‘ഡേറ്റ് റേപ്പി’ന്റെ ഇര കൂടിയാണ് താനെന്ന വെളിപ്പെടുത്തലുമായി ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച നടി

സംവിധായകന്‍ ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ നടി മിറ സോര്‍വീനോ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണം ലോകസിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്നു പറയാനുള്ള പ്രചോദനമായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സ്ത്രീയെന്ന നിലയില്‍ ധാരാളം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അവര്‍. താന്‍ ‘ഡേറ്റ് റേപ്പി’ന്റെ ഇര കൂടിയാണെന്നാണ് ബുധനാഴ്ച നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ മിറ തുറന്നു പറഞ്ഞത്. ദുരനുഭവത്തിനിരയായ സ്ത്രീകള്‍ക്ക് കരുത്തു പകരാനാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും അവര്‍ വെളിപ്പെടുത്തി. താന്‍ ലൈംഗിക അതിക്രമത്തിന് വിധേയയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ മിറ, അത് ആരാണെന്നോ  അതിന്റെ വിശദാംശങ്ങള്‍ എന്താണെന്നോ വെളിപ്പെടുത്തിയിട്ടില്ല.

ചില പ്പോള്‍ ഇത്തരം മോശം കാര്യങ്ങള്‍ സംഭവിച്ചത് നിങ്ങളുടെ കുഴപ്പം കൊണ്ടാണെന്നു വരെ തോന്നാം. നിങ്ങള്‍ കുറച്ചു കൂടി സ്മാര്‍ട്ട് ആയിരുന്നുവെങ്കില്‍ കുറച്ചുകൂടി നന്നായി സ്വയം സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് നിങ്ങള്‍ കുറ്റബോധത്തോടെ ഓര്‍ത്തേക്കാം. തീര്‍ത്തും യാഥാസ്ഥിതികമായ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നാണ് ഞാന്‍ വന്നത്.

പൊതുവിടങ്ങളില്‍ ലൈംഗിക ആക്രമണങ്ങള്‍ക്ക് വിധേയരായാല്‍, അതു നമ്മുടെ കുറ്റം കൊണ്ടല്ലെന്ന് ഉറപ്പുണ്ടെങ്കില്‍ പോലും അതു തുറന്നു പറയുന്നത് നാണക്കേടാണെന്നായിരുന്നു അന്നത്തെ ചിന്തകള്‍” മിറ പറഞ്ഞു.