'ജോജി' രാഷ്ട്രീയം പറയുന്ന ചിത്രം

സാലിഹ് റാവുത്തർ

“ജോജി” എന്നത് പനച്ചേൽ എന്ന മലയോരകർഷക കുടുംബത്തിൽ മാത്രം നടക്കുന്ന ഒരു കഥയല്ല. ഒരിക്കലെങ്കിലും അതോറിറ്റേറിയൻ കാലഘട്ടത്തെ പിന്നിട്ടിട്ടുള്ള ഓരോ രാജ്യങ്ങളും നേരിട്ടനുഭവിച്ച സംഭവവികാസങ്ങളുടെ  അലിഗറിക്കൽ അവതരണമാണ്.

കുട്ടപ്പൻ എന്ന ബലവാനായ അപ്പൻ സ്ട്രോക്ക് വന്നു വീഴുന്നതോടെ കഥ മാറുന്നു. അപ്പന്റെ വാക്ക് തെറ്റി നടക്കാത്ത അനുസരണയുള്ള ഡിവോഴ്സിയായ  മൂത്തമകൻ ജോമോൻ (ബാബുരാജ്),  അപ്പന്റെ ഭരണത്തിൽ അത്ര തൃപ്തനല്ലെങ്കിലും അനുസരിക്കാൻ വിധിക്കപ്പെട്ട കഠിനാദ്ധ്വാനി ജെയ്‌സൺ( ജോജി മുണ്ടക്കയം) താൻ അനുഭവിക്കുന്ന അടിമത്തത്തിൽ അതൃപ്തയായ അയാളുടെ ഭാര്യ (ഉണ്ണിമായ) എൻജിനീയറിംഗ് ഡ്രോപ്പ് ഔട്ടായ ഇളയ മകൻ ജോജി (ഫഹദ് ഫാസിൽ) ജോമോന്റെ മകൻ കൗമാരക്കാരനായ പോപ്പി ( അലിസ്റ്റർ അലക്സ്), ബന്ധുവായ ഫെലിക്സ് (ഷമ്മി തിലകൻ)  അവരുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒരു സമൂഹം ഇവരിലൂടെ ഒരു രാഷ്ട്രീയചിത്രം നമുക്ക് കാണാം.

പാർശ്വവത്കരിക്കപ്പെടുന്നവരുടെ പ്രതികരണം അനാരോഗ്യകരമായ മാർഗ്ഗത്തിലേക്ക് നീങ്ങുമ്പോൾ സംഭവിക്കുന്ന  ദുരന്തമാണ് ജോജിയിൽ കാണുന്നത്.

ഒരു സ്വേച്ഛാധിപതി  (അപ്പൻ) അയാളുടെ പരമമായ അധികാരത്തിന്റെ ഒരംശം പോലും പ്രജയ്ക്ക് വിട്ടുകൊടുക്കാറില്ല. ഗവണ്മെന്റ് മെഷിനറി (ബാബുരാജ് )  എന്ത് ത്യജിച്ചുകൊണ്ടും താൻ സ്റ്റെയ്റ്റ് എന്നു കരുതുന്ന  അധികാരിയോട്  കൂറുകാട്ടും. കാരണം സ്റ്റെയ്റ്റ് ഇല്ലെങ്കിൽ താനില്ല എന്ന് ആദ്യജാതനായ മെഷീനറി ഉറച്ചു വിശ്വസിക്കുന്നു. പ്രജകൾ (ജെയ്‌സൺ, ഭാര്യ ബിൻസി) അതിനോടുള്ള ഭയം കൊണ്ട് വിധേയരെന്ന നാട്യത്തിൽ കഴിയുകയാണ് ചെയ്യുക.  “റബ്ബർ പാലിലുണ്ടായവനേ” എന്ന് പരിഹസിക്കപ്പെടുന്ന പാർശ്വവത്കൃതർ (ജോജി) പരമാവധി സഹിക്കുകയും ആവശ്യം വേണ്ടിടത്ത് ആരോഗ്യകരമായി പ്രതികരിക്കാനും ശ്രമിക്കുന്നുണ്ട്. അതിന്റെ ഏറ്റവും മാന്യമായ പ്രകടനമാണ് ” വിട്ടുകൊടുത്തേക്ക് അപ്പാ” എന്നു പറയാൻ അവനെ ധൈര്യപ്പെടുത്തുന്നതും. പക്ഷെ കഴുത്തിന് വീണ പിടിത്തം കൊണ്ട് അവനൊരു കാര്യം തീർച്ചപ്പെടുത്തിയിരുന്നു.

