച വീട് പൂട്ടി ഇറങ്ങുകയാണ്. താല്‍ക്കാലിക താമസത്തിന് വീട് ശരിയാക്കി കൊടുത്ത സിദ്ദിഖിന്റെ പ്രിന്‍സും കൂടെയുണ്ട്. ഒരു നിമിഷം ഇസഹാക്ക് തിരിഞ്ഞ് വീടിനെ നോക്കി നിന്നു. പിന്നെ പ്രിന്‍സിനോടു പറഞ്ഞു – “കുറച്ചു ദിവസം താമസിച്ച വീടല്ലേ. നമുക്കൊരു രണ്ടു മിനിറ്റ് ഇതിനു മുന്നിലൊന്നിരുന്നിട്ടു പോകാം.” _ ഇതില്‍ ഉള്ളടങ്ങിയിട്ടുണ്ട് “ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു” എന്ന സിനിമയുടെ ആത്മാവ്.

ഒരാള്‍ ഒരു കാര്യത്തിന് ഇറങ്ങിത്തിരിക്കുമ്പോള്‍ നേരിടുന്ന എതിരനുഭവങ്ങള്‍ക്കെല്ലാം മേലെയാണ് അവന്‍ തൊട്ടറിയുന്ന നന്‍മയുടെ ചില നിമിഷങ്ങള്‍ എന്ന് പറയാതെ പറയുകയാണ് സലിം അഹമ്മദിന്റെ ഈ ഏറ്റവും പുതിയ ചിത്രം. ഒരു പക്ഷേ ഇസഹാക്കിന്റെ നന്‍മ തിരിച്ചറിഞ്ഞ ആ വീട് അവനെ അനുഗ്രഹിച്ചിരിക്കാം. പ്രിന്‍സുമൊത്തുള്ള ആ ഇരിപ്പില്‍ ആണ് അവരുടെ രണ്ടു പേരുടെയും ജീവിതത്തിലെ വലിയൊരു മാറ്റത്തിലേക്കുള്ള ആശയം ഉണ്ടാവുന്നത്.

നമ്മുടെ മനസ്സില്‍ ഉദിക്കുന്നതെന്തോ അത് പ്രകൃതിയില്‍ നിന്നോ നമ്മള്‍ ജീവിച്ച വീട്ടില്‍ നിന്നോ മുറിയില്‍ നിന്നോ ഒക്കെ നമുക്ക് തിരികെ അനുഭവവേദ്യമാകും എന്ന് ഈ സിനിമ നമ്മെ അനുഭവിപ്പിക്കുന്നുണ്ട്. സിനിമ എടുക്കാന്‍ ശ്രമിക്കുന്ന ഒരു യുവാവിന്റെ കഥ പല സിനിമകള്‍ക്കും വിഷയമായിട്ടുണ്ട്. ഇവിടെ ക്ലേശങ്ങള്‍ക്കൊടുവില്‍ ശ്രദ്ധേയമായ നിലയില്‍ പൂര്‍ത്തിയാക്കപ്പെട്ട സിനിമയുമായി സംവിധായകന്‍ ഓസ്‌കാറിനു വേണ്ടി യുഎസ്സില്‍ പോകുന്നതും അവിടെ അയാള്‍ കഠിനമായ പരീക്ഷണങ്ങളെ നേരിടുന്നതും ഭംഗിയുള്ള ഫ്രയിമുകളിലൂടെ കാണിച്ചുതരുന്നു.

എടുത്ത സിനിമയുടെ കഥയ്ക്കു നിമിത്തമായ യഥാര്‍ഥ സംഭവത്തിലെ മനുഷ്യരും ആ സിനിമയുടെ സംവിധായകനും നേര്‍ക്കുനേര്‍ കാണുന്നതൊക്കെ ഇവിടെ മികച്ച ദൃശ്യാനുഭവം തന്നെ. കുപ്രസിദ്ധ പയ്യന്‍, ഉയരെ, ലൂസിഫര്‍, വൈറസ് തുടങ്ങിയ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ വേഷമാണിവിടെ ടൊവിനോയ്ക്ക്

അതൊക്കെ ചെയ്തതു കൊണ്ടാകാം ഈ റോള്‍ ടോവിനോയ്ക്കു നിസ്സാരം. സലിം കുമാറിന് മൊയ്തുക്കയെ തന്റെ പതിവു താളത്തില്‍ നിന്നു ഒന്നു മാറ്റിപ്പിടിക്കാമായിരുന്നു. ശ്രീനിവാസനും സിദ്ദിക്കിനും വി ജയരാഘവനും സാധിച്ചതു പോലെ. ടൊവിനോയുടെ ആത്മസുഹൃത്തായുള്ള അനു സിത്താരയുടെ വേഷം ഒരാഴ്ചയൊക്കെ മനസ്സില്‍ നില്‍ക്കും. അതിലപ്പുറം അനുവിന് ഒന്നും ചെയ്യാനുമില്ല. സാങ്കേതിക മികവാണ് …ഓസ്‌കാറി”ന്റെ ഹൈലൈറ്റ്. കണ്ടിരിക്കാവുന്ന വിധത്തില്‍ ഉള്ള ഛായാഗ്രഹണം. യു എസ്സിലേക്കുള്ള കഥയുടെ മാറ്റം നമുക്കൊരു ചാട്ടമായി തോന്നാത്ത വിധത്തിലുള്ള വെളിച്ച വിന്യാസമാണ് മധു അമ്പാട്ട് ഉപയോഗിച്ചിരിക്കുന്നത്. അകലെ നിന്ന് നേര്‍ത്ത് കേള്‍ക്കുന്ന ബാങ്കുവിളിയുടെ ശബ്ദം മാത്രം മതി റസൂല്‍ പൂക്കുട്ടിയുടെ ആ ശബ്ദസന്നിവേശത്തിന് മാര്‍ക്കിടാന്‍. പശ്ചാത്തല സംഗീതവും ശബ്ദങ്ങളും തനതായ മികവോടെ വേറിട്ടുനില്‍ക്കുന്നു എന്നത് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത തന്നെ.

Read more

അവസാന ഭാഗത്തെ ഇഴച്ചില്‍, നന്‍മയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ കഥാപാത്രങ്ങള്‍, പലയിടത്തും ഉണ്ടായി വരുന്ന അതിവൈകാരികത – ഇവയൊക്കെ ഇവിടെ ബാദ്ധ്യതയാവുന്നുണ്ട്. എന്നാല്‍ സലിം അഹമ്മദ് കഥ പറയുന്ന രീതിക്ക് നല്ല ഒഴുക്കും വ്യക്തതയും ഉണ്ട്. സ്വാനുഭവത്തിന്റെ ചൂടില്‍ നിന്നായതു കൊണ്ടാവും അല്‍പ്പസ്വല്‍പ്പം ഇമോഷനല്‍ ആയിപ്പോയത്. എങ്കിലും -അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങള്‍ക്കും യുക്തിരാഹിത്യം എന്ന ദോഷമുണ്ടെങ്കില്‍ “ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു – “വില്‍ അത് ഒഴിവായിട്ടുണ്ട്. കഥയെ, അതിന്റെ ഗതി വിഗതികളെ അതിന്റേതായ വഴിക്ക് വിട്ടിരിക്കുകയാണ് സംവിധായകന്‍. – അത്രയും ആശ്വാസം