സാമന്തയും നാഗ ചൈതന്യയും കുടുംബകോടതിയില്‍; പിരിയാനുള്ള കാരണം വെളിപ്പെടുത്തി തെലുങ്ക് മാധ്യമങ്ങള്‍

തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയരായ താരജോഡികളാണ് സമാന്തയും നാഗ ചൈതന്യയും. 2017 ലായിരുന്നു താരങ്ങളുടെ വിവാഹം. എന്നാല്‍ അടുത്തിടെയായി ഇരുവരും പിരിയുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലെങ്ങും.

 

ആദ്യമൊക്കെ ഗോസിപ്പായി എല്ലാവരും തള്ളിക്കളഞ്ഞിരുന്നുവെങ്കിലും
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരങ്ങളുടെ വേര്‍ പിരിയല്‍ വെറും ഗോസിപ്പല്ലെന്നും യാഥാര്‍ത്ഥ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സമാന്തയും നാഗ ചൈതന്യയും കാര്യങ്ങള്‍ നിയമത്തിന്റെ വഴിക്ക് കൊണ്ടു പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

തെലുങ്ക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത് താരങ്ങള്‍ നിയമപരമായി തന്നെ വിവാഹ ബന്ധം പിരിയാന്‍ തീരുമാനിച്ചുവെന്നാണ്. ഇതിന്റെ ഭാഗമായി ഇരുവരും കുടുംബകോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗണ്‍സലിംഗ് ഘട്ടത്തിലൂടെയാണ് ഇരുവരും ഇപ്പോള്‍ കടന്നു പോകുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

അതേസമയം സമാന്തയും നാഗ ചൈതന്യയും പിരിയുന്നതിന്റെ കാരണങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സമീപകാലത്തായി സമാന്തയുടെ സിനിമകള്‍ വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു. ഇതിന് പിന്നലെ സമാന്ത തന്റെ കരിയറില്‍ കൂടുതല്‍ അവസരങ്ങള്‍ തേടാന്‍ ആണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ നാഗ ചൈതന്യയും കുടുംബവും ആഗ്രഹിക്കുന്നത് താരം കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ്.