അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരിൽ ശത്രുവായി; സീരിയല്‍ രംഗത്ത് വിലക്ക് നേരിട്ടതിനെ കുറിച്ച് യുവനടന്‍

തന്റെ അഭിപ്രായങ്ങള്‍  മുഖം നോക്കാതെ വെട്ടിത്തുറന്നു പറഞ്ഞതിന്റെ പേരില്‍ ടെലിവിഷന്‍ രംഗത്ത് തനിക്ക് വിലക്ക് നേരിട്ടുവെന്നു വെളിപ്പെടുത്തി  ബോളിവുഡ് നടന്‍ അമിത് സദ് രംഗത്ത്. ആ ഒരു കാരണം കൊണ്ട്  തന്നെയാണ് താന്‍ സിനിമയിലേയ്ക്ക് എത്തിയതെന്നും താരം പറയുന്നു. ബോളിവുഡ് ഹങ്കാമയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം  പറഞ്ഞത്.

ചില കാര്യങ്ങളെ കുറിച്ച് അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതു കൊണ്ട് താന്‍ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെട്ടുവെന്നു പറഞ്ഞ അമിത് സിനിമയിലേക്ക് പോകാന്‍ വേണ്ടിയല്ല താന്‍ ടെലിവിഷന്‍ വിട്ടതെന്നും വ്യക്തമാക്കി. ” ടെലിവിഷനില്‍ അവര്‍ എനിക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. അവര്‍ പരസ്പരം വിളിച്ച്‌ എനിക്ക് ജോലി നല്‍കരുതെന്ന് പറഞ്ഞു.  നിങ്ങള്‍ ഇവിടെ ജോലി തരുന്നില്ലെങ്കില്‍ സിനിമയിലേക്ക് പോകുമെന്ന് ഞാൻ പറഞ്ഞു ”. അമിത് വ്യക്തമാക്കി.

ഒരിക്കല്‍ ടെലിവിഷനിലെ വലിയൊരു പ്രൊഡ്യൂസര്‍ തന്നെ വിളിച്ചപ്പോള്‍ എന്തെങ്കിലും തെറ്റു കണ്ടാല്‍ ഞാന്‍ വഴക്കിടുമെന്ന് പറഞ്ഞിട്ടുണ്ട്. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവത്തിന് ഇപ്പോൾ കടിഞ്ഞാണിടാൻ സാധിച്ചുവെന്നും നടൻ പറഞ്ഞു.

2010- ല്‍ പുറത്തിറങ്ങിയ രാംഗോപാല്‍ വര്‍മയുടെ ഫൂന്‍ക 2 ലൂടെയാണ് അമിത് ബോളിവുഡിലേക്ക് എത്തുന്നത്. കായ് പോ ഛേ, ഗുഡ്ഡു രംഗീല, സുല്‍ത്താന്‍, സര്‍ക്കാര്‍ 3, ഗോള്‍ഡ് തുടങ്ങിയ സിനിമകളിലും അഭിഷേക് ബച്ചന്‍ നായകനായി എത്തിയ വെബ് സീരീസ് ബ്രീത്ത് ഇന്‍ടു ദി ഷാഡോയിലും അമിത് വേഷമിട്ടിട്ടുണ്ട്.