'നിത്യജീവിതത്തില്‍ എപ്പോഴും ബിഗ് സ്‌ക്രീനില്‍ ആണെന്ന് കരുതി ജീവിക്കുന്ന ഒരു ജീവി'; പതിവു സ്റ്റൈലില്‍ വിനായകന്റെ പോസ്റ്റ്, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഒല്ലൂര്‍ പൊലീസ് എസ്‌ഐയെ നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപിക്ക് എതിരെ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയരുകയാണ്. ഇതിനിടെ സംഭവത്തോട് പതിവു സ്റ്റൈലില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ വിനായകന്‍. സുരേഷ് ഗോപിയുടെ ഗൂഗിള്‍ സെര്‍ച്ചിന്റെ സ്‌ക്രീന്‍ ഷോട്ടാണ് താരം പങ്കുവെച്ചിരിക്കുന്നത്.

സംസ്ഥാനത്ത് എന്ത് വിഷയം നടന്നാലും വിനായകന്റെ വ്യത്യസ്തമായുള്ള പ്രതികരണം പതിവാണ്. സുരേഷ് ഗോപിയെ ട്രോളി കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് കമന്റുകളായി എത്തുന്നത്. ‘ആദ്യമായി വിനായകന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ അര്‍ത്ഥം മനസിലായി’, ‘ഇതിന് ക്യാപ്ക്ഷന്‍ ആവശ്യമില്ല’, ‘സല്യൂട്ട് ഗോപി’ എന്നാണ് ചില കമന്റുകള്‍.

‘നിത്യജീവിതത്തില്‍ എപ്പോഴും ബിഗ് സ്‌ക്രീനില്‍ ആണെന്ന് കരുതി ജീവിക്കുന്ന ഒരു ജീവി’, ‘ഈ തൃശൂരീന്ന് ഒരു സല്യൂട്ട് എനിക്ക് വേണം… ഈ തൃശൂരീന്ന് ഒരു സല്യൂട്ട് എനിക്ക് തരണം, ഒരല്‍പ്പന്റെ രോദനം’ എന്നിങ്ങനെ പരിഹസിച്ചു കൊണ്ടുള്ള കമന്റുകളും വരുന്നുണ്ട്. അതേസമയം, സംഭവത്തില്‍ പൊലീസ് അസോസിയേഷന് പരാതിയുണ്ടെങ്കില്‍ പാര്‍ലമെന്റില്‍ വന്ന് രാജ്യസഭ ചെയര്‍മാന് പരാതി നല്‍കാമെന്നും അപ്പോള്‍ കാണാമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

താന്‍ വളരെ സൗമ്യനായിട്ടാണ് എസ്‌ഐയോട് സംസാരിച്ചതെന്നും എംപിക്ക് സല്യൂട്ട് ചെയ്യണമെന്നാണ് പ്രോട്ടോക്കോള്‍. രാഷ്ട്രീയം നോക്കി സല്യൂട്ട് ചെയ്യരുതെന്നും സല്യൂട്ട് ചെയ്യുക എന്ന സമ്പ്രദായത്തോട് തന്നെ തനിക്ക് താത്പര്യം ഇല്ല. എംപിയെയും എംഎല്‍എമാരെയും ഒന്നും പൊലീസ് ഔദ്യോഗികമായി സല്യൂട്ട് ചെയ്യേണ്ടതില്ല എന്ന് ആരാണ് പറഞ്ഞതെന്നും സുരേഷ് ഗോപി ചോദിച്ചു.