ജവാനില്‍ വിജയ് സേതുപതി വില്ലന്‍; പുഷ്പ ടുവില്‍ അഭിനയിക്കില്ല

ഷാരൂഖാന്‍ അറ്റ്‌ലി ചിത്രം ‘ജവാനി’ലും അല്ലു അര്‍ജുന്റെ ‘പുഷ്പ 2’വിലും വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോളിതാ, വിജയ് സേതുപതിയുടെ പുതിയ സിനിമകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

നിലവില്‍ വിജയ് സേതുപതി ഷാരൂഖ് ഖാന്റെ ‘ജവാനി’ല്‍ മാത്രമാണ് അഭിനയിക്കുന്നതെന്നാണ് പബ്ലിസിസ്റ്റ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘പുഷ്പ 2’വില്‍ നടന്‍ ഉണ്ടാകില്ലെന്നും പബ്ലിസിസ്റ്റ് അറിയിച്ചു. ‘ജവാനി’ല്‍ നടന്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയായിരിക്കും അവതരിപ്പിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നയന്‍താരയാണ് ‘ജവാനി’ല്‍ ഷാരൂഖ് ഖാന്റെ നായികയായെത്തുന്നത്. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. സിനിമയില്‍ ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥയായാണ് നയന്‍താര എത്തുന്നത്.

പ്രിയാമണിയും പ്രധാന വേഷം ചെയ്യുന്നുണ്ട്. ‘ജവാന്റെ’ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.