ആദ്യത്തെ തിരക്കഥയില്‍ നീരാളി ഒരു മെയില്‍ ഓറിയന്റഡ് ചിത്രമായിരുന്നു, പിന്നീടാണ് തിരക്കഥ മാറ്റി എഴുതിയത്: പാര്‍വതി നായര്‍

Gambinos Ad

ജ്യോതിസ് മേരി ജോണ്‍

Gambinos Ad

ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ നീരാളി ജൂലൈ 13ന് തീയേറ്ററുകളിലെത്തുകയാണ്.   രണ്ട് നായികമാരുള്ള ഈ സിനിമയിലൂടെ 35 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും നാദിയ മൊയ്തുവും ഒന്നിക്കുകയും ചെയ്യുന്നു. പാര്‍വതി നായരാണ് മറ്റൊരു നായിക ചിത്രത്തിന്റെ വിശേഷങ്ങള്‍ പാര്‍വതി സൗത്ത് ലൈവുമായി പങ്കുവെക്കുന്നു.

എങ്ങനെയാണ് നീരാളിയിലേക്ക് എത്തുന്നത് ?

നിമിറിന്റെ ഷൂട്ടിംഗിനിടയിലാണ് ഞാന്‍ വളരെ യാദൃശ്ചികമായി സംവിധായകന്‍ അജോയ് വര്‍മ്മയുമായി കണ്ടുമുട്ടുന്നത്. അതിനുശേഷം ആറുമാസങ്ങള്‍ക്ക് ശേഷമാണ് ഈ ചിത്രത്തിലേക്ക് എത്തുന്നത്. അന്ന് എന്നോട് സിനിമയെക്കുറിച്ച സൂചിപ്പിച്ചിരുന്നില്ല.

ആദ്യം നിശ്ചയിച്ചതില്‍ നിന്ന് വലിയ മാറ്റങ്ങള്‍ നീരാളിയുടെ തിരക്കഥയില്‍ വരുത്തിയപ്പോഴാണ് നായിക വേഷത്തിന് ഒരു പ്രസക്തിയുണ്ടായത്. ആദ്യത്തെ തിരക്കഥയില്‍ നീരാളി ഒരു മെയില്‍ ഓറിയന്റഡ് ചിത്രമായിരുന്നു. ഞാന്‍ ആദ്യം സംവിധായകനെ കണ്ടുമുട്ടിയപ്പോഴൊന്നും ഇങ്ങനെയൊരു ഹീറോയിനോ ക്യാരക്ടറോ ഒന്നും അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. തിരക്കഥ മാറ്റിയെഴുതിയതിനുശേഷം വളരെ യാദൃശ്ചികമായി ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി.

പ്രണയമായിരുന്നു മനസ്സില്‍, അതുകൊണ്ട് വേഗം വിവാഹം കഴിച്ചു; ബോളിവുഡ് ക്ഷണം നിരസിച്ചതില്‍ വിഷമമില്ല: നാദിയ മൊയ്തു

വലിയ നടിമാരെക്കൊണ്ട് അഭിനയിപ്പിക്കാമായിരുന്ന റോളാണ്. എന്നാല്‍ അദ്ദേഹം എന്നെ വിശ്വസിച്ചേല്‍പ്പിക്കുകയായിരുന്നു. തമിഴ് ചിത്രങ്ങളിലെല്ലാം എനിക്ക് നാടന്‍ കഥാപാത്രങ്ങളാണ് ഉള്ളത്. വളരെ മോഡേണായിട്ടുള്ള ഒരു വേഷമാണ് നീരാളിയില്‍ ഞാന്‍ ചെയ്തിരിക്കുന്നത്. എനിക്ക് വളരെ ആപ്ടായിട്ടുള്ള വേഷമാണ് ചിത്രത്തില്‍. വളരെ പ്രധാന്യമുള്ള വേഷമാണിത്.

രണ്ട് ഹീറോയിനുകള്‍ ഉള്ള ചിത്രമാണിത് .നാദിയാ മൊയ്തുവും താങ്കളും, ആദ്യത്തെ തിരക്കഥ തിരുത്തിയപ്പോള്‍ സ്ത്രീ പ്രധാന്യമുള്ള ചിത്രമായോ നീരാളി?

