അര്‍നോള്‍ഡ് ഷ്വാസ്‌നെഗറിനെതിരെ ആക്രമണം; ഇടുപ്പില്‍ തൊഴിച്ച് യുവാവ്; വീഡിയോ കണ്ടപ്പോഴാണ് ചവിട്ടേറ്റ കാര്യം അറിഞ്ഞതെന്ന് അര്‍നോള്‍ഡിന്റെ പരിഹാസം

ഹോളിവുഡ് നടനും കാലിഫോര്‍ണിയയുടെ മുന്‍ ഗവര്‍ണറുമായ അര്‍ണോള്‍ഡ് ഷാസ്‌നെഗറിന് നേരെ ആക്രമണം. വര്‍ഷം തോറും നടക്കാറുള്ള ‘അര്‍ണോള്‍ഡ് ക്ലാസിക് ആഫ്രിക്ക’എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അര്‍നോള്‍ഡിനെ ഒരു യുവാവ്് ആക്രമിക്കുകയായിരുന്നു. ആരാധകരുമായി നടന്‍ സ്‌നാപ് ചാറ്റ് വീഡിയോ പകര്‍ത്തുന്നതിനിടെ ഇയാള്‍ പറന്നു ചാടി അര്‍നോള്‍ഡിന്റെ ഇടുപ്പിന് തൊഴിച്ചു.

ചവിട്ടേറ്റ അര്‍ണോള്‍ഡ് ഒരു പടി മുന്നിലേക്ക് പോയെങ്കിലും താഴെ വീണില്ല. അതേസമയം യുവാവ് നിലത്ത് വീണു. ഉടന്‍ തന്നെ അര്‍ണോള്‍ഡിന്റെ സുരക്ഷാ ജീവനക്കാര്‍ യുവാവിനെ പിടികൂടി കീഴടക്കി. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

അക്രമിച്ച യുവാവിനെ പരിഹസിച്ച് ഈ വീഡിയോ അര്‍ണോള്‍ഡ് തന്നെ സോഷ്യല്‍മീഡിയാ അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്തു. ‘നിങ്ങളെ പോലെ ഈ വീഡിയോ കണ്ടപ്പോള്‍ മാത്രമാണ് എനിക്ക് ചവിട്ടേറ്റ കാര്യം ഞാന്‍ അറിഞ്ഞത്,’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. കൂടാതെ ‘ആ വിഡ്ഢി എന്റെ സ്‌നാപ് ചാറ്റ് വീഡിയോ തടസ്സപ്പെടുത്താത്തതില്‍ സന്തോഷം’ എന്നും അദ്ദേഹം കുറിച്ചു.