എന്തുകൊണ്ടാണ് നമ്മള്‍ വിക്രത്തെ സ്‌നേഹിക്കുന്നത്? ഉത്തരവുമായി 'കോബ്ര' ടീം, വീഡിയോ

തമിഴകത്തെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് ചിയാന്‍ വിക്രം. 53ാം ജന്‍മദിനം ആഘോഷിക്കുന്ന താരത്തിന് ആശംകള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍ അടക്കമുള്ള ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. എങ്കിലും വിക്രമിനെ ഇത്രയധികം സ്‌നേഹിക്കാന്‍ കാരണമെന്താണ്? എന്ന് പറഞ്ഞാണ് താരത്തിന്റെ പുതിയ സിനിമയായ “കോബ്ര”യിലെ താരങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്.

കോബ്രയുടെ സംവിധായകന്‍ അജയ് ജ്ഞാനമുത്തു ആണ് എന്തുകൊണ്ടാണ് വിക്രത്തെ സ്‌നേഹിക്കുന്നത് എന്ന ക്യാപ്ഷനോടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സംവിധായകനൊപ്പം ഇര്‍ഫാന്‍ പത്താന്‍, നായിക ശ്രീനിധി ഷെട്ടി, കെ.എസ് രവികുമാര്‍, റോഷന്‍, റോബോ ശങ്കര്‍, മൃണാളിനി എന്നിവരടങ്ങുന്ന സംഘമാണ് വീഡിയോയില്‍ സംസാരിക്കുന്നത്.

എട്ട് വ്യത്യസ്ത കഥാപാത്രങ്ങളായാണ് വിക്രം കോബ്രയില്‍ വേഷമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എ.ആര്‍ റഹ്മാന്‍ സംഗീതമൊരുക്കുന്ന ചിത്രം ലളിത് കുമാറിന്റെ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും വിയാകോം 18 പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.