അസംബന്ധപ്രചരണങ്ങളെ വച്ചു പൊറുപ്പിക്കില്ല, കുള്ളന്‍ വിവാദത്തില്‍ സണ്‍ മ്യൂസികിനെതിരെ നടികര്‍ സംഘത്തിന്റെ നോട്ടീസ്

 

സണ്‍ മ്യൂസിക് ചാനലിലെ അവതാരകര്‍ ലൈവ് പരിപാടിയ്ക്കിടെ നടന്‍ സൂര്യയെ കുള്ളനെന്നാക്ഷേപിച്ച സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. തമിഴ് സിനിമാരംഗത്തെ പ്രമുഖരും ഈ അപകീര്‍ത്തികരമായ പ്രസ്താവനയ്‌ക്കെതിരെ രംഗത്തു വന്നു. സംഭവത്തില്‍ നടികര്‍ സംഘം ചാനലിന് നോട്ടീസയച്ചുവെന്നതാണ് ഈ വിഷയത്തില്‍ പുറത്തുവരുന്ന ഏറ്റവും പുതിയവാര്‍ത്ത.

അടുത്തിടെ നടത്തിയ ലൈവ് പ്രോഗ്രാമില്‍ വച്ച് തങ്ങളുടെ ഒരു മുതിര്‍ന്ന അംഗത്തെ ചാനലിന്റെ അവതാരകര്‍ അപമാനിച്ചെന്നും നിങ്ങളെ പോലെ വിശ്വാസ്യതയാര്‍ജ്ജിച്ച ഒരു മാധ്യമത്തില്‍ തങ്ങളിതു പ്രതീക്ഷിച്ചില്ലെന്നും കത്തില്‍ പറയുന്നുണ്ട്. തങ്ങളുടെ സിനിമാ മേഖല സംബന്ധിച്ച ഏതു തരം വിമര്‍ശനങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ഇത്തരത്തില്‍ ഒരാളെ അപമാനിയ്ക്കാന്‍ മാത്രമായി നടത്തുന്ന അസംബന്ധപ്രചരണങ്ങളെ വച്ചു പൊറുപ്പിക്കില്ലെന്നും നടികര്‍ സംഘം കത്തില്‍ വ്യക്തമാക്കി.

അതേസമയം ചാനലിന്റെ ഓഫീസിനു മുന്നില്‍ പ്രതിഷേധപ്രകടനം നടത്തിയ ആരാധകരോട് ഇത്തരം വിലകുറഞ്ഞ വിമര്‍ശനങ്ങളോട് പ്രതികരിച്ച് സമയവും ഊര്‍ജ്ജവും പാഴാക്കാതെ സമൂഹനന്മയ്ക്കായി പ്രവര്‍ത്തിയ്ക്കാന്‍ സൂര്യ ആഹ്വാനം ചെയ്തിരുന്നു.