അവതാര്‍ 2: നിര്‍മ്മാണ ചെലവ് 7500 കോടി, ചിത്രങ്ങള്‍ വൈറല്‍

വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത ജെയിംസ് കാമറൂണ്‍ ചിത്രം “അവതാറി”ന്റെ സീക്വല്‍ ആയി ഒരുക്കുന്ന “അവതാര്‍ 2″വിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. വെള്ളത്തിനടിയിലാണ് ഭൂരിഭാഗം സീനുകളും ചിത്രീകരിക്കുന്നത്. 7500 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.

മനുഷ്യരും പണ്ടോരയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാര്‍ 2.7 ദശലക്ഷം ഡോളറാണ് ബോക്‌സോഫീസില്‍ നിന്നും വാരിയത്. അവതാര്‍ 2 വിന്റെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ച് ആയിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന.

പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസിക യാത്രകള്‍ അവതാര്‍ 2 വില്‍ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോളിവുഡില്‍ ഒരുക്കിയ സെറ്റിന് പുറമെ ന്യൂസിലാന്‍ഡിലും സിനിമ ചിത്രീകരിക്കും. ട്വന്റീത് സെഞ്ചറി സ്റ്റുഡിയോസും ലൈറ്റ് സ്റ്റോം എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.