സൂര്യയുടെ കഥാപാത്രത്തിന്റെ പേര് എന്ത്?, സസ്‌പെന്‍സ് നിറച്ച് വിക്രം ക്യാരക്ടര്‍ പോസ്റ്റര്‍

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വിക്രം. വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതിഥി താരമായി സൂര്യ ചിത്രത്തില്‍ എത്തുന്നു എന്നതും പ്രത്യേകതയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ സൂര്യയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

ചിത്രം പോലെ തന്നെ ഏറെ സസ്‌പെന്‍സ് നിറച്ചാണ് ക്യാരക്ടര്‍ പോസ്റ്ററും അവതരിപ്പിച്ചിരിക്കുന്നത്. സൂര്യയുടെ ക്യാരക്ടര്‍ പോസ്റ്ററിനൊപ്പം കഥാപാത്രത്തിന്റെ പേര് വെക്കാതെ ഒരു ചോദ്യ ചിഹ്നം മാത്രമാണുള്ളത്. ഇത് ചിത്രത്തിനായുള്ള കാത്തിരിപ്പില്‍ ആരാധകര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നിരിക്കുകയാണ്.

റിലീസിന് മുന്‍പ് തന്നെ ചിത്രം 200 കോടി ക്ലബില്‍ കയറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ചിത്രം സാറ്റ്‌ലൈറ്റിലും ഒ.ടി.ടിയിലുമായാണ് ഭീമന്‍ തുകയ്ക്ക് അവകാശം വിറ്റത്.

മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ലോകേഷ് കനകരാജ് വിക്രം ഒരുക്കുന്നത്. ജൂണ്‍ മൂന്നിന് ഈ ബിഗ് ബഡ്ജറ്റ് ചിത്രം തിയേറ്ററുകളിലെത്തും.

രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് നിര്‍മാണം. നരേന്‍, അര്‍ജുന്‍ ദാസ്, കാളിദാസ് ജയറാം തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായെത്തും.

അനിരുദ്ധാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിക്രം ഒരു ഗ്യാംഗ്സ്റ്റര്‍ സിനിമയാണ് എന്നാണ് സൂചനകള്‍. അന്‍പ് അറിവാണ് ചിത്ത്രിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.