ആരാധകരുടെ ആവശ്യപ്രകാരം സ്റ്റേജില്‍ നിലത്തിരുന്ന് വിജയ് സേതുപതി

തമിഴ് സിനിമാലോകത്ത് വിനയത്തിന് പേരു കേട്ട നടനാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ അംഗവൈകല്യമുള്ള ആരാധകനൊപ്പം സെല്‍ഫി എടുക്കാനായി നിലത്തിരുന്ന വിജയ് സേതുപതിയുടെ ചിത്രങ്ങളും വാര്‍ത്തയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

യഥാര്‍ത്ഥ കലാഹൃദയമുള്ള ഒരാള്‍ക്കു മാത്രമേ ഇങ്ങനെ സാധാരണക്കാരായ ആരാധകരോട് ഇടപെടാന്‍ സാധിക്കൂ എന്ന തരത്തിലുള്ള കമന്റുകളാണ് ഈ സംഭവത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. അതിനു പിന്നാലെ ഇപ്പോഴിതാ വിജയ് സേതുപതിയുടെ തന്നെ മറ്റൊരു വീഡിയോ പുറത്തു വന്നിരിക്കുന്നു. തന്റെ പുതിയ ചിത്രമായ ഒരു നല്ല നാള്‍ പാര്‍ത്തു സൊല്‍റേനിന്റെ പ്രമോഷന്‍ പരിപാടിയ്‌ക്കെത്തിയ താരം ആരാധകര്‍ ആവശ്യപ്പെട്ടതനുസരിച്ച് സ്റ്റേജില്‍ നിലത്തിരിക്കുന്നതാണ് വീഡിയോ.

വിജയ് സേതുപതിയോട് നിലത്തിരുന്ന് സംസാരിയ്ക്കാന്‍ ആരാധകര്‍ ആവശ്യപ്പെടുന്നതായി അവതാരിക പറഞ്ഞു. ഇതു കേട്ടയുടന്‍ തന്നെ രണ്ടാമതൊന്ന് ആലോചിക്കാന്‍ നില്‍ക്കാതെ താരം നിലത്തിരിക്കുകയായിരുന്നു. ചിത്രത്തിലെ മറ്റു നടന്‍മാരും വിജയ് ആവശ്യപ്പെട്ട പ്രകാരം നിലത്തിരുന്നു. തങ്ങളുടെ ആവശ്യപ്രകാരം നിലത്തിരുന്ന താരത്തെ വന്‍ കരഘോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.