അങ്ങനെ വേണമെങ്കില്‍ പറയാം സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രത്യേകമായ ഒരു പ്രാധാന്യം ഈ ചിത്രത്തില്‍ കാണാം. അതേസമയം നായക കേന്ദ്രീകൃത ചിത്രവുമാണ്. മോഹന്‍ലാല്‍ സാറിന്റെ ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന രണ്ടു സ്ത്രീ കഥാപാത്രങ്ങളെയാണ് ഞങ്ങള്‍ ഇരുവരും അവതരിപ്പിക്കുന്നത്. ഞങ്ങളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥാഗതി തന്നെ വികസിക്കുന്നത്. വളരെക്കുറച്ച് കഥാപാത്രങ്ങളെ ഈ സിനിമയിലുള്ളു,

വളരെക്കാലത്തിനു ശേഷം മോഹന്‍ലാലും നാദിയ മൊയ്തുവും ഒന്നിക്കുന്ന ‘നീരാളി’ അവരുമൊത്തുള്ള സിനിമ എന്ന നിലയില്‍ 

എനിക്ക് വളരെ പ്രിയപ്പെട്ട അഭിനേതാക്കളാണ് ഇരുവരും. എന്റെ റോള്‍ മോഡല്‍സായിട്ടുള്ള രണ്ടു പേരുടെയും ഒപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞുവെന്നതാണ് അത്ഭുതം.

എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് മോഹന്‍ലാല്‍. സിനിമ കാണുന്ന കാലം തൊട്ട് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ എനിക്ക് പ്രിയപ്പെട്ടവയാണ്. പിന്നീട് സിനിമയില്‍ വന്നതിനുശേഷം എപ്പോഴെങ്കിലും അദ്ദേഹത്തിനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാനാകുമെന്ന പ്രതീക്ഷ മനസ്സില്‍ കിടപ്പുണ്ടായിരുന്നു. പക്ഷേ ഒരിക്കലും ഇത്ര വേഗം ഇതുപോലെ യാദൃശ്ചികമായി നീരാളിയിലൂടെ ആ അവസരം എന്നെ തേടിയെന്നുമെന്ന് കരുതിയിരുന്നില്ല. സത്യത്തില്‍ ഈ അനുഭവം വളരെ അവിശ്വസനീയമായിരുന്നു. കുറേ സിനിമകള്‍ ചെയ്ത് കുറച്ചുകാലത്തിനു ശേഷം മറ്റ് നടന്മാര്‍ക്കൊപ്പമൊക്കെ അഭിനയിച്ചതിന് ശേഷമായിരിക്കും ലാലേട്ടനൊപ്പം അഭിനയിക്കാനാവുക എന്ന് മുന്‍വിധിയുണ്ടായിരുന്നു. എന്നാല്‍ നീരാളി അത്തരം വിചാരങ്ങളെയെല്ലാം തകര്‍ത്തുകളഞ്ഞു.

മോഹന്‍ലാലുമൊത്തുള്ള അഭിനയം?

മോഹന്‍ലാല്‍ സാറിനെപ്പോലെ വലിയ ഒരു നടന്റെ സിനിമയില്‍ ഒരു വലിയ വേഷം ചെയ്യാന്‍ പോകുന്നു എന്നൊക്കെ ചിന്തിക്കുമ്പോള്‍ തന്നെ മനസ്സില്‍ നിറയെ ടെന്‍ഷനായിരുന്നു. എങ്ങനെ അഭിനയിക്കും, നന്നായി ചെയ്യാന്‍ സാധിക്കുമോ എന്നൊക്കെ പലതരത്തിലുള്ള ഉത്കണ്ഠകള്‍. സ്‌ക്രിപ്റ്റ് നോക്കിയപ്പോള്‍ ഇതൊക്കെ ഇരട്ടിയായി എനിക്കുള്ള കോംബിനേഷന്‍ സീനുകളെല്ലാം അദ്ദേഹത്തിനൊപ്പമാണ്. പക്ഷേ എല്ലാം എളുപ്പമായിത്തീര്‍ന്നു.

