ആളില്ലാത്തത് കൊണ്ടാണ്; എന്തുകൊണ്ട് ചില വിഷയങ്ങളില്‍ പ്രതികരിക്കുന്നില്ല എന്ന ചോദ്യത്തിന് ഡബ്‌ള്യു.സി.സി

വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടന പല വിഷയങ്ങളിലും പ്രതികരിക്കാത്തത് അംഗബലം കുറവായത് കൊണ്ടെന്ന് അംഗം ആശ ആച്ചി ജോസഫ്. എന്തു കൊണ്ട് ചില വിഷയങ്ങളില്‍ പ്രതികരിക്കുന്നില്ലെന്ന് പലരും ചോദിക്കുന്നുണ്ട്. പ്രതികരിക്കാന്‍ മാത്രം സംഘടനയില്‍ ആളുകളില്ല. ആകെ 50 ഓളം വരുന്ന അംഗങ്ങളില്‍ ഒരു സമയത്ത് എത്തിച്ചേരാന്‍ പറ്റുന്നത് നാല് പേര്‍ മാത്രമാണെന്നും ആശ ആച്ചി ജോസഫ് വ്യക്തമാക്കി.’

സിനിമയിലെ വലിയ ഉച്ചനീചത്വങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കാതെ ഒരു സ്ത്രീയുടെ ശരീരത്തെ അധിക്ഷേപിക്കുന്നതില്‍ മാത്രം പ്രതികരിക്കാനേ ഡബ്ല്യുസിസിക്ക് കഴിയുന്നുള്ളൂ എന്ന് സമ്മതിക്കുന്നു. കാരണം ഞങ്ങള്‍ ആകെ ഉള്ളത് ഏകദേശം 50 പേരാണ്. ഈ 50 പേരില്‍ തന്നെ ഒരു സമയത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് അഞ്ച് പേര്‍ക്കോ നാലു പേര്‍ക്കോ ആണ്. ഈ നാല് പേരാണ് നിങ്ങളീ പറയുന്ന കൂട്ടര്‍.

ഡബ്ല്യസിസി ചില കാര്യങ്ങളില്‍ പ്രതികരിക്കുന്നില്ലേ എന്ന് ചിലര്‍ ചോദിക്കുമ്പോള്‍ നമുക്ക് ശരിക്കും പറഞ്ഞാല്‍ ആളില്ലാത്തത് കൊണ്ടാണ്. ഈ ആളുകള്‍, പിന്തുണ എന്ന് പറയുന്നത് നിങ്ങളാണ്. അതിജീവിതയ്ക്ക് കൊടുക്കുന്ന അതേ പിന്തുണയില്‍ അതിജീവിതയ്ക്കേണ്ടി വന്ന ഈ സ്ത്രീകളുടെ കൂട്ടത്തിനെയും നിങ്ങള്‍ കൂട്ടണം,’ ആശ ആച്ചി ജോസഫ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് പിന്തുണയറിയിച്ച് കൊണ്ട് വഞ്ചി സ്‌ക്വയറില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു സംഘടനാ പ്രതിനിധി ആശ ആച്ചി ജോസഫ്.