ഓസ്‌കര്‍ അവാര്‍ഡ് നിബന്ധനയില്‍ ഇളവ്; ചരിത്രത്തില്‍ ആദ്യം!

ചരിത്രത്തില്‍ ആദ്യമായി ഓസ്‌കര്‍ അവാര്‍ഡിനുള്ള നിബന്ധനയില്‍ താത്കാലികമായി ഇളവ് വരുത്തി അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ്. തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ക്കു പുറമേ ഓണ്‍ലൈന്‍ വഴി റിലീസ് ചെയ്ത സിനിമകളും ഇത്തവണ പരിഗണിക്കും. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇത്തണവണത്തേയ്ക്ക് മാത്രമാണ് ഈ ഇളവ്.

ഈ പരിഗണനയില്‍ മറ്റ് ചില നിര്‍ദ്ദേശങ്ങളും അക്കാദമി പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാത്തരം സ്ട്രീമിംഗ് ചിത്രങ്ങളും പരിഗണിക്കില്ല. മറിച്ച് തിയേറ്ററില്‍ റിലീസ് നിശ്ചയിച്ചിരുന്നതും കോവിഡ് മൂലം റിലീസിംഗ് സാധിക്കാതെ പോയതുമായ ചിത്രങ്ങളെയാണ് പരിഗണിക്കുക. ലോസ് എയ്ഞ്ചലസ് കൗണ്ടിയില്‍ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ക്ക് മാത്രമേ ഓസ്‌കര്‍ മത്സരത്തിന് നിലവില്‍ യോഗ്യതയുള്ളൂ.

ആമസോണ്‍ പ്രൈമും നെറ്റ്ഫ്‌ളിക്‌സും പോലുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ മാത്രമായി റിലീസ് ചെയ്ത ചിത്രങ്ങള്‍ക്ക് ഈ വര്‍ഷം മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് പ്രസ്താവനയില്‍ എടുത്ത് പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ സൗണ്ട് മിക്‌സിംഗ്, സൗണ്ട് എഡിറ്റിംഗ് കാറ്റഗറി ഒന്നായി ആകും ഇത്തവണ ഓസ്‌കറില്‍ പരിഗണിക്കുക. അടുത്ത വര്‍ഷം ഫെബ്രുവരി 21- നാണ് ഓസ്‌കര്‍ പ്രഖ്യാപിക്കുന്നത്.