'ഈ സാഹചര്യത്തില്‍ ധൂം 4 സൈക്കിളില്‍'; ട്രോളുമായി വിനീത് ശ്രീനിവാസന്‍, പ്രതിഷേധിച്ചാല്‍ രാജ്യദ്രോഹിയാക്കുമെന്ന് കമന്റ്

ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതിഷേധവുമായി വിനീത് ശ്രീനിവാസന്‍. ധൂം 4 സിനിമ ഒരുക്കുന്നതിനെ കുറിച്ചുള്ള ഒരു ട്രോള്‍ പങ്കുവച്ചാണ് വിനീതിന്റെ പ്രതികരണം. സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രം ധൂമിന്റെ നാലാം ഭാഗത്തില്‍ ബൈക്കിന് പകരം സൈക്കിള്‍ ആവും ഉപയോഗിക്കുക എന്നാണ് ട്രോള്‍.

“”ധൂം 4, പക്ഷെ ഇപ്പോഴത്തെ പെട്രോള്‍ വിലയുടെ സാഹചര്യത്തില്‍”” എന്ന ക്യാപ്ഷനോടെയുള്ള ട്രോളില്‍ അഭിഷേക് ബച്ചനും ഹൃത്വിക് റോഷനും സൈക്കിളില്‍ ഇരിക്കുന്നതാണ് കാണാനാവുക. കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിച്ചാല്‍ രാജ്യദ്രോഹിയാക്കും സൂക്ഷിച്ചോളൂ എന്നാണ് ചിലരുടെ കമന്റ്.

വിനീതിനെതിരെ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് ഉണ്ടാകും എന്നും ചിലര്‍ കമന്റ് ചെയ്യുന്നു. നേരത്തെ നടന്‍ ബിനീഷ് ബാസ്റ്റിനും ഇന്ധന വില വര്‍ദ്ധനവിന് എതിരെ രംഗത്തെത്തിയിരുന്നു. സൈക്കിളില്‍ യാത്ര ചെയ്യുന്ന ചിത്രം പങ്കുവച്ച് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ ഒരു സൈക്കിള്‍ വാങ്ങിയിട്ടുണ്ട് എന്നായിരുന്നു ബിനീഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

അതേസമയം, രാജ്യത്ത് ഇന്ധന വില കഴിഞ്ഞ ദിവസവും വര്‍ദ്ധിച്ചിരുന്നു. ഈ മാസം 9 തവണയാണ് ഇന്ധന വില കൂട്ടിയത്. 9 തവണയായി പെട്രോളിന് 2 രൂപ 46 പൈസയും ഡീസലിന് 2 രൂപ 50 പൈസയുമാണ് ഉയര്‍ന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില 100 കടന്നു.