മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ ഷംല ഹംസയെ അധിക്ഷേപിച്ച് വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസി. മുസ്ലിം ന്യൂനപക്ഷങ്ങളെ സോപ്പിടാന്‍ വേണ്ടിയാണ് ഈ പുരസ്‌കാരങ്ങള്‍ എന്നാണ് ഷാഹിന പറയുന്നത്. ഷംല ഹംസയെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ച നജീബ് കാന്തപുരം എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെയാണ് ഷാഹിന കമന്റുമായി എത്തിയത്.
‘മുസ്ലിം ന്യൂനപക്ഷങ്ങളെ സോപ്പിടാന്‍ ആണ് ഈ അവാര്‍ഡൊക്കെ’ എന്നാണ് ഷാഹിനയുടെ കമന്റ്. നിരവധി പേരാണ് ഷാഹിനയെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്. അതേസമയം, ഷംല ഹംസയെ നേരില്‍ കണ്ട വീഡിയോക്കൊപ്പം നടിയെ പ്രശംസിച്ചു കൊണ്ടാണ് നജീബ് കാന്തപുരത്തിന്റെ പോസ്റ്റ്.

”മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഷംല ഹംസയെ വീട്ടില്‍ ചെന്ന് അഭിനന്ദിച്ചു. മേലാറ്റൂര്‍ ഉച്ചാരക്കടവിലെ ഷാലുവിന്റെ ഭാര്യയാണ് ഷംല. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയമാണ് ഷംലയെ സംസ്ഥാന അവാര്‍ഡിന് അര്‍ഹയാക്കിയത്. അഭിനയത്തില്‍ ഒരു ട്രാക്ക് റെക്കോര്‍ഡുമില്ലാതെയാണ് ഈ പെണ്‍കുട്ടി മികച്ച നേട്ടം കൊയ്തത്. സാധാരണ കുടുംബത്തില്‍ നിന്ന് വന്ന് അംഗീകാരത്തിന്റെ നെറുകയിലേക്ക് കയറിയ ഷംലക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. സംസ്ഥാന ഫിലിം അവാര്‍ഡ് പെരിന്തല്‍മണ്ണയിലേക്കെത്തിച്ച പ്രതിഭാ ശാലിയായ നടിക്ക് നന്ദി..” എന്നാണ് എംഎല്‍എ കുറിച്ചത്.
Read more
ഫാസില്‍ മുഹമ്മദ് ആണ് ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ഫാസില്‍ മുഹമ്മദ് നേടി. ഐഎഫ്എഫ്‌കെയിലും മികച്ച പ്രകടനം കാഴ്ചവച്ച ചിത്രമായിരുന്നു ഫെമിനിച്ചി ഫാത്തിമ.