കോമ്പിനേഷന്‍ സീനുകള്‍ ചെയ്യുമ്പോള്‍ അദ്ദേഹം വളരെ സപ്പോര്‍ട്ടീവാണ്. എന്റെ ഭാഗം അഭിനയിച്ച് കഴിയുമ്പോള്‍ യൂ ഡിഡ് ഇറ്റ് വെല്‍ എന്നൊക്കെ പറഞ്ഞ് നമ്മളെ പ്രോത്സാഹിപ്പിക്കും. അടുത്ത സീന്‍ ചെയ്യാറാകുമ്പോള്‍ ആ വാക്കുകള്‍ തരുന്ന പ്രചോദനം വളരെ വലുതാണ്. അദ്ദേഹത്തെപ്പോലെ വലിയൊരു നടന് നമ്മളോട് അങ്ങനെ പറയേണ്ട ഒരു ബാദ്ധ്യതയുമില്ല. എന്നാല്‍ അദ്ദേഹം അത് ചെയ്യുന്നത് നമ്മള്‍ക്കു വേണ്ടിയാണ്. നല്ല പെര്‍ഫോമന്‍സിനുവേണ്ടിയാണ്.
ഞാനേറ്റവും വേഗം ഫിനിഷ് ചെയ്ത സിനിമയും ഇതാണ് . വളരെ നന്നായി ചെയ്യാന്‍ കഴിഞ്ഞെന്ന് തോന്നുന്ന ചിത്രവും നീരാളി തന്നെയാണ്.

നീരാളി ത്രില്ലര്‍ ചിത്രമാണോ അതോ റൊമാന്റിക് ത്രില്ലറാണോ? 

ഇതൊരു റൊമാന്റിക് ചിത്രമൊന്നുമല്ല. സസ്‌പെന്‍സ് ത്രില്ലറാണ്. പ്രണയത്തിനൊന്നും ഇതില്‍ വലിയ സ്ഥാനമില്ല. വളരെ വ്യത്യസ്തമായ , പ്രേക്ഷകരെ വളരെ എന്റര്‍ടെയ്ന്‍ ചെയ്യുന്ന കഥാതന്തുവാണ് നീരാളിക്കുള്ളത്. എന്റെ കഥാപാത്രവും കുറെയൊക്കെ സസ്‌പെന്‍സാണ്. ട്രെയിലറില്‍ നിന്ന് നിങ്ങള്‍ ഇമാജിന്‍ ചെയ്യുന്ന ഒരു ചിത്രമല്ല തീയേറ്ററില്‍ കാണാനാവുക. ട്രെയിലറിലോ പാട്ടിലോ എന്താണ് യഥാര്‍ത്ഥത്തില്‍ ചിത്രമെന്നുള്ളത് ചേര്‍ത്തിട്ടില്ല.

ദസ്‌തോല തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യമലയാള ചിത്രമാണ് ഇത്,അദ്ദേഹത്തെക്കുറിച്ച്?

ഇതുവരെ ഞാന്‍ പരിചയപ്പെട്ടിട്ടുള്ളതിലും ഒരുമിച്ച വര്‍ക്ക് ചെയ്തിട്ടുള്ളതുമായ സംവിധായകരില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടയാളാണ് അജോയ് വര്‍മ്മ. വളരെ ശാന്തനായിട്ടാണ് അദ്ദേഹം സെറ്റില്‍ നില്‍ക്കുക. ആരോടും ദേഷ്യപ്പെട്ട് ഞാനിതു വരെ കണ്ടിട്ടില്ല. അധികം സംസാരിക്കില്ല. സംസാരിച്ചാല്‍ തന്നെ വളരെ സോഫ്റ്റായിട്ടാണ് വാക്കുകള്‍. ഒരു സംശയമോ എന്തും അദ്ദേഹത്തോട് ചോദിക്കാം വളരെ വിനയമുള്ളയാളാണ് അദ്ദേഹം. എന്നാല്‍ വളരെ വിദഗ്ദമായി സിനിമയ്ക്കായി എന്താണോ വേണ്ടത് അത് നമ്മളില്‍ നിന്ന് എടുത്തിട്ടുണ്ടാകും.