വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വനിതകളുടെ സിനിമാ സംഘടന: ഞങ്ങള്‍ പറയുന്ന കാര്യങ്ങളെ വാസ്തവവിരുദ്ധമായി വിമര്‍ശിക്കുമ്പോള്‍ പുറത്തുവരുന്നത് ആണ്‍മേല്‍ക്കൊയ്മ'

സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ കളക്ടീവിനെതിരെ ഉയരുന്ന വിമര്‍ശനങ്ങക്ക് മറുപടിയുമായി സംഘടനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഉള്ളതിനും ഇല്ലാത്തതിനും വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ കുറ്റപ്പെടുത്തുബോള്‍, അതില്‍ അംഗങ്ങളായ ഓരോരുത്തരുടെയും ചിന്തകളെ വാസ്തവ വിരുദ്ധമായി വിമര്‍ശിക്കുബോള്‍, മറ നീക്കി പുറത്തു വരുന്നത് സമൂഹത്തില്‍ നിലനില്‍ക്കുന്ന ആണ്‍കോയ്മയാണെന്ന് കുറിപ്പില്‍ ഡബ്ല്യുസിസി കുറ്റപ്പെടുത്തുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

“മലയാള സിനിമയിലെ സ്ത്രീകള്‍ക്കായി ഒരു സംഘടന എന്ന ചിന്തക്ക് മുന്നൂറ് ദിവസങ്ങള്‍ തികയുന്നു. ഇന്ന് ഞങ്ങള്‍ സംതൃപ്തരാണ്; വേറൊരു തലത്തില്‍ ദുഖിതരുമാണ്. രണ്ടായിരത്തിന് ശേഷം രൂപപ്പെട്ടിട്ടുള്ള ഏതൊരു മനുഷ്യാവകാശ സംഘടനക്കും കേരളത്തില്‍ സാധ്യമാവാത്ത, അസൂയാവഹമായ നേട്ടങ്ങളൊന്നും പുറമെ എണ്ണിപ്പറയാനില്ല.

എന്നാല്‍ എപ്പോഴൊക്കെ WCC അടിസ്ഥാന അവകാശ നിഷേധം ചൂണ്ടിക്കാണിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഇന്ത്യയിലെ ഏറ്റവും പരിഷ്‌കൃത സമൂഹം എന്നൂറ്റം കൊള്ളുന്ന ഈ സംസ്ഥാനത്ത് ആണ്‍കോയ്മ എത്ര കഠിനമായി നിലനില്‍ക്കുന്നു എന്ന് തെളിയിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. ഉള്ളതിനും ഇല്ലാത്തതിനും വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയെ കുറ്റപ്പെടുത്തുമ്‌ബോള്‍ അതില്‍ അംഗങ്ങളായ ഓരോരുത്തരുടെയും ചിന്തകളെ വാസ്തവ വിരുദ്ധമായി വിമര്‍ശിക്കുമ്‌ബോള്‍ മറ നീക്കി പുറത്തു വരുന്നത് എന്താണെന്ന് കാണാന്‍ സവിശേഷബുദ്ധി ആവശ്യമില്ല.

ഫെബ്രുവരിയില്‍ ഞങ്ങളിലൊരാളെ അതിനീചമായി ആക്രമിച്ചതിന് പിന്നാലെ ഞങ്ങള്‍ ഒത്തുകൂടിയതിന് ശേഷമാണല്ലോ സമൂഹത്തില്‍ ഇത്തരം സംഭാഷണങ്ങള്‍ പ്രബലമായത്. ലോകത്തെ മുഴുവന്‍ ആണുങ്ങള്‍ക്കുമെതിരെ ചില സിനിമക്കാരികള്‍ നടത്തുന്ന കാമ്ബില്ലാത്ത വാക്പയറ്റായി WCC യുടെ സംഭാഷണങ്ങളെ തെറ്റിദ്ധരിക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ടെന്ന് അറിയുമ്‌ബോഴും നമ്മുടെ സംസ്‌കാരത്തെ അനുദിനം ദുഷിപ്പിക്കുന്ന, കാര്‍ന്നുതിന്നുന്ന ചില അവസ്ഥാ വിശേഷങ്ങള്‍ മലയാളി സമൂഹത്തെ ബോധ്യപ്പെടുത്തുക തന്നെ വേണമെന്ന് ഞങ്ങള്‍ കരുതുന്നു.

കഴിഞ്ഞ കുറേ മാസങ്ങളായി കളക്ടീവിലെ അംഗങ്ങള്‍ പൊതുവേദികളില്‍ ഒറ്റക്കും കൂട്ടായും പറയാന്‍ ശ്രമിക്കുന്നത് ഒരേ കാര്യമാണ്. അതിങ്ങനെയാണ്: ഈ സംഘടന പുരുഷവര്‍ഗ്ഗത്തിനോ സമൂഹത്തിലെ ഏതെങ്കിലും വ്യക്തികള്‍ക്കോ എതിരല്ല. ഞങ്ങള്‍ കലഹിക്കുന്നത് ആണ്‍കോയ്മ നിലനിര്‍ത്തുന്ന ഘടനകളോടാണ്. സ്ത്രീ സമൂഹത്തെ തുല്യമായി കാണാന്‍ സഹിഷ്ണുതയില്ലാത്ത സംസ്‌കാരത്തോടാണ്. തുല്യതയ്ക്ക് എതിരു നില്‍ക്കുന്ന ഈ മനോഭാവം മാറിയേ തീരൂ. റിമയും സജിതയും ദീദിയും ഇപ്പോള്‍ പാര്‍വതിയും ഇതു തന്നെയാണ് പറഞ്ഞത്.

