'കളക്ടറായി കോഴിക്കോട് എത്തുമ്പോള്‍ കാണാം എന്ന് ചിരിച്ചു കൊണ്ട് യാത്രയാക്കിയ നിമിഷം ഓര്‍ത്തുപോവുന്നു'

കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ ശ്രീധന്യ സുരേഷിനെ പ്രശംസിച്ച് നടന്‍ വിനോദ് കോവൂര്‍. ശ്രീധന്യ ഐഎഎസ് പരീക്ഷ വിജയിച്ചപ്പോള്‍ വയനാട് വീട്ടിലെത്തി കണ്ടതിനെ കുറിച്ചാണ് വിനോദ് കോവൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഇനി കളക്ടറായി കോഴിക്കോടെത്തുമ്പോള്‍ കാണാം എന്ന് പറഞ്ഞ് തന്നെ യാത്രയാക്കിയ നിമിഷം ഓര്‍ത്തു പോവുന്നു എന്നാണ് നടന്‍ കുറിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

ഒരു പാട് സന്തോഷം തോന്നിയ നിമിഷം
ഐഎഎസ് പരീക്ഷ പാസായ സമയത്ത് ശ്രീധന്യക്ക് കുഞ്ഞു സമ്മാനവും ഒത്തിരി സ്‌നേഹവുമായ് വയനാട് ചുരം കയറി ശ്രീധന്യയുടെ വീട്ടില്‍ ചെന്ന ദിനം. കുടുംബാംഗങ്ങളോടൊപ്പം മധുരം കഴിച്ച് വിശേഷങ്ങള്‍ പങ്കിട്ട് യാത്ര തിരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു ഇനി കലക്ടറായ് കോഴിക്കോടെത്തുമ്പോള്‍ കാണാം എന്ന് ചിരിച്ച് കൊണ്ട് എന്നെ യാത്രയാക്കിയ നിമിഷം ഓര്‍ത്തു പോവുന്നു.
ഇന്ന് കാലത്ത് കോഴിക്കോട് അസ്സി. കലക്ടറായി ചാര്‍ജെടുക്കുന്നു എന്നറിഞ്ഞപ്പോള്‍ വലിയ ആഹ്‌ളാദം തോന്നി.
പൊരുതി നേടിയ വിജയമാണിത് നേട്ടമാണിത്
ശ്രീ ധന്യ , അഭിമാനിക്കുന്നു, ഒപ്പം മനസിന്റെ അക തട്ടില്‍ നിന്ന് ആത്മാര്‍ത്ഥമായ് ആശംസിക്കുന്നു.
ഒരു ബിഗ് സല്യൂട്ടും
അസി: കലക്ടറില്‍ നിന്നും കലക്ടറിലേക്കുള്ള ദൂരം വളരെ അടുത്താണ്
ആ ദിവസവും വരും
കാത്തിരിക്കുന്നു
പ്രാര്‍ത്ഥനയോടെ