ലോകത്തെ ഏറ്റവും വലിയ ഡ്രീം ക്യാച്ചര്‍, ഉയരം 37 അടി; ടൊവീനോയുടെ ‘ലൂക്ക’ ഗിന്നസ് റെക്കോഡിലേയ്ക്ക്

ടൊവീനോ തോമസിന്റെ പുതിയ ചിത്രം ലൂക്ക ഗിന്നസ് റെക്കോഡില്‍ ഇടം നേടാനുള്ള ഒരുക്കത്തിലാണ്. റെഡ് ഇന്ത്യന്‍ കരകൗശല വസ്തുവായ ഡ്രീം ക്യാച്ചറിന്റെ ലോകത്തിലെ ഏറ്റവും വലിയ മാതൃക, ലൂക്ക എന്ന സിനിമക്ക് വേണ്ടി ഒരു കൂട്ടം കലാകാരന്മാരുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ ഒരുങ്ങി. പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാക്കളായ ‘സ്റ്റോറീസ് & തോട്ട്സ് പ്രൊഡക്ഷന്‍സും’ ആര്‍ട്ടിസ്റ്റുകളുടെ കൂട്ടായ്മയായ ”കക്കാ ആര്‍ട്ടിസാന്‍സും” ചേര്‍ന്നാണു ചിത്രത്തിനു വേണ്ടി ഈ ഡ്രീം ക്യാച്ചര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ കലാസംവിധായകനായ അനീസ് നാടോടിയുടെ നേതൃത്വത്തില്‍ അഞ്ച് കലാകാരന്മാരും പതിനഞ്ചോളം വോളന്റിയേഴ്സും ചേര്‍ന്നാണു 37 അടി വലുപ്പമുള്ള ഈ ഭീമന്‍ ഡ്രീം ക്യാച്ചര്‍ മൂന്നു ദിവസങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചത്. നിലവില്‍ ഈ വിഭാഗത്തില്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ലിത്വാനിയന്‍ ശില്പി വ്ലാഡിമര്‍ പരാനിന്റെ 33 അടിയുടെ റെക്കോഡ് ആണ്. ഈ റെക്കോഡാണ് പൈന്‍ മരത്തടിയും, പരുത്തി നൂലും, തൂവലുകളും കൊണ്ട് നിര്‍മ്മിക്കുന്ന ഈ പുതിയ ഡ്രീം ക്യാച്ചറിലൂടെ ഈ കലാകാരന്മാര്‍ കൈക്കലാക്കാന്‍ ഒരുങ്ങുന്നത്.

ഇങ്ങനെയാണ്..37അടിയുള്ള സ്വപ്നം കാക്കയും കൂട്ടുകാരും ഉയർത്തിയത്…LUCANew Malayalam filmStories and thought productionsStarring tovino and ahana

Posted by Kakka Artisans on Thursday, 14 March 2019

കലാകാരനും ശില്പിയുമായ ലൂക്കായുടെ കഥ പറയുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് പ്രിന്‍സ് ഹുസൈനും ലിന്റോ തോമസും ചേര്‍ന്നാണ്. സംവിധാനം നവാഗതനായ അരുണ്‍ ബോസ്. മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കായുടെ ഛായാഗ്രഹണം നവാഗതനായ നിമിഷ് രവിയാണ്. എഡിറ്റിംഗ് നിഖില്‍ വേണു. സൂരജ് എസ് കുറുപ്പ് ഗാനങ്ങള്‍ ഒരുക്കുന്നു.

ടൊവീനോയ്ക്കൊപ്പം അഹാന കൃഷ്ണ, നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, പൗളി വില്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ശ്രീകാന്ത് മുരളി, ചെമ്പില്‍ അശോകന്‍, നീന കുറുപ്പ്, ദേവി അജിത് തുടങ്ങിയവരും അഭിനയിക്കുന്നു. ജൂലൈ മാസത്തോടെ ലൂക്ക തിയറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.