യഥാര്‍ത്ഥ വിദ്യാഭ്യാസം വിഭാവനം ചെയ്യേണ്ടത് യഥാര്‍ത്ഥ സ്വാതന്ത്ര്യമാണ്: വര്‍ണം, വര്‍ഗം, ദേശം, ഭാഷ, ജാതി, മതം, ലിംഗം എന്നിങ്ങനെ എണ്ണിയാലൊടുക്കാത്ത വേര്‍തിരിവുകള്‍ മറികടന്നു അന്യോന്യം തുല്യതയില്‍ സഹവര്‍ത്തിക്കാനുള്ള കഴിവാണ് നമ്മുടെ സാംസ്‌കാരിക വികാസത്തെ അടയാളപ്പെടുത്തേണ്ടത്.

രാജ്യത്ത് വിദ്യാഭ്യാസത്തില്‍, ആരോഗ്യപരിപാലനത്തില്‍, ആണ്‍ പെണ്‍ അനുപാതത്തില്‍ ഒക്കെ അന്യാദൃശമായ പുരോഗതി അവകാശപ്പെടുന്ന കേരളം തുല്യതയുടെയും സാമൂഹ്യനീതിയുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിക്കുന്നുണ്ടോ?

വിമന്‍ ഇന്‍ സിനിമ കളക്ടീവ് നിലവില്‍ വരുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ആരംഭിച്ച സംഭാഷണങ്ങളാണ് തുല്യതയും സാമൂഹ്യനീതിയുo.
തുല്യമായ സാമൂഹ്യ- സാംസ്‌കാരിക- രാഷ്ട്രീയ ഇടത്തിനും തുല്യമായ അവസരങ്ങള്‍ക്കും വേണ്ടിയാണ് WCC നിലകൊള്ളുന്നത്. ആഗോളതലത്തില്‍ വളരെയേറെ മുന്നോട്ടു പോയിട്ടുള്ള ഈ ചിന്തകളെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കേരള സമൂഹം എങ്ങനെ സമീപിക്കുന്നു എന്ന് വളര്‍ന്നു വരുന്ന തലമുറ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. അവര്‍ നമ്മെ വിലയിരുത്തുകയും അളന്നു തൂക്കുകയും ചെയ്യുന്നുണ്ടെന്ന് നാമറിയണം . താമസിയാതെ, നമ്മുടെ മണ്ടത്തരങ്ങള്‍ക്കും അജ്ഞതക്കും അവിവേകത്തിനും ഇനി വരുന്ന തലമുറയോട് എണ്ണിയെണ്ണി മറുപടി പറയേണ്ടി വരുമെന്നതില്‍ ഒരു സംശയവുമില്ല. ഭൂമി എക്കാലത്തേക്കും ക്രൂരതയും ഹിംസയും സഹിക്കുകയുമില്ല.

ഞങ്ങള്‍ ഇത് ഇപ്പോഴെങ്കിലും പറയാതെയിരുന്നാല്‍ വരും തലമുറയുടെ മുഖത്ത് ഇനി നോക്കാനാവില്ല എന്നുറപ്പ്. നാം അവരുടെ ഭൂമിയും ആകാശവും കൈയേറുക മാത്രമല്ല അജ്ഞത ആഭരണമാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. അവര്‍ നമ്മെ അജ്ഞരെന്നും ഭീരുക്കളെന്നും വിളിക്കാന്‍ തുടങ്ങിക്കഴിഞ്ഞു.

ഭയം മരണമാണ്. ഭീരുക്കളായി ജീവിക്കാന്‍ ഞങ്ങള്‍ തയാറല്ല. അതു കൊണ്ട് ഈ സംഭാഷണങ്ങളും പ്രവര്‍ത്തനങ്ങളും WCC തുടരുക തന്നെ ചെയ്യും. 2017 നവംബര്‍ ഒന്നിന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഔദ്യോഗികമായി നിലവില്‍ വന്നു. WCCക്ക് ഇനി സമാനഹൃദയരായ സ്ത്രീ സിനിമാ പ്രവര്‍ത്തകരെ അംഗങ്ങളാക്കാം.

തുല്യത, സാമൂഹ്യനീതി എന്നീ ആശയങ്ങളില്‍ ദൃഢമായി വിശ്വസിക്കുന്ന, സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകളെയും WCC യിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്
wcc.cinema@gmail.com എന്ന വിലാസത്തിലേക്കെഴുതുക”.

https://www.facebook.com/WomeninCinemaCollectiveOfficial/posts/1530058817102290