‘അവള്‍’ അല്ല ‘അവന്‍’; ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് വ്യക്തമാക്കി ഹോളിവുഡ് താരം എലിയട്ട് പേജ്

താന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് വ്യക്തമാക്കി ഹോളിവുഡ് താരം എലിയട്ട് പേജ്. ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് തന്റെ ട്രാന്‍സ് വ്യക്തിത്വത്തെ കുറിച്ച് താരം വ്യക്തമാക്കിയത്. ‘അവള്‍’ എന്നല്ല ‘അവന്‍’ എന്ന സര്‍വനാമമായിരിക്കും ഉചിതമെന്നാണ് എലിയട്ട് വെളിപ്പെടുത്തിയിരിക്കുന്നത്.

ഓസ്‌കറിനായി നാമനിര്‍ദേശം ചെയ്യപ്പെട്ട ജൂണോ എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് എലിയട്ട്. ക്രിസ്റ്റഫര്‍ നോളന്റെ ഇന്‍സെപ്ഷന്‍, എക്‌സ്-മെന്‍ സീരിസിലെ കിറ്റി പ്രൈഡ് എന്ന കഥാപാത്രവും എലിയട്ടിന് ലോകശ്രദ്ധ നേടിക്കൊടുത്തു.

എലിയട്ടിന്റെ വെളിപ്പെടുത്തലിനെ താരത്തിന്റെ പങ്കാളിയും കൊറിയോഗ്രാഫറുമായ എമ്മ പോര്‍ട്ണറും അഭിനന്ദിച്ച് രംഗത്തെത്തി. വെളിപ്പെടുത്തലിനെ തുടര്‍ന്ന് എലിയട്ടിന്റെ എല്ലാ ഔദ്യോഗിക പേജുകളിലും വിക്കിപീഡിയ പേജുകളിലും ‘നടന്‍’ എന്നാക്കി മാറ്റിയിട്ടുണ്ട്.

ഹോളിവുഡിലെ വമ്പന്‍ സിനിമകളുടെ ഭാഗമായ എലിയട്ട് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയിരുന്നു. തന്റെ ട്രാന്‍സ് വ്യക്തിത്വം വെളിപ്പെടുത്തി പങ്കുവെച്ച കുറിപ്പിലും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ സമൂഹത്തില്‍ നേരിടുന്ന അധിക്ഷേപങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരെ നിലകൊള്ളുമെന്നും താരം കുറിച്ചിട്ടുണ്ട്.