അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം റെക്കോഡുകള്‍ തകര്‍ത്തു തുടങ്ങി; ചൈനയില്‍ നിന്ന് ആദ്യദിനം 750 കോടി!

സിനിമാലോകം കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം അവഞ്ചേര്‍സ് 4: എന്‍ഡ് ഗെയിം പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ ഇന്ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം രണ്ട് ദിവസം മുമ്പേ മറ്റു രാജ്യങ്ങളില്‍ റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. ഒപ്പം കളക്ഷനില്‍ റെക്കോഡുകള്‍ ഭേദിച്ചും തുടങ്ങി എന്‍ഡ് ഗെയിം.

ആദ്യ ദിനം റെക്കോഡ് കളക്ഷനാണ് ചിത്രം ചൈനയില്‍ നേടിയത്. 107.2 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 750 കോടി രൂപ) ഒന്നാംദിനം ചിത്രം ചൈനയില്‍ നിന്ന് നേടി എന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണിത്. ചൈനയില്‍ ഓരോ 15 മിനിറ്റിലും അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ഷോ നടക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 110 മില്യണ്‍ ഡോളര്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ തന്നെ ചിത്രം ചൈനയില്‍ നേടിയെന്നാണ് വിവരം.

ഇന്ത്യയില്‍ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. പുലര്‍ച്ചെ മൂന്നു മണിയ്ക്കും ആറുമണിയ്ക്കും കേരളത്തില്‍ ഷോകള്‍ തുടങ്ങി. മികച്ച പ്രതികരണമാണ് ചിത്രത്തിന് വന്നു കൊണ്ടിരിക്കുന്നത്. അവഞ്ചേഴ്‌സ് സീരിസിലെ അവസാന ഭാഗമായ ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’ സംവിധാനം ചെയ്യുന്നത് റസ്സോ സഹോദരന്മാരെന്ന് അറിയപ്പെടുന്ന ജോ റസ്സോയും ആന്റണി റസ്സോയും ചേര്‍ന്നാണ്. ‘അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാറിലെ’ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’.