വീണ്ടും വിഷ്ണുവും ബിബിനും; 'വെടിക്കെട്ട്' മോഷന്‍ പോസ്റ്റര്‍

ആദ്യമായി സംവിധായകന്‍മാരാകാന്‍ ഒരുങ്ങി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും. ‘വെടിക്കെട്ട്’ എന്ന് പേരിട്ട ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നില്‍കുന്ന ചിത്രം അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും. കോമഡിക്കും കുടുംബപ്രേക്ഷകരുടെ ഇഷ്ടങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വാര്‍ത്ത പ്രചരണം: പി ശിവപ്രസാദ്.

2015ല്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകന്മാരാക്കി നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണിയിലൂടെയാണ് ബിബിന്‍ ജോര്‍ജുമായി ചേര്‍ന്ന് വിഷ്ണു ആദ്യമായി തിരക്കഥ ഒരുക്കുന്നത്. തുടര്‍ന്ന് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്കും ഇരുവരും തിരക്കഥയൊരുക്കി.

വിഷ്ണു മോഹന്‍ലാലിനെ നായകനാക്കി സിനിമ ഒരുക്കാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് താരം രംഗത്തെത്തിയിരുന്നു. താരം മോഹന്‍ലാലിനൊപ്പം ബിഗ് ബ്രദര്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആയിരുന്നു ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ എത്തിയത്.