സിനിമയില്‍ മാത്രമല്ല ജീവിതത്തിലും രക്ഷകനായി വിജയ്; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഇളയ ദളപതിയ്ക്കും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കും വന്‍സ്വീകരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിക്കുന്നത്. തന്നോട് കാണിക്കുന്ന സ്‌നേഹം ആരാധകരോട് തിരിച്ചും പ്രകടിപ്പിക്കാറുണ്ട് വിജയ്. എത്ര തിരക്കിനിടയിലും ആരാധകര്‍ക്ക് മുഖം കൊടുക്കാനും അവരോടൊത്ത് സമയം ചിലവഴിക്കാനും ശ്രമിക്കുന്ന നടനാണ് അദ്ദേഹം. ഇപ്പോളിതാ സിനിമയില്‍ രക്ഷകനായി കണ്ട താരത്തെ ജീവിതത്തിലും രക്ഷനായി കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.ചെന്നൈയില്‍ അറ്റ്ലീ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ ഉണ്ടായ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഷൂട്ടിനിടെ ഇടവേള കിട്ടിയപ്പോള്‍ തന്നെ കാണാന്‍ എത്തിയ ആരാധകരെ കാണാന്‍ വിജയ് അവരുടെ അടുക്കലേക്ക് എത്തി. എന്നാല്‍ താരം വരുന്നത് കണ്ടു ആവേശം പൂണ്ട ആരാധകര്‍ സംരക്ഷണ വേലിയില്‍ പിടിച്ചു തൂങ്ങാനും, തള്ളാനും ശ്രമിച്ചു. ഇതിന്റെ ഫലമായി സംരക്ഷണ വേലി മറിയാന്‍ തുടങ്ങി. എന്നാല്‍ ഉടന്‍ തന്നെ അപകട സാധ്യത മുന്നില്‍ കണ്ട് വിജയ്‌യും സെക്യൂരിറ്റി ഗാര്‍ഡുകളും സംരക്ഷണ വേലി താഴേക്ക് വീഴാതെ താങ്ങി നിര്‍ത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

തെരി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഇളയ ദളപതി വിജയും സംവിധായകന്‍ ആറ്റ്ലിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദളപതി 63. നയന്‍താരയാണ് ചിത്രത്തിലെ നായിക. എജിഎസ് സിനിമയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. കതിര്‍, യോഗി ബാബു, ആനന്ദ് രാജ് എന്നിവരും ചിത്രത്തിലുണ്ട്. എ.ആര്‍.റഹമാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ദീപാവലി റിലീസായി ചിത്രം തിയേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.