“ജോജി” എന്ന ചിത്രത്തിന് പ്രചോദനമായത് ഷേക്സ്പീരിയൻ ഡ്രാമയായ മാക്ബത്ത് ആണെന്ന് അണിയറശില്പികൾ  പറഞ്ഞിട്ടുണ്ട്. അധികാരത്തിനായി കുറ്റവാളിയാകുന്ന  മാക്ബത്തിനോളം ഡാർക്ക് ഷെയ്ഡ് ഇല്ല ജോജിക്ക് കാരണം,  കുതിരയെ വളർത്തി വിറ്റോ മറ്റേതെങ്കിലും വിധത്തിലോ സ്വന്തമായി ജോലി ചെയ്ത് സമ്പാദിക്കാൻ ഇഷ്ടപ്പെടുന്ന അയാളിൽ കുടുംബഭാഗം നേടി കടന്നുകളയണമെന്ന  ചിന്ത അടിച്ചേൽപ്പിക്കുന്നത് അപ്പനെന്ന  ഭരണകൂടം ചിലപ്പോഴെല്ലാം എടുത്തു പ്രയോഗിക്കുന്ന മർദ്ദനോപാധികളാണ്. പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളപ്പോഴും ജോജിയുടെ പ്രകടനം, ഏതറ്റം വരെയും പിടിച്ചു നിൽക്കാനുള്ള ശ്രമം, അത് കുറ്റവാളിയുടെ ഭാഗത്തു നിന്നും കഥയെ നോക്കിക്കാണുന്ന പ്രേക്ഷകന്റെ ആത്മവിശ്വാസം പോലും വർദ്ധിപ്പിക്കുന്നുണ്ട്, കാരണം മറയ്ക്കാൻ ശ്രമിക്കുന്നത് ഒരു കുറ്റമാണെങ്കിലും അതിന് താൻ മാത്രം ഉത്തരവാദിയല്ല എന്ന ന്യായം ഏതൊരു കുറ്റകൃത്യത്തിനും പിന്നിലുണ്ട്.

വിശകലങ്ങൾക്ക് അർഹമായ ചില ഭാഗങ്ങൾ ചിത്രത്തിലുണ്ട്. അപ്പനോടുള്ള ആരാധന പുരോഹിതനെ മാനിക്കാതിരിക്കാനും പരിഹസിക്കാൻ പോലും  ജോമോനെ ധൈര്യപ്പെടുത്തുന്നു. ജനാധിപത്യത്തിൽ അധികാരികൾ പുരോഹിതനു  കീഴടങ്ങി കഴിയുന്നത് പ്രജയെ ഭയന്നിട്ടാണ്. ഏകാധിപത്യത്തിൽ അധികാരിക്ക് പ്രജയും പുരോഹിതനും ഒരുപോലെ കീഴടങ്ങേണ്ടി വരുന്നു. രാജാക്കന്മാർക്കു വേണ്ടി മതനിയമങ്ങൾ പോലും മാറിയിട്ടുള്ളതാണ് ചരിത്രം.

ജെയ്‌സൺ തന്റെ ഭാര്യയെ ചോദ്യം ചെയ്യുന്ന രംഗമുണ്ട്. അവൾ മറുപടിയായി അയാളും കൂടി ആഗ്രഹിച്ചതേ സംഭവിച്ചിട്ടുള്ളൂ എന്ന സൂചന കൊടുക്കുന്നതോടെ ചോദ്യം ചെയ്യൽ അവസാനിക്കുന്നു. ഒരു കുറ്റകൃത്യത്തിന് ഒരാളുടെ തീരുമാനം മാത്രം കാരണമാകണമെന്നില്ല. നിയമം കൈയിലെടുക്കുന്നവരോ  ഭരണകൂടത്തിനെതിരെ കലാപമുയർത്തുന്നവരോ  വിഘടനവാദമുന്നയിക്കുന്നവരോ  പിടിക്കപ്പെടുമ്പോൾ തള്ളിപ്പറയുന്നവർ തലേവര ചെറുതായിട്ടൊന്നു ചെരിഞ്ഞാൽ താനും അതുപോലാകുമായിരുന്നു എന്നറിയുന്നത് നല്ലതാണ്  എന്നു ചിന്തിപ്പിക്കുന്നുണ്ട് ബിൻസിയുടെ ഒരു ചോദ്യം.

Read more

ദുരന്തങ്ങൾക്കൊടുവിൽ  പോപ്പി എന്ന കൗമാരക്കാരന്റെ രൂപത്തിൽ  പനച്ചേൽ   തറവാട് ബാക്കിയുണ്ട്. സ്നേഹം പ്രകടിപ്പിക്കാത്തവനും കുറ്റവാളിയുമായ ഇളയപ്പൻ അവനോടു പ്രോമിസ് വാങ്ങിയാണ് പോയത്. ഭരണകൂടത്തിന്റെയും മെഷീനറിയുടെയും പ്രജയുടേയുമെല്ലാം ഭാഗം കണ്ട പുതിയ തലമുറ തെറ്റുകൾ തിരുത്തി മറ്റൊരു ഭരണസംവിധാനവുമായി മുന്നേറുമെന്ന വലിയ പ്രതീക്ഷയാണ് അവനിൽ കാണുന്നത്. പഴുതില്ലാത്ത കാസ്റ്റിംഗും ഒരു മിനിറ്റ് പോലും വൃഥാവിലാക്കാത്ത ഫിലിം മെയ്‌ക്കിങ്ങും  ശ്യാം പുഷ്ക്കരൻ എഴുതി ദിലീഷ് പോത്തൻ സംവിധാനം നിർവ്വഹിച്ച   ജോജിയെ മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നാക്കി മാറ്റിയിരിക്കുന്